ഇന്ത്യന്‍ തിരിച്ചടിക്കു മുന്നില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ തോല്‍വി മറയ്ക്കാന്‍ സമൂഹമാദ്ധ്യമങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നു; ഇതിനൊപ്പം സൈബര്‍ ആക്രമണ സാധ്യത ഉള്ളതിനാല്‍ ഓപ്പറേറ്റര്‍മാര്‍ നെറ്റ്വര്‍ക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം ശൃംഖലകള്‍ സുരക്ഷിതമാക്കുകയും വേണം; സൈബര്‍ സ്‌പെയ്‌സിലും ടെലികോം മേഖലയിലും ജാഗ്രത; ഫാക്ട് ചെക്കിന് ഔദ്യോഗിക സംവിധാനം

Update: 2025-05-10 02:29 GMT

കൊച്ചി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ മൊബൈല്‍ ഓപ്പറേറ്റര്‍മാരോട് ജാഗ്രത പാലിക്കാനും തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഓപ്പറേഷന്‍ സിന്ദൂറില്‍ കടുത്ത നടപടികളിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിലെ ദുരന്തനിവാരണ വിഭാഗമാണ് ഭാരതി എയര്‍ ടെല്‍, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, വിഐ എന്നിവര്‍ക്ക് അടിയന്തര നിര്‍ദേശം കൈമാറിയത്.

സൈബര്‍ ആക്രമണസാധ്യതകള്‍ ഉള്ളതിനാല്‍ ഓപ്പറേറ്റര്‍മാര്‍ നെറ്റ്വര്‍ക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം ശൃംഖലകള്‍ സുരക്ഷിതമാക്കുകയും വേണമെന്നാണ് ആവശ്യം. ടെലികോം കമ്പനികള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മാത്രമല്ല, അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷയും തടസമില്ലാത്ത കണക്ടിവിറ്റി തുടര്‍ച്ചയും ഉറപ്പാക്കണം. ഇതിനായി അടിസ്ഥാന സൗകര്യങ്ങളുടെയും ഇന്‍സ്റ്റലേഷനുകളുടെയും അപ്‌ഗ്രേഡ് ചെയ്ത പട്ടിക സമാഹരിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ടെലികോം ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് ഡിജി സെറ്റുകള്‍ക്ക് ആവശ്യമായ ഡീസല്‍ കരുതല്‍ ശേഖരം ഉറപ്പാക്കാനും ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ടെലികോം സേവനങ്ങള്‍ വേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിന് നിര്‍ണായക സ്‌പെയറുകളുള്ള റിപ്പയര്‍ ക്രൂ ഉള്‍പ്പെടെ റിസര്‍വ് ടീമുകളെ സുപ്രധാന മേഖലകളില്‍ ഉടന്‍ വിന്യസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് 100 കിലോമീറ്ററിനുള്ളില്‍ ബേസ് ട്രാന്‍സിവര്‍ സ്റ്റേഷനുകളുടെ (ബിടിഎസ്) സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുകയും വേണം.

2020ല്‍ നിലവില്‍ വന്ന സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ടെലികോം ലോജിസ്റ്റിക്‌സിന്റെ നീക്കം സുരക്ഷിതമാക്കുന്നതിനും അവയുടെ സംരക്ഷണം ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെടാന്‍ എല്ലാ ലോക്കല്‍ സര്‍വീസ് ഏരിയാ മേധാവികള്‍ക്കും ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓപ്പറേറ്റര്‍മാര്‍ അവരുടെ ഇന്‍ട്രാ സര്‍ക്കിള്‍ റോമിംഗ് സേവനങ്ങള്‍ പരീക്ഷിച്ച് പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പാക്കണം. ദുരന്തസമയങ്ങളിലാണ് ടെലികോം കമ്പനികള്‍ സാധാരണയായി ഇന്‍ട്രാ സര്‍ക്കിള്‍ റോമിംഗ് സേവനങ്ങള്‍ സജീവമാക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ നേരിടുന്നത് തടയും.

സൈബര്‍ ആക്രമണ സാധ്യത കണക്കിലെടുത്താണ് ഡിഒടി ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മെയ് 7 ന് എല്ലാ ടെലികോം കമ്പനികള്‍ക്കും അയച്ച കത്തില്‍ ടെലികോം മന്ത്രാലയത്തിന്റെ ദുരന്തനിവാരണ വിഭാഗമാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്ററിനുള്ളില്‍ ബിടിഎസ് സ്ഥലങ്ങളുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, സുരക്ഷാ സാഹചര്യങ്ങളിലും ദുരന്ത സാഹചര്യങ്ങളിലും തടസ്സമില്ലാത്ത ആശയവിനിമയം നിലനിര്‍ത്താന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന, ജില്ലാ തലങ്ങളിലെ അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതിര്‍ത്തി സംഘര്‍ഷങ്ങളെ ബന്ധപ്പെടുത്തിയും പെരുപ്പിച്ചു കാട്ടിയും വ്യാജ വാര്‍ത്തകള്‍ കുത്തിനിറച്ച സന്ദേശങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമാകുന്നുണ്ട്. ഇതിനെതിരേയും ജാഗ്രത തുടരും. ഇന്ത്യന്‍ തിരിച്ചടിക്കു മുന്നില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ തോല്‍വി മറയ്ക്കാന്‍ സമൂഹമാദ്ധ്യമങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നുണ്ട്. പാക് ഹാന്‍ഡിലുകളാണ് തെറ്റായ പല വാര്‍ത്തകളുടെയും ഉറവിടം.ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും തെറ്റായവാര്‍ത്തകള്‍ പങ്കിടരുതെന്നും കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അതീവ ജാഗ്രതയിലുമാണ്.

പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് 2020 ല്‍ ലെബനനിലെ ബെയ്‌റൂട്ടില്‍ നടന്ന സ്ഫോടന ദൃശ്യമാണ്. ഒരു ഇന്ത്യന്‍ പോസ്റ്റ് പാകിസ്ഥാന്‍ സൈന്യം നശിപ്പിച്ചെന്ന വ്യാജ വീഡിയോ പാകിസ്ഥാന്‍ ഹാന്‍ഡിലുകളിലൂടെ പ്രചരിക്കുന്നു. ജലന്ധറില്‍ നിന്നുള്ളതെന്ന തരത്തില്‍ പ്രചരിക്കുന്ന ഡ്രോണ്‍ ആക്രമണ വീഡിയോ ഒരു കൃഷിയിടത്തിലെ തീപിടിത്തത്തിന്റേതാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് സോഷ്യല്‍ മീഡിയാ ജാഗ്രത.

ഓപ്പറേഷന്‍ സിന്ദൂര്‍, ജാഗ്രത, ടെലികോം

Similar News