'പഴയ നാണയത്തുട്ടുകള്‍ക്ക് പകരം ലക്ഷങ്ങള്‍ നല്‍കാം; രജിസ്‌ട്രേഷന്‍ ഫീസായി നിശ്ചിത ഫീസടക്കണം; പണം നല്‍കിയതിന് പിന്നാലെ ജി.എസ്.ടി കൂടി അടയ്ക്കണേ എന്നും സന്ദേശമെത്തും'; സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട് നിരവധിപേര്‍
'പഴയ നാണയത്തുട്ടുകള്‍ക്ക് പകരം ലക്ഷങ്ങള്‍ നല്‍കാം
തിരുവനന്തപുരം: പഴയ നാണയത്തുട്ടുകള്‍ നല്‍കിയാല്‍ ലഭിക്കുന്നത് ലക്ഷങ്ങള്‍. കൈയിലുള്ള നോട്ടുകളിലെ നമ്പര്‍ ഫാന്‍സി ആണെങ്കിലും ലക്ഷങ്ങള്‍ നേടാം. ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ പടമെടുത്ത് അയച്ചാല്‍ മാത്രം മതി. രജിസ്ട്രേഷന്‍ ഫീസായി ചെറിയ തുകയും ലക്ഷങ്ങള്‍ കൈപ്പറ്റുന്നതിനു മുന്‍പ് ടാക്സ് തുകയും നല്‍കിയാല്‍ മതി. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന സജീവ തട്ടിപ്പാണിത്. ഇത്തരത്തില്‍ വ്യാജ വാഗ്ദാനം നല്‍കിയുള്ള സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടമായത് നിരവധി പേര്‍ക്കാണ്. ചെറിയ തുക നഷ്ടപ്പെടുന്നതിനാല്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍ ഭൂരിഭാഗം പേരും പോലീസില്‍ പരാതി നല്‍കാനും മടിക്കുന്നു.
ഏറ്റവും ഒടുവില്‍ കബളിപ്പിക്കപ്പെട്ട തിരുവനന്തപുരം, ആറ്റിങ്ങല്‍ സ്വദേശി ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് ബന്ധപ്പെടുന്നത്. പത്തു പൈസയുടെ പഴയ നാണയത്തുട്ടുകള്‍ കൈവശമുണ്ടെന്ന് അറിയിച്ചപ്പോള്‍ ഫോട്ടോയെടുത്ത് വാട്സ്ആപ്പില്‍ അയക്കാനായിരുന്നു നിര്‍ദ്ദേശം. അയച്ചയുടന്‍ മറ്റൊരു നമ്പറില്‍ നിന്നും തിരിച്ചു വിളിക്കുകയായിരുന്നു. പത്തുപൈസയുടെ 20 നാണയത്തുട്ടുകള്‍ക്ക് 90 ലക്ഷം രൂപ തരാമെന്നായിരുന്നു വാഗ്ദാനം. വില ഉറപ്പിച്ചതോടെ ഫോട്ടോയും ആധാര്‍ വിവരങ്ങളും രജിസ്ട്രേഷന് 750 രൂപയും ആവശ്യപ്പെട്ടു. രജിസ്ട്രേഷന്‍ തുക ഗൂഗിള്‍പേ വഴി അടച്ചാല്‍ മതിയെന്നും അറിയിച്ചു. തുക അയച്ചാലുടന്‍, ലഭിക്കുന്ന തുകയുടെ വിവരങ്ങളും ഡെലിവറി ഡേറ്റും അടങ്ങുന്ന യുവാവിന്റെ ഫോട്ടോ പതിച്ച റിസര്‍വ് ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി അയച്ചു കൊടുക്കും.
രണ്ടു പ്രവൃത്തി ദിനങ്ങള്‍ക്കിടയില്‍ പണം അക്കൗണ്ടിലെത്തുമെന്നും കമ്പനിയുടെ അംഗീകൃത സ്റ്റാഫുകള്‍ വീട്ടിലെത്തി നാണയത്തുട്ട് ശേഖരിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കും. നാണയത്തുട്ട് ശേഖരിക്കാന്‍ കൃത്യമായ മേല്‍വിലാസം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടും. രണ്ടുദിവസം കഴിഞ്ഞാലുടന്‍ ഫോണ്‍ വിളിച്ച്, നിങ്ങളുടെ വീടിനടുത്ത് ആളെത്തിയെന്നും നടപടി ക്രമങ്ങള്‍ക്കായി ജി.എസ്.ടി ഇനത്തില്‍ 8199 രൂപ അടക്കണമെന്നും ആവശ്യപ്പെടുന്നതോടെ തട്ടിപ്പ് പൂര്‍ണമാകും.
പണം നല്‍കിയാലുടന്‍ വിളിക്കുന്ന നമ്പരുകളെല്ലാം സ്വിച്ച്് ഓഫാകും. ഇങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്. കേന്ദ്ര ധനമന്ത്രി പുറത്തിറക്കിയ 'പുതിയ മാനദണ്ഡങ്ങളുടെ' അടിസ്ഥാനത്തില്‍ പണം അനുവദിക്കുമെന്നാണ് വാഗ്ദാനം. ഇന്ത്യാകോയിന്‍ 1, കറന്‍സി ബയര്‍, ബ്രൈറ്റ് ആന്‍ഡ് കോയിന്‍ മുംബയ്, ഓള്‍ഡ് കോയിന്‍സ് കമ്പനി, ഡബ്ല്യൂ.ഡബ്ല്യൂ.ഡബ്ല്യൂ ഓള്‍ഡ് കോയിന്‍ തുടങ്ങിയ അക്കൗണ്ടുകള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വ്യാപകമാണ്. പഴയ നാണയം വിറ്റ് കോടികള്‍ നേടിയവരുടെ വിഡിയോ വാട്സാപ്പില്‍ അയക്കുന്നതോടെയാണ് പലരും ഈ കെണിയില്‍ വീഴുക. രജിസ്ട്രേഷന്‍ ഫീ, ജി.എസ്.ടി ഇനങ്ങളില്‍ ലഭിക്കുന്ന തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
റിസര്‍വ് ബാങ്ക് ഒരിക്കലും പഴയ നാണയത്തുട്ട് വാങ്ങി ലക്ഷങ്ങള്‍ നല്‍കില്ല. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇത്തരത്തിലുള്ള യാതൊരു പദ്ധതിയും നടപ്പാക്കുന്നില്ല. ഇത്തരത്തില്‍ നടക്കുന്നത് വ്യാജമാണെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ നോട്ടുകളും നാണയങ്ങളും പുറത്തിറക്കുന്നതും ഇവ പിന്‍വലിക്കുന്നതും ആര്‍ബിഐയുടെ ചുമതലയാണ്. പഴയ നാണയങ്ങളും നോട്ടുകളും തിരിച്ചെടുക്കുന്നുണ്ടെങ്കില്‍ ആര്‍ബിഐ ഔദ്യോഗികമായി അറിയിക്കും. ബാങ്കുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സൗകര്യങ്ങള്‍, പണം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച് ആര്‍ബിഐ 2022 ല്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ജനങ്ങള്‍ക്ക് പഴയതും മുഷിഞ്ഞതും കീറിയതുമായ നോട്ടുകളും നാണയങ്ങളും ബാങ്കുകളില്‍ നിന്ന് എങ്ങനെ മാറ്റിയെടുക്കാമെന്ന് ഇതില്‍ വ്യക്തമാക്കിയിരുന്നു.
