ഡിപെന്‍ഡന്റ് വിസ നിരോധിച്ചതുകൊണ്ട് മാത്രം പോയ വര്‍ഷം 1,29,000 കെയറര്‍ വിസ അനുവദിച്ചപ്പോള്‍ ഈ വര്‍ഷം നല്‍കിയത് 26,000 മാത്രം; മിനിമം സാലറി വര്‍ധിപ്പിച്ചതോടെ ഇനിയും കുറയും; കെയര്‍ ഹോമുകളിലും ഒഴിവുകള്‍ കൂടിയതോടെ കുടിയേറ്റക്കാര്‍ക്ക് വീണ്ടും പ്രതീക്ഷ; ബ്രിട്ടണില്‍ സംഭവിക്കുന്നത്

Update: 2025-05-07 02:34 GMT

ലണ്ടന്‍: ഫാമിലി വിസയില്‍ നിയന്ത്രണങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതോടെ തിരിച്ചടി സംഭവിച്ചത് കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനത്തിലാണ്. കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പങ്കാളികളേയും മക്കളേയും യുകെയിലേക്ക് കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്ന് എന്‍എച്ച്എസുകളിലും കെയര്‍ ഹോമുകളിലും രോഗികളെ പരിചരിക്കാന്‍ ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാതായിരിക്കുകയാണ്. ഏകദേശം ഒരുലക്ഷത്തോളം ജോലിക്കാരാണ് നിയന്ത്രണത്തെ തുടര്‍ന്ന് ബ്രിട്ടനിലേക്ക് ബ്ലോക്ക് ചെയ്യപ്പെട്ടത്.

ജീവനക്കാരെ കിട്ടാതായതോടെ പല കെയര്‍ ഹോമുകളും അടച്ചുപൂട്ടല്‍ ഭീഷണിയും നേരിട്ടു തുടങ്ങിയിട്ടുണ്ടെന്നാണ് ദ ഇന്‍ഡിപെന്‍ഡറ്റ് വെളിപ്പെടുത്തുന്നത്. ഫാമിലി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു ശേഷം ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കണക്കില്‍ ഹെല്‍ത്ത് ആന്റ് കെയര്‍ വര്‍ക്ക് വിസക്കാരുടെ അപേക്ഷകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ഏപ്രിലിനും 2024 മാര്‍ച്ചിനുമിടയില്‍ 1,29,000 അപേക്ഷകളാണ് ലഭിച്ചത്. പുതിയ നിയമം നിലവില്‍ വന്ന് 2025 മാര്‍ച്ച് വരെയുള്ള കണക്കില്‍ അതു വെറും 26,000ത്തിലേക്കാണ് കൂപ്പുകുത്തപ്പെട്ടത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇതു വ്യക്തമാക്കുന്നത്.

ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെട്ടതോടെ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ് കെയര്‍ ഹോമുകള്‍. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിലെമ്പാടുമായി ഒരുലക്ഷത്തിലധികം ഒഴിവുകളാണ് രേഖപ്പെട്ടത്. ഇതു തുടര്‍ന്നാണ് കെയര്‍ ഹോമുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയും എന്‍എച്ച്എസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും വിദേശ റിക്രൂട്ട്മെന്റുകാര്‍ വ്യക്തമാക്കുന്നു.

2025 മാര്‍ച്ചില്‍ ലേബര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നിയമ മാറ്റങ്ങള്‍ രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷം 25,000 പൗണ്ടിലധികം വരുമാനമുള്ള വിദേശ ജോലിക്കാര്‍ക്ക് മാത്രമേ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ എന്നതായിരുന്നു ലേബറിന്റെ പുതിയ നിയമം. രക്ത പരിശോധന അടക്കമുള്ള ക്ലിനിക്കല്‍ ടാസ്‌കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നഴ്സുമാരെ സഹായിക്കുന്ന ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെയാണ് പുതിയ നിയമം ഏറ്റവും അധികം ബാധിച്ചത്. ഈ ജോലിചെയ്യുന്നവരില്‍ 13 ശതമാനം പേരും വിദേശീയരാണ്.

നിയമ മാറ്റം ബ്രിട്ടന് പ്രതിസന്ധിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുന്നതോടെ നിയമത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍. അതുകൊണ്ടു തന്നെ, കെയര്‍ഹോമുകളുടേയും എന്‍എച്ച്എസിന്റെയും പ്രവര്‍ത്തനം അവതാളത്തിലാകാതിരിക്കാന്‍ സര്‍ക്കാര്‍ നിയമത്തില്‍ അയവ് വരുത്താന്‍ തയ്യാറാകുന്ന പക്ഷം ബ്രിട്ടനിലേക്ക് എത്താന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് അത് അവസരമൊരുക്കുകയും ചെയ്യും.

Similar News