ലോംഗ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈലെന്ന പേരില്‍ പാക്കിസ്ഥാന് ചൈന കൊടുത്തത് കളിപ്പാട്ടമോ? ഹോഷിയാര്‍പൂരിലെ വയലില്‍ വീണ ചൈനീസ് മിസൈല്‍ പൊട്ടിത്തെറിച്ചില്ല; ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കിയുമില്ല; ചീറ്റിപ്പോയ പിഎല്‍-15 മിസൈല്‍ ചൈനയ്ക്കും നാണക്കേട്; കൃത്യമായ ആക്രമണങ്ങളിലൂടെയും സാങ്കേതിക മികവിലൂടെയും ആധിപത്യം ഉറപ്പിച്ച് ഇന്ത്യന്‍ മുന്നേറ്റം

ലോംഗ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈലെന്ന പേരില്‍ പാക്കിസ്ഥാന് ചൈന കൊടുത്തത് കളിപ്പാട്ടമോ?

Update: 2025-05-10 11:56 GMT

ന്യൂഡല്‍ഹി: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയാണ് പാക്കിസ്ഥാന്‍. ഡ്രോണുകളും മിസൈലുകളും ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലടക്കം ഇന്ത്യക്കെതിരെ തൊടുത്തുവിട്ടിട്ടും ഒന്നുപോലും ലക്ഷ്യം കാണാതെ വന്നതോടെ കനത്ത തിരിച്ചടിയാണ് പാക്കിസ്ഥാന്‍ നേരിടുന്നത്. ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കിയുള്ള പരാജിതശ്രമത്തിന്റെ സ്മാരകങ്ങളായി പഞ്ചാബിലെ നിരവധി ഗ്രാമങ്ങളില്‍ മിസൈസുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ ചിതറി കിടക്കുകയാണ്. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യന്‍ സേന തകര്‍ത്തവയാണ് ഇവയെല്ലാം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇതിന് പിന്നാലെ ഇന്ത്യയിലെ പ്രധാന സൈനിക കേന്ദ്രങ്ങളും നഗരങ്ങളുമെല്ലാം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. പാകിസ്ഥാന്റെ എല്ലാ ആക്രമണങ്ങളെയും ഇന്ത്യ എസ്-400 ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ഫലപ്രദമായി ചെറുക്കുകയും ചെയ്തു.

ഇപ്പോള്‍ ഇതാ, പാകിസ്ഥാനും ചൈനയ്ക്കും ഒരുപോലെ നാണക്കേട് ഉണ്ടാക്കുന്ന ഒരു സംഭവമാണ് പഞ്ചാബില്‍ നിന്ന് പുറത്തുവരുന്നത്. വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ വ്യോമസേനയുടെ ജെഎഫ് -17 ഇന്ത്യന്‍ ജെറ്റുകള്‍ക്ക് നേരെ ചൈനീസ് പിഎല്‍ -15 മിസൈല്‍ തൊടുത്തിരുന്നു. പക്ഷേ, പഞ്ചാബിലെ ഹോഷിയാര്‍പൂരിനടുത്തുള്ള ഒരു വയലില്‍ വീണ ചൈനീസ് മിസൈല്‍ പൊട്ടിത്തെറിച്ചില്ലെന്ന് മാത്രമല്ല, ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കിയുമില്ല.

മെയ് 8-9 തീയതികളിലെ രാത്രിയില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വലിയ രീതിയില്‍ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. മെയ് 7 ബുധനാഴ്ച രാത്രി പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ലാഹോറില്‍ പാകിസ്ഥാന് ചൈന നല്‍കിയ HQ-9B വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ നിര്‍വീര്യമാക്കിയിരുന്നു. ഇതിന് ശേഷമാണ് ചൈനയുടെ തന്നെ PL-15 ലോംഗ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈല്‍ പഞ്ചാബില്‍ ചീറ്റിപ്പോയത്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് ചൈനീസ് ആയുധങ്ങള്‍ പരാജയമാണെന്ന് തെളിയിക്കപ്പെട്ടു.

പഞ്ചാബില്‍ ഹോഷിയാര്‍പൂരിലെ കാമാഹി ദേവി ഗ്രാമത്തിലെ വയലില്‍ ഒരു പൊട്ടിത്തെറിക്കാത്ത മിസൈലും കണ്ടെത്തി. ചൈന നിര്‍മ്മിതമായ ദീര്‍ഘദൂര പിഎല്‍- 15 മിസൈലാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ പൊലീസ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. വ്യോമസേന സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം അവശിഷ്ടങ്ങള്‍ ശേഖരിച്ചു.

അതേസമയം, ഭട്ടിന്‍ഡയിലെ ബീഡ് തലാബിലും മിസൈല്‍ അവശിഷ്ടങ്ങളും കണ്ടെത്തി. അതിനുപിന്നാലെ എല്ലാവരും വീട്ടിനുള്ളില്‍ ഇരിക്കണമെന്ന് ഗുരുദ്വാരയില്‍ നിന്ന് അറിയിപ്പ് വന്നു. വ്യാഴാഴ്ച അമൃത്സറില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്ത മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ വിവിധയിടങ്ങളില്‍ നിന്ന് വീണ്ടെടുത്ത് വരികയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഹോഷിയാര്‍പൂരില്‍ കണ്ടെത്തിയ മിസൈല്‍ ഏതുഇനത്തില്‍ പെട്ടതെന്ന് വ്യക്തമായിട്ടില്ല. മെയ് 7 ന് ശേഷം ഹോഷിയാര്‍പൂരില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മിസൈലാണിത്. ബുധനാഴ്ച രാത്രി ഘഗ്വാള്‍ ഗ്രാമത്തിലെ ഒരു വീടിന്റെ പിന്‍ഭാഗത്ത് സമാനമായ മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടത്തിയിരുന്നു. ചൈനാ നിര്‍മ്മിത പി എല്‍-15 മിസൈലായിരുന്നു അത്.

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായി. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

കൃത്യമായ ആക്രമണങ്ങളിലൂടെയും സാങ്കേതിക മികവിലൂടെയും ഇന്ത്യ പാകിസ്ഥാന് മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ്. എന്നാല്‍, മറുഭാഗത്ത് ചൈനീസ് ഹാര്‍ഡ്വെയറുകള്‍ കൈവശമുണ്ടെന്ന ധൈര്യത്തിലാണ് പാകിസ്ഥാന്‍. തദ്ദേശീയമായി നിര്‍മ്മിച്ച ആയുധങ്ങളും ഒപ്പം റഷ്യന്‍, ഇസ്രായേല്‍ നിര്‍മ്മിത ആയുധങ്ങളും ഇന്ത്യയ്ക്ക് കരുത്തേകുന്നു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും സാധാരണക്കാരെ ലക്ഷ്യമിടാതെ ഭീകര ക്യാമ്പുകള്‍ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിച്ചതിലൂടെ ഓപ്പറേഷന്‍ സിന്ദൂര്‍ ആഗോളതലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൃത്യത പ്രദര്‍ശിപ്പിക്കുന്നതില്‍ വിജയിച്ചെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News