യാത്രാവിമാനങ്ങള്‍ മറയാക്കി ഇന്നും പാക്ക് ആക്രമണം; സൈനിക കേന്ദ്രങ്ങളെയും ജനവാസ മേഖലയെയും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണവും ആര്‍ട്ടിലറി ഫയറിങ്ങും; ഫിറോസ്പുരില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
യാത്രാവിമാനങ്ങള്‍ മറയാക്കി ഇന്നും പാക്ക് ആക്രമണം
ശ്രീനഗര്‍: ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍, കനത്ത വെടിവയ്പിന് പിന്നാലെ ജമ്മുവിലും ഗുജറാത്തിലും രാജസ്ഥാനിലും പഞ്ചാബിലും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യോമപ്രതിരോധ സംവിധാനമുപയോഗിച്ച് ഇന്ത്യ ആക്രമണം തകര്‍ത്തു.
അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഒരു കുടുംബത്തിന് പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ഒരാള്‍ക്ക് പരിക്കെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അതിനിടെ പ്രധാനമന്ത്രിയുടെ വസതിയില്‍ നിര്‍ണായക യോഗം നടക്കുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിട്ടുണ്ട്.
പഞ്ചാബില്‍ ഫിറോസ്പുരിലും അമൃത്സറിലും അനന്ത്പുര്‍ സാഹിബിലുമടക്കം വ്യോമാക്രമണ മുന്നറിയിപ്പിനെതുടര്‍ന്ന് അഞ്ചിടത്താണ് ബ്ലാക്ക്ഔട്ട് നടപ്പിലാക്കിയത്. രാവിലെ വരെ ബ്ലാക്ക്ഔട്ട് തുടരുമെന്നാണ് റിപ്പോര്‍ട്ട്. ജമ്മു നഗരം, ഫിറോസ്പൂര്‍, അംബാല. പഞ്ച്കുല, സാംബ,അമൃത്സര്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്റെ ആക്രമണം. പത്താന്‍ കോട്ടിലും ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട് .അതേസമയം ജമ്മുകാശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലായി ജമ്മു, ബാരമുള്ള, ഫിറോസ്പൂര്‍, അംബാല, പഞ്ച്കുല, പത്താന്‍കോട്ട്, അനന്തപുര്‍ സാഹിബ്, അമൃത്സര്‍, ഫിറോസ്പുര്‍, സാംബ,അഖ്‌നൂര്‍ , ഹോഷിയാര്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ടാണ്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മോര്‍ട്ടാറുകളും ആര്‍ട്ടിലറി ഗണ്ണുകളുമുപയോഗിച്ചുള്ള വെടിവെപ്പാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. കനത്ത ഷെല്ലിങ്ങിന് ഇന്ത്യയും തിരിച്ചടി തുടങ്ങിയത്. ഡ്രോണ്‍ എത്തുന്നതിനൊപ്പം ആര്‍ട്ടിലറി ഫയറിങ്ങും ഒരുമിച്ചാണ് പാക്കിസ്ഥാന്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജമ്മുകശ്മീരിലെ രജൗരി, പത്താന്‍കോട്ട്, അഖ്നൂര്‍, സാംബ, ജമ്മു മേഖലകളിലും പഞ്ചാബിലെ അട്ടാരി, ഫിറോസ്പുര്‍, രാജസ്ഥാനിലെ ജെയ്സാല്‍മിര്‍, ഭുജ്, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിലേക്കാണ് പാക്കിസ്ഥാന്‍ ഡ്രോണുകളയച്ചത്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ ഡ്രോണുകളെത്തിയത്. വ്യോമാക്രമണമുന്നറിയിപ്പിന് പിന്നാലെ ഇവിടങ്ങളില്‍ ബ്ലാക്കൗട്ട് നടപ്പിലാക്കി.
പാക് ഡ്രോണുകള്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കി. ഡ്രോണുകളില്‍ സ്ഫോടകവസ്തുക്കളുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കാനുള്ള നീക്കമാണ് പാക്കിസ്ഥന്‍ നടത്തിയതെന്നാണ് സൂചന. അതേസമയം ഇന്ത്യയുടെ പ്രതിരോധമിസൈലുകളേറ്റ് ഡ്രോണുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദമാണ് തുടര്‍ച്ചയായി ഈ മേഖലയില്‍ കേട്ടത്. ഗുജറാത്തിലെ കച്ചില്‍ 11 പാക് ഡ്രോണുകളാണ് എത്തിയത്. ഇവയെല്ലാം വെടിവെച്ചിട്ടെന്ന് സൈന്യം അറിയിച്ചു.
ഇന്ത്യന്‍ പോസ്റ്റുകളും ജനവാസകേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തുന്ന ഷെല്ലാക്രമണത്തിന് ശക്തമായ തിരിച്ചടി സൈന്യം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുഞ്ച്, ഉറി എന്നിവിടങ്ങളിലാണ് ഷെല്ലിങ്ങുണ്ടായത്. ഇത് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീണ്ടും യാത്രാവിമാനങ്ങളെ മറയാക്കി പാക്കിസ്ഥാന്‍
ഭീകരവാദികള്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നിരപരാധികളെ മനുഷ്യകവചമാക്കുന്നതുപോലെ യാത്രാവിമാനങ്ങളെ മറയാക്കുന്ന നെറികെട്ട യുദ്ധതന്ത്രം തുടര്‍ന്ന് പാക്കിസ്ഥാന്‍. യാത്രാവിമാനത്തെ മറയാക്കി ഇന്ത്യയിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിലും സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചിരുന്നു
വ്യോമപാത അടയ്ക്കാത്തതിനാല്‍ കഴിഞ്ഞ ദിവസവും പാകിസ്താന്‍ യാത്രാ വിമാനങ്ങളെ പറക്കാന്‍ അനുവദിച്ചിരുന്നു. ലാഹോറിന് സമീപം പറന്ന രണ്ട് വാണിജ്യ വിമാനങ്ങളെ മറയാക്കിയാണ് പാകിസ്താന്‍ തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയത്. എന്നാല്‍ ഡ്രോണാക്രമണം ഇന്ത്യന്‍ വ്യോമസേന തടഞ്ഞു.
അതിര്‍ത്തിക്ക് സമീപം പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് പിഐഎ 306 പറന്നതായി കണ്ടെത്തി. കറാച്ചിയില്‍ നിന്ന് പുറപ്പെട്ട ഈ വിമാനം ലാഹോറിലേക്കായിരുന്നു പോവുന്നത്. കറാച്ചിയില്‍ നിന്നും ലാഹോറിലേക്കുള്ള മറ്റൊരു യാത്രാവിമാനമായ എബിക്യു406 പാക് സമയം രാത്രി 10 മണിക്കായിരുന്നു ലാന്‍ഡിങ്.