പുതിയ മാര്‍പ്പാപ്പ സ്വേച്ഛാധിപതികളെ ഭയപ്പെടുന്ന ഒരാള്‍ ആയിരിക്കില്ല; ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ ശരിക്കും ഒരു വിശ്വപൗരന്‍; ശാന്തനായി കോണ്‍ക്ലൈവിലെ തീരുമാനം അംഗീകരിച്ചു; വൈകാരിക പ്രകടനമൊന്നുമില്ല; അന്ന് വത്തിക്കാനിലെ സിസ്റ്റെയിന്‍ ചാപ്പലില്‍ സംഭവിച്ചത്

Update: 2025-05-10 07:17 GMT

വത്തിക്കാന്‍: അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്ത നിമിഷത്തെ കുറിച്ചുള്ള വെളിപ്പെത്തലുമായി ബ്രിട്ടനിലെ കര്‍ദ്ദിനാളായ വിന്‍സന്റ് നിക്കോള്‍സ് രംഗത്തെത്തി. ലെയോ പതിന്നാലാമന്‍ മാര്‍പ്പയെ തെരഞ്ഞെടുത്ത 133 കര്‍ദ്ദിനാള്‍മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കത്തോലിക്കാ സഭയുടെ പരമോന്നതമായ ഈ മാര്‍പ്പാപ്പയെന്ന പദവി സ്വീകരിക്കുന്നുണ്ടോ എന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം എങ്ങനെ പ്രതികരിച്ചുവെന്ന് ഒരു പാശ്ചാത്യ മാധ്യമത്തോട് വിശദീകരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ നിക്കോള്‍സ്.

തന്നെ മാര്‍പ്പാപ്പ എന്ന അത്യുന്നത പദവിയിലേക്ക് തെരഞ്ഞെടുത്തു എന്ന് അറിഞ്ഞപ്പോഴും ഇപ്പോള്‍ പോപ്പായ അന്നത്തെ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്‍ ഒരു തരത്തിലും ഉള്ള വൈകാരിക പ്രകടനം നടത്തിയിരുന്നില്ല. വളരെ ശാന്തനായിട്ടാണ് അദ്ദേഹം കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിലെ ഈ തീരുമാനത്തെ സ്വീകരിച്ചത്. കര്‍ദ്ദിനാള്‍ നിക്കോള്‍സ് പറയുന്നത് താന്‍ നിയുക്ത മാര്‍പ്പാപ്പയുടെ തൊട്ടടുത്ത് തന്നെയാണ് നിന്നിരുന്നത് എന്നാണ്. ശരീരഭാഷയിലോ സംസാരത്തിലോ ഒന്നും തന്നെ ലെയോ പതിന്നാലാമന്‍ മാര്‍പ്പാപ്പ ഒരു തരത്തിലും അമിതമായ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നില്ല എന്നും നിക്കോള്‍സ് ഓര്‍ക്കുന്നു.

ഏതായാലും പുതിയ മാര്‍പ്പാപ്പ സ്വേച്ഛാധിപതികളെ ഭയപ്പെടുന്ന ഒരാള്‍ ആയിരിക്കില്ല എന്ന കാര്യം ഉറപ്പാണെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. എ.ഡി 452 ല്‍ മാര്‍പ്പാപ്പയായിരുന്ന ലെയോ മാര്‍പ്പാപ്പ റോമിലെ ആറ്റില എന്ന സ്വേച്ഛാധിപതിയെ തുരത്തിയത് പോലെ േെലേയാ പതിനാലാമനും വളരെ ശക്തമായ നിലപാടുകള്‍ ഉള്ള പോപ്പായിരിക്കും എന്നാണ് കര്‍ദ്ദിനാള്‍ നിക്കോള്‍സ് പറയുന്നത്. സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കുറിച്ചാണോ എന്ന ചോദ്യത്തിന് അത് നിങ്ങളുടെ തോന്നലായിരിക്കാം എന്നും താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും കര്‍ദ്ദിനാള്‍ മറുപടി നല്‍കി. ബുധനാഴ്ച നടന്ന ആദ്യ വോട്ടെടുപ്പിന് ശേഷം ഒരു മാര്‍പ്പാപ്പയും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് സൂചിപ്പിക്കുന്ന കറുത്ത പുക രണ്ട് മണിക്കൂറിലധികം വൈകിയതിന്റെ കാരണവും നിക്കോള്‍സ് വിശദീകരിച്ചു.

91 വയസുകാരനായ പേപ്പല്‍ പുരോഹിതന്‍ റാണീറോ കാന്റലമേസയുടെ പ്രസംഗം നീണ്ടു പോയതാണ് ഇതിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകമെമ്പാടും നിന്നുള്ള കര്‍ദ്ദിനാള്‍മാരുമായി ഒരുമിച്ച് കോണ്‍ക്ലേവില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ കര്‍ദ്ദിനാള്‍ നിക്കോള്‍സ് സന്തോഷം പ്രകടിപ്പിച്ചു. മൊബൈല്‍ ഫോണുകളെ കൊണ്ടുള്ള ശല്യമില്ലാതിരുന്ന കാര്യവും അദ്ദേഹം ചൂണ്ട്ിക്കാട്ടി. കോണ്‍ക്ലേവില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ കര്‍ദ്ദിനാള്‍മാരും അവരുടെ മൊബൈല്‍ഫോണുകള്‍ വത്തിക്കാനിലെ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കേണ്ടതുണ്ട്. വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ നിക്കോള്‍സിന്, ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ കോണ്‍ക്ലേവ് കൂടിയായിരുന്നു. എണ്‍പത് വയസിലേക്ക് കടക്കുന്ന നിക്കോള്‍സിന് ഇനി മറ്റൊരു കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ കഴിയില്ല.

ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ ശരിക്കും ഒരു വിശ്വപൗരന്‍ തന്നെ ആയിരിക്കുമെന്നാണ് പ്രതീക്ഷ എന്നാണ് നിക്കോള്‍സ് പറയുന്നത്. എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് കഴിയുമെന്നും കര്‍ദ്ദിനാള്‍ വിശ്വാസം പ്രകടിപ്പിച്ചു. പുതിയ മാര്‍പ്പാപ്പയുടെ ഉദ്ഘാടന കുര്‍ബാന ഈ മാസം പതിനെട്ടിനാണ് നടക്കുന്നത്.

വത്തിക്കാനിലെ സിസ്റ്റെയിന്‍ ചാപ്പലിലാണ് കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് നടന്നത്.

Similar News