ഓട്ടിസം ബാധിച്ച വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല; സഹായിയെ നിയോഗിച്ചതില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപണം; സമാന അന്വേഷണം നേരിടുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് അനുമതി നല്‍കാന്‍ നീക്കം; ഇരട്ടത്താപ്പ് ചര്‍ച്ചകളില്‍

Update: 2025-10-25 05:34 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലക്കു കീഴില്‍ കൊല്ലം കൊട്ടിയം എം.എം.എന്‍.എസ്.എസ് കോളേജില്‍ പഠിക്കുന്ന ഓട്ടിസം ബാധിച്ച വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച് അധികൃതര്‍. ഓട്ടിസം ബാധിതരായവര്‍ക്ക് പരീക്ഷ എഴുതാന്‍ സഹായിയെ നിയോഗിക്കാമെന്നിരിക്കെ അതില്‍ കൃത്രിമത്വം കാണിച്ചെന്ന ആരോപണവുമായാണ് അധികൃതര്‍ രംഗത്തുള്ളത്്. ഇതേ ആരോപണം നേരിടുന്ന യൂണിവേഴ്‌സിറ്റി കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് രാഷ്ട്രീയ താല്‍പര്യം കാരണം അനുമതി നല്‍കുകയും കൊട്ടിയം കോളേജിലെ വിദ്യാര്‍ത്ഥിക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്ന സര്‍വകലാശാല അധികൃതരുടെ നടപടി ചോദ്യം ചെയ്ത് കുടുംബം.

കൊട്ടിയം സ്വദേശിയായ വിദ്യാര്‍ത്ഥിനി പ്ലസ്ടു വരെ സഹായിയോടൊപ്പമാണ് പരീക്ഷകള്‍ എഴുതിയിരുന്നത്. അതേരീതിയില്‍ തന്നെയാണ് ബി.എ പരീക്ഷകളും എഴുതിവന്നത്. ബി.എ ഇക്കണോമിക്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചെന്ന കാരണം പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ മാറ്റിനിര്‍ത്തിയത്. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട ഹിയറിങിനായി സര്‍വകലാശാലയില്‍ എത്താന്‍ അറിയിച്ചു. അച്ഛനും അമ്മയും മരിച്ചതിനെത്തുടര്‍ന്ന്് സഹോദരിയോടൊപ്പം ബന്ധുവീട്ടില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് ഹിയറിങിന് എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ സഹോദരന്‍ പരീക്ഷകളുടെ ചുമതലയുള്ള സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി പരീക്ഷ വീണ്ടും എഴുതാനുള്ള അപേക്ഷയും ഡിസ്എബിലിറ്റി സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

എന്നാല്‍, പരീക്ഷ വീണ്ടും എഴുതാന്‍ അനുവാദം നല്‍കാതെ ഒരുതവണ കൂടി ഹിയറിങിന് ഹാജരാകാനാണ് സര്‍വകലാശാല നിര്‍ദ്ദേശം നല്‍കിയത്. വിദ്യാര്‍ത്ഥിക്ക്് പൂര്‍ത്തിയാക്കാനാകാതെ പോയ പരീക്ഷ വീണ്ടും എഴുതാന്‍ കഴിയില്ലെന്ന സൂചനയാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്നത്. ഇതേരീതിയില്‍ സര്‍വകലാശാല നടപടിക്ക് വിധേയയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിക്ക് പരീക്ഷ വീണ്ടും എഴുതാന്‍ അവസരം കൊടുക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ഈ വിഷയം ചൂണ്ടിക്കാട്ടി തുല്യനീതി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ വിദ്യാര്‍ത്ഥിയുടെ കുടുംബം സര്‍വകലാശാലയെ സമീപിച്ചിട്ടുണ്ട്.

Tags:    

Similar News