കണ്ടാലും കണ്ടാലും മതി വരില്ല; നമുക്ക് മുന്തിരി തോട്ടങ്ങളില്‍ പോയി രാപ്പാര്‍ക്കാം! പാരീസിനെ അതിശയിക്കുന്ന പ്രകൃതി സൗന്ദര്യവും, ചക്രവാളത്തില്‍ തൊടുന്ന ടേബിള്‍ മൗണ്ടനും വിസ്മയ ബീച്ചുകളും; ആഫ്രിക്ക ഇരുണ്ട ലോകമെന്ന് ആരുപറഞ്ഞു? കേപ്ടൗണ്‍ ഭൂമിയിലെ ഏറ്റവും അടിപൊളിസ്ഥലം

കേപ്ടൗണ്‍ ഭൂമിയിലെ ഏറ്റവും അടിപൊളിസ്ഥലം

Update: 2025-05-05 09:59 GMT

കേപ് ടൗണ്‍: ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്ഡം എന്ന് വിളിച്ചിരുന്ന കാലഘട്ടമൊക്കെ കടന്നു പോയിരിക്കുന്നു. ഭൂമിയില്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സ്ഥലമായി തെരഞ്ഞെടുത്തിരിക്കുന്നത് ആഫ്രിക്കയിലെ ഒരു നഗരമാണ്. തുടര്‍ച്ചയായി എട്ടാം തവണയാണ് ഈ ബഹുമതി ഇതേ നഗരത്തിന് ലഭിക്കുന്നത്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിനാണ് ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഒരിക്കലെങ്കിലും ഇവിടം കണ്ടിട്ടുള്ളവര്‍ക്ക് എന്തു കൊണ്ടാണ് ഈ അംഗീകാരം ലഭിച്ചതെന്ന കാര്യത്തില്‍ സംശയം തോന്നില്ല. ടെലിഗ്രാഫ് വായനക്കാരുടെ വാര്‍ഷിക ട്രാവല്‍ അവാര്‍ഡ്സ് 2023 ആണ് കേപ് ടൗണിനെ ലോകത്തിലെ ഒന്നാം നമ്പര്‍ നഗരമായി തെരഞ്ഞെടുത്തത്.




അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം, ലോകോത്തര നിലവാരം പുലര്‍ത്തുന്ന മുന്തിരിത്തോട്ടങ്ങള്‍, ഏത് കാര്യത്തിനും കുറഞ്ഞ ചെലവ് എന്നിവ പാരീസ് നഗരത്തിന്റെ പ്രത്യേകത ആയിട്ടു പോലും ബ്രിട്ടീഷുകാരായ വിനോദ സഞ്ചാരികള്‍ കേപ്ടൗണിന് പിന്നാലെയാണ് കൂടിയിരിക്കുന്നത്. ചക്രവാളത്തില്‍ ചെന്ന് തൊട്ടു നില്‍ക്കുന്ന ടേബിള്‍ മൗണ്ടനും ക്യാമ്പ്സ്ബേയിലെ വിസ്മയിപ്പിക്കുന്ന ബീച്ചുകളും എല്ലാം തന്നെ ഈ നഗരത്തിന് മാറ്റ് കൂട്ടുന്നു.



കൂടാതെ തണുത്ത കാലാവസ്ഥയും ടൂറിസ്റ്റുകളെ ഇവിടേക്ക് മാടി വിളിക്കുന്നു. കേപ്ടൗണ്‍ നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ താഴ്വരകളില്‍ എല്ലാം തന്നെ നിരവധി വൈനറികള്‍ സജ്ജമാണ്. ലോകപ്രശസ്ത വൈനായ ബ്രൂട്ട് ബബ്ലിയും ഇവിടെയാണ് നിര്‍മ്മിക്കുന്നത്. യു.കെയില്‍ ഇവിടെ നിന്ന് 12 മണിക്കൂര്‍ വിമാനത്തില്‍ യാത്ര ചെയ്താല്‍ എത്താം.

കൂടാതെ ഇത് ബ്രിട്ടീഷ് കറന്‍സിയായ പൗണ്ടിന് യൂറോപ്യന്‍ നഗരങ്ങളേക്കാള്‍ ഇവിടെ മൂല്യവും വളരെ കൂടുതലാണ്. ആഡംബര താമസത്തിനായുള്ള വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും മികച്ച ഭക്ഷണശാലകളും സാഹസിക യാത്രകളും എല്ലാം തന്നെ ടൂറിസ്റ്റുകള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഇവിടെ ലഭിക്കും.

ദക്ഷിണാഫ്രിക്കയുടെ സമ്പന്നമായ ഉള്‍പ്രദേശങ്ങളിലേക്കുള്ള ഒരു പ്രവേശന കവാടം കൂടിയാണ് കേപ്ടൗണ്‍. ഗുഡ്ഹോപ്പ് മുനമ്പിലേക്കുള്ള യാത്രകളും ഹെര്‍മിനസില്‍ ചീങ്കണ്ണികളെ നിരീക്ഷിക്കുന്നതും മരുഭൂമിയിലേക്കുള്ള യാത്രയും എല്ലാം തന്നെ നമുക്ക് വേറിട്ടൊരു അനുഭവമാണ് നല്‍കുന്നത്. സഫാരിപാര്‍ക്കുകളും മേഖലയില്‍ നിരവധിയുണ്ട്. ഇംഗ്ലണ്ടിനെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് ഇവിടെയുള്ളത് എന്നതും മറ്റൊരു സവിശേഷതയാണ്. എത്ര തവണ സന്ദര്‍ശിച്ചാലും ഇനിയും വരാന്‍ നിങ്ങളെ മാടിവിളിക്കുന്ന നഗരം ഏതാണെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ അതാണ് കേപ്ടൗണ്‍.

Tags:    

Similar News