ഇടപെടുന്നത് വിഷ പാമ്പുകളുമായി; രണ്ട് തവണ മൂര്‍ഖന്റെ കടിയേറ്റ് അബോധാവസ്ഥയില്‍; പാമ്പിന്‍ വിഷത്തെ നേരിടാന്‍ സ്വശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സജ്ജമാക്കി; 18 വര്‍ഷത്തിനിടെ കുത്തിവെച്ചത് വിവിധ സ്പീഷീസില്‍പ്പെട്ട പാമ്പുകളുടെ വിഷം; ഏത് പാമ്പ് കടിച്ചാലും ചെറുക്കാന്‍ ശരീരത്തില്‍ ആന്റി വെനം; അമേരിക്കയിലെ ടിം ഫ്രീഡ് 'ദ വെനം മാന്റെ' കഥ
ന്യൂയോര്‍ക്ക്: ഏത് വിഷമുള്ള വലിയ പാമ്പിന്റെ കടിയില്‍ നിന്നും ഏല്‍ക്കുന്ന വിഷത്തെ പ്രതിരോധിക്കാനാകുന്ന അപൂര്‍വസാദ്ധ്യതയുള്ള ആന്റിവെനം കണ്ടെത്തിയതായി ശാസ്ത്രലോകം പ്രഖ്യാപിച്ചു. അമേരിക്കന്‍ പൗരനായ ടിം ഫ്രീഡിന്റെ രക്തത്തില്‍ കണ്ടെടുത്ത ഈ പ്രതിവിഷം, 18 വര്‍ഷങ്ങളായി നടത്തിയ സ്വപരിശീലന പരീക്ഷണങ്ങളുടെ ഫലമാണ്.
വിഷപ്പാമ്പുകളുമായി ഇടപെടുന്ന ഫ്രീഡ്, സ്വന്തം രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനായി ചെറിയ കാലയളവില്‍ വിവിധ സ്പീഷീസിലുള്ള പാമ്പുകളുടെ വിഷം ചെറിയ അളവില്‍ ശരീരത്തിലേക്ക് കുത്തിവെക്കുകയായിരുന്നു. ഇതുവഴി, രക്തത്തില്‍ വിഭവിച്ച ആന്റിബോഡികള്‍ അതിവിഷമുള്ള പാമ്പുകള്‍ പോലും പ്രതിരോധിക്കാനുള്ള ശേഷി നേടിയതായി ഗവേഷകര്‍ കണ്ടെത്തി. ആന്റിജനുകളെ (രോഗകാരികളോ അന്യപദാര്‍ഥങ്ങളോ ആവാം) ചെറുക്കാനായി ശരീരത്തിലെ രോഗപ്രതിരോധസംവിധാനം ഉത്പാദിപ്പിക്കുന്ന പ്രോട്ടീനാണ് ആന്റിബോഡി. നിലവിലുള്ള പ്രതിവിഷങ്ങള്‍ ചില പ്രത്യേക സ്പീഷീസില്‍പ്പെട്ട പാമ്പുകളുടെ വിഷത്തിനെതിരേമാത്രമേ ഫലിക്കൂ.
മൂര്‍ഖന്‍, ശംഖുവരയന്‍ ഉള്‍പ്പെടെ എലാപ്പിഡേ കുടുംബത്തില്‍പ്പെട്ട 19 പാമ്പുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന രണ്ട് ആന്റിബോഡികള്‍ ഫ്രീഡിന്റെ രക്തത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ആന്റിബോഡികള്‍ ഉപയോഗിച്ച് എലിയില്‍ നടത്തിയ പരീക്ഷണത്തില്‍, 13 തരത്തിലുള്ള പാമ്പ് വിഷങ്ങളെ വിജയകരമായി ചെറുത്തതായും പഠനത്തില്‍ പറയുന്നു.
സെന്റിവാക്‌സ് ബയോടെക് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഡോ. ജേക്കബ് ഗ്ലാന്‍വിയുടെ നേതൃത്വത്തിലാണ് ഗവേഷണം. ജീവശാസ്ത്രത്തിലെ പ്രഗത്ഭ ജേണലായ സെല്‍ പ്രസിദ്ധീകരിച്ച ഈ പഠനം, ലോകത്ത് എല്ലാ പാമ്പ് കടിയിലും ഫലപ്രദമായി ഉപയോഗിക്കാവുന്ന സാര്‍വത്രിക പ്രതിവിഷം വികസിപ്പിക്കാന്‍ വഴിയൊരുക്കുന്നു. പ്രത്യേക സ്പീഷീസുകളെതിരേ മാത്രമേ നിലവിലുള്ള പ്രതിവിഷങ്ങള്‍ ഫലപ്രദമാകുന്നുള്ളൂ. ഉദാഹരണത്തിന്, മൂര്‍ഖന്റെ വിഷത്തിനുള്ള ആന്റിവെനം അണലി കടിച്ചാല്‍ ഉപയോഗിക്കാനാകില്ല. ഈ പരിമിതികളാണ് പുതിയ കണ്ടെത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
ലോകത്ത് ഏകദേശം 1.4 ലക്ഷംപേര്‍ കൊല്ലം പാമ്പുകടിയേറ്റ് മരണപ്പെടുന്ന പശ്ചാത്തലത്തില്‍, ഈ പഠനം പൊതുജനാരോഗ്യത്തിന് വലിയ ആശ്വാസമായി വിലയിരുത്തപ്പെടുന്നു.