ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ആദംപുര്‍ വ്യോമത്താവളത്തില്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; സൈനികരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് നരേന്ദ്ര മോദി; പ്രത്യാക്രമണത്തെക്കുറിച്ച് കാര്യങ്ങള്‍ വിശദീകരിച്ച് സൈനികര്‍

ആദംപുര്‍ വ്യോമത്താവളത്തില്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

Update: 2025-05-13 07:15 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ആദംപുര്‍ വ്യോമത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. പ്രധാനമന്ത്രി വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ടു കണ്ടു സംസാരിച്ചു. ജലന്ധറിനടുത്തുള്ള ആദംപുര്‍ വിമാനത്താവളത്തില്‍ എത്തിയാണ് വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഇങ്ങോട്ടേക്കെത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. വ്യോമത്താവളത്തിലെ സൈനികരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തിന്റ നന്ദി അറിയിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

ആണവശേഷിയുടെ പേരില്‍ പാകിസ്താന്‍ ഭീഷണിയും വിലപേശലും നടത്തുന്നത് ഇന്ത്യ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേരല്ല, നയമാണ്. ഇന്ത്യന്‍ സൈനികരുടെ കരുത്തില്‍ തോല്‍വികണ്ട പാകിസ്താന്‍ സഹായത്തിനായി പരക്കംപായുകയായിരുന്നു. പാകിസ്താനെതിരായ സൈനികനടപടി തത്കാലം മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഭീകരതയും ചര്‍ച്ചയും ഒന്നിച്ചുപോകില്ലെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരത, പാക് അധിനിവേശ കശ്മീര്‍ എന്നീവിഷയങ്ങളില്‍മാത്രമേ പാകിസ്താനുമായി ചര്‍ച്ചയുള്ളൂവെന്നും മോദി വ്യക്തമാക്കുകയുണ്ടായി.

Similar News