കൊച്ചിയിലെ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ സെമിനാരിയില്‍ താമസിച്ചു; കൊച്ചിയില്‍ വന്നത് അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെസുപ്പീരിയര്‍ ജനറല്‍ ആയിരുന്ന കാലത്ത്; 2004ലെ ആ വരവ് നെഞ്ചിലേറ്റി വിശ്വാസികള്‍; പുതിയ മാര്‍പ്പാപ്പ താമസിയാതെ ഇന്ത്യിലെത്തുമെന്നും പ്രതീക്ഷ; ലെയോ പതിനാലാമന്‍ മലയാളി അടുത്തറിഞ്ഞ വൈദിക ശ്രേഷ്ഠന്‍

Update: 2025-05-09 05:14 GMT

കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പ ലെയോ പതിനാലാമന്‍ നേരത്തെ തന്നെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ വൈദിക ശ്രേഷ്ഠന്‍. അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ (ഒഎസ്എ) സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന ഘട്ടത്തിലാണ് അദ്ദേഹം കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്. കൊച്ചി കലൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ 2004 ഏപ്രില്‍ 22ന് അദ്ദേഹം എത്തിയിരുന്നു. അന്ന് അഗസ്റ്റീനിയന്‍ സന്യാസ സഭയിലെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളില്‍ പങ്കെടുത്തു. കൊച്ചിയിലെ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ സെമിനാരിയിലും താമസിച്ചിട്ടുണ്ട്.

അഗസ്റ്റിന്‍ സഭയുടെ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും പുതിയ പാപ്പാ നേരത്തെ വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു. പുതിയ പാപ്പായുടെ കേരള സന്ദര്‍ശനത്തിന്റെ ഓര്‍മകളില്‍ അഭിമാനം കൊള്ളുകയാണ് അഗസ്റ്റീനിയന്‍ സന്യാസ സമൂഹവും കേരള കത്തോലിക്കാസഭയും. പുതിയ പാപ്പയും താമസിയാതെ ഇന്ത്യയിലെത്താന്‍ സാധ്യത ഏറെയാണ്. അമേരിക്കയില്‍ നിന്നുള്ള റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്തിനെയാണ് പുതിയ മാര്‍പാപ്പയായി കത്തോലിക്ക സഭ തെരഞ്ഞെടുത്തത്. പരിഷ്‌കരണ വാദിയായി അറിയപ്പെടുന്ന കര്‍ദിനാള്‍ റോബര്‍ട്ട് പ്രിവോസ്ത്, ലെയോ പതിനാലാമന്‍ എന്ന പേരിലാകും അറിയപ്പെടുക.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 133 കര്‍ദിനാള്‍മാരാണ് പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവില്‍ പങ്കെടുത്തത്. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നത് കേള്‍ക്കാനായി ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ചത്വരത്തില്‍ കാത്തിരുന്നത്. ഉച്ചക്കു ശേഷം നടക്കുന്ന വോട്ടെടുപ്പില്‍ പുതിയ മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെടുമെന്ന് കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ ഡീന്‍ ജിയോവനി ബാറ്റിസ്റ്റ റീ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. വൈകീട്ട് താന്‍ റോമില്‍ തിരിച്ചെത്തുമ്പോള്‍ സിസ്‌റ്റൈന്‍ ചാപ്പലിന്റെ കുഴലിലൂടെ വെളുത്ത പുക ഉയരുന്നുണ്ടാവുമെന്നാണ് 91കാരനായ റീ പറഞ്ഞത്.

കഴിഞ്ഞ 12 വര്‍ഷത്തെ 'ഫ്രാന്‍സിസ്‌കന്‍' സമീപനങ്ങള്‍ എത്രത്തോളം തുടരാനാകുമെന്നതാവും പുതിയ പാപ്പയുടെ മുന്നിലെ വെല്ലുവിളികളില്‍ ആദ്യത്തേത്. ഫ്രാന്‍സിസ് പാപ്പ സൃഷ്ടിച്ച ബെഞ്ച്മാര്‍ക്കില്‍നിന്ന് പിന്നോട്ടോ, ഏറെ മുന്നോട്ടോ പോകാന്‍ സാധിക്കില്ലെന്നതാണ് സ്ഥിതിയെന്ന് വത്തിക്കാനിലെ ഭരണ, നയരൂപീകരണ തലങ്ങളിലുള്ളവര്‍ സമ്മതിക്കുന്നു. പ്രകടമായ ലാളിത്യം ഉള്‍പ്പെടെ പലതിനെയും ഫ്രാന്‍സിസ് പാപ്പ അവതരിപ്പിച്ചത് അധികാരസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പകര്‍ത്തപ്പെടേണ്ട മൂല്യമായാണ്.

ഒഴിവാക്കാനാകാത്ത സമീപനങ്ങളുടെ നല്ല ഉദാഹരണമാണത്. കോണ്‍ക്ലേവിനു മുന്നോടിയായി കര്‍ദിനാള്‍മാര്‍ 12 തവണ യോഗം ചേര്‍ന്നു. അവയില്‍ പലതിലും പുതിയ പാപ്പയില്‍നിന്നുള്ള പ്രതീക്ഷകളെക്കുറിച്ച് പലരും അഭിപ്രായം പറഞ്ഞിരുന്നു. മിക്കവരും അഭിപ്രായപ്പെട്ടത്, പാപ്പ ജനങ്ങള്‍ക്കൊപ്പമായിരിക്കണം, കരുണയുടെ ശബ്ദമാകണം, സഭയിലെ വൈവിധ്യങ്ങള്‍ മാനിച്ച് കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കണം, പുതിയ നയരേഖകള്‍ പുറത്തിറക്കും മുന്‍പു കര്‍ദിനാള്‍മാരെയെല്ലാം വിശ്വാസത്തിലെടുക്കണം എന്നൊക്കെയാണ്. ഫ്രാന്‍സിസ് പാപ്പയുടെ ശൈലിയോടുള്ള പിന്തുണയും വിമര്‍ശനവും ഈ പരാമര്‍ശങ്ങളില്‍ വ്യക്തമായിരുന്നു.

തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ സംഘത്തിലെ മുതിര്‍ന്ന കര്‍ദിനാള്‍ തിരഞ്ഞെടുക്കപ്പെട്ടയാളോട്, മാര്‍പാപ്പയാകാന്‍ സമ്മതമാണോ എന്നും ഏതു പേരിലാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് എന്നും ചോദിച്ചു. സമ്മതമാണെന്നറിച്ച നിമിഷത്തില്‍ അദ്ദേഹം പാപ്പയായി. സിസ്റ്റീന്‍ ചാപ്പലിനു വശത്തുളള കണ്ണരീന്റെ മുറിയിലേക്കു പുതിയ പാപ്പ പോയി. വലിയ ചുമതലയുടെ ഭാരത്താല്‍ പാപ്പമാര്‍ കരയുന്നതിനാലാണ് ഈ പേര്. പ്രാര്‍ഥനയ്ക്കു ശേഷം പുതിയ വസ്ത്രം ധരിച്ചു. നമുക്കു പുതിയ പാപ്പയെ ലഭിച്ചുവെന്നു കര്‍ദിനാള്‍മാരുടെ ഡീന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികളെ അറിയിച്ചു. പുതിയ സ്ഥാനവസ്ത്രങ്ങളുമായി (പാലിയം) പുതിയ പാപ്പ വിശ്വാസികള്‍ക്ക് ആദ്യ ദര്‍ശനം നല്‍കി. അവരോടു സംസാരിച്ചു.

Tags:    

Similar News