ആദ്യ ഘട്ട വോട്ടെടുപ്പില്‍ സമവായമില്ലാതായതോടെ വെളുത്ത പുകക്കായി ഇനിയും വിശ്വാസികള്‍ കാത്തിരിക്കണം; തന്നെ വോട്ടെടുപ്പില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച് ആഫ്രിക്കന്‍ കര്‍ദിനാള്‍ രംഗത്ത് വന്നത് കത്തോലിക്കാ സഭക്ക് ക്ഷീണമായി
വത്തിക്കാന്‍: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ ബുധനാഴ്ച തിരഞ്ഞെടുക്കാനായില്ല. സിസ്റ്റെയ്ന്‍ ചാപ്പലിനുള്ളില്‍ നിന്ന് കറുത്ത പുകയാണ് ഉയര്‍ന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനാവാതെ വന്നതോടെ ഇന്നും വോട്ടെടുപ്പ് തുടരും. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്താല്‍ ചിമ്മിനിയില്‍നിന്ന് വെളുത്ത പുകയാണ് ഉയരുക.
നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ് പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്. ബാലറ്റ് പേപ്പറുകളില്‍ ഓരോ സമ്മതിദായകനും മാര്‍പാപ്പയാവുന്നതിന് തങ്ങള്‍ തിരഞ്ഞെടുത്ത കര്‍ദിനാളിന്റെ പേര് എഴുതും. ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് മുതല്‍ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. പുലര്‍ച്ചെ രണ്ട് മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കൂമായിട്ടാണ് വോട്ടെടുപ്പ് നടക്കുക.
ഫ്രാന്‍സിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തെരഞ്ഞെടുത്തത്. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് തുടക്കംകുറിക്കുന്ന നടപടിക്രമങ്ങളില്‍ മലയാളിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനാണ് പ്രധാന ചുമതല. മൂന്ന് പ്രധാന ചുമതലകള്‍ വഹിക്കുന്ന ഒന്‍പത് കര്‍ദിനാള്‍മാരെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്. വോട്ടുകള്‍ എണ്ണുന്ന മൂന്ന് കര്‍ദിനാള്‍മാര്‍, രോഗംകാരണം സന്നിഹിതരാകാന്‍ കഴിയാത്തവരില്‍നിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കര്‍ദിനാള്‍മാര്‍, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കര്‍ദിനാള്‍മാര്‍ എന്നിവരെയാണ് മാര്‍ ജോര്‍ജ് കൂവക്കാട് തിരഞ്ഞെടുക്കുക. കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും. എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 133 കര്‍ദ്ദിനാള്‍മാര്‍ക്കാണ് മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ഉള്ളത്.
പുതിയ പോപ്പിനെ തെരഞ്ഞെടുത്ത് കഴിഞ്ഞോ എന്നറിയാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് മണിക്കൂമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. മുന്‍ കാലങ്ങളില്‍ പല മാര്‍പ്പാപ്പമാരേയും തെരഞ്ഞെടുക്കാന്‍ നിരവധി ദിവസങ്ങള്‍ തന്നെ എടുത്തിരുന്നു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോണ്‍ക്ലേവ് പോപ്പ് ഗ്രിഗറി പത്താമന്‍ തിരഞ്ഞെടുക്കപ്പെട്ട സമയത്തായിരുന്നു. മൂന്ന് വര്‍ഷമായിരുന്നു കോണ്‍ക്ലേവ് നീണ്ടു പോയത്. 1503 ല്‍ ജൂലിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പ് വെറും പത്ത് മണിക്കൂര്‍ കൊണ്ടാണ് അവസാനിച്ചത്. ഇപ്പോള്‍ കോണ്‍ക്ലേവില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരു കാരണവശാലും പുറത്തു പോകാതിരിക്കാനുള്ള എല്ലാ സന്നാഹങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിന്‍, ഫിലിപ്പീന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിള്‍ എന്നിവരാണ് നിലവില്‍ മാര്‍പ്പാപ്പയാകാന്‍ സാധ്യതയുള്ളത് എന്നാണ് പറയപ്പെടുന്നത്. വോട്ടവകാശമുള്ള 133 കര്‍ദ്ദിനാള്‍മാരില്‍ 108 പേരെ നിയമിച്ചത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആയിരുന്നു. അതേ സമയം കോണ്‍ക്ലേവിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന പരാതിയുമായി കെനിയയിലെ കര്‍ദ്ദിനാളായ ജോണ്‍ ന്യൂ രംഗത്തെത്തി. തനിക്ക് സുഖമില്ല എന്ന വത്തിക്കാന്റെ വിശദീകരണവും അദ്ദേഹം തള്ളിക്കളഞ്ഞു. തന്നെ ഒഴിവാക്കിയത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും ആരോഗ്യസ്ഥിതി മോശമായത് കൊണ്ടല്ല വ്ത്തിക്കാനില്‍ പോകാത്തത് എന്നും ജോണ്‍ ന്യൂ വിശദീകരിച്ചു. നെയ്റോബിയിലെ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം.
എന്നാല്‍ വത്തിക്കാന്‍ വക്താവ് വ്യക്തമാക്കിയത് കര്‍ദ്ദിനാള്‍ ജോണ്‍ ന്യൂവിനെ ക്ഷണിച്ചിരുന്നു എന്നും അനാരോഗ്യം കാരണമാണ് അദ്ദേഹം പങ്കെടുക്കാത്തത് എന്നും ആയിരുന്നു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാര്‍ക്ക് മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത് വരെ പുറംലോകവുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ കഴിയുകയില്ല.