ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പായി; ഭീകരര്‍ നമ്മുടെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചു, നമ്മള്‍ ആ ഭീകരരെ ഭൂമുഖത്ത് നിന്ന് മായ്ച്ചു; നൂറിലധികം ഭീകരരെ വകവരുത്തി; ഭീകരവാദത്തിന്റെ ആസ്ഥാനമാണ് തകര്‍ത്തത്; ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട; ആ ബ്ലാക്ക്‌മെയില്‍ ചെലവാകില്ലെന്നും മോദി; പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ അഭിസംബോധന
ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പായി
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരര്‍ നമ്മുടെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചു. നമ്മള്‍ ഭീകരരെ ഭൂമുഖത്ത് നിന്ന് മായ്ച്ചു.
ഓപ്പറേഷന്‍ സിന്ദൂര്‍ വെറും പേരല്ല, രാജ്യത്തെ ജനങ്ങളുടെ വികാരമാണ്. അത് നീതിക്കായുള്ള പ്രതിജ്ഞയാണ്. പഹല്‍ഗാമില്‍ പിടഞ്ഞുവീണത് നിഷ്‌ക്കളങ്കരുടെ ജീവനുകളാണ്. ഭീകരര്‍ ആക്രമണം നടത്തിയതാകട്ടെ മതത്തിന്റെ പേരുപറഞ്ഞും. ഭീകരവാദത്തിന്റെ ആസ്ഥാനമാണ് തകര്‍ത്തത്. ആഗോള ഭീകരവാദത്തിനാണ് തിരിച്ചടിയേറ്റത്.
ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ ഭീകരക്യാംപുകളില്‍ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ കനത്ത പ്രഹരം നടത്തി. ഇന്ത്യ ഇത്രയും വലിയ തീരുമാനമെടുക്കുെമന്ന് ഭീകരര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. ഇന്ത്യയുടെ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാനെ ആക്രമിക്കിച്ച് ഇല്ലാതാക്കിയത് അവിടുത്തെ ഭീകരരുടെ കെട്ടിടങ്ങളെ മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും കൂടിയായിരുന്നു തകര്‍ത്ത് തരിപ്പണമാക്കിയത്.
ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ഭയന്നു. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ആ ബ്ലാക്ക്‌മെയില്‍ ചെലവാകില്ലെന്നും മോദി പറഞ്ഞു തീവ്രവാദികളെ വെറുതെ വിടില്ല. അവരെ പിന്തുണയ്ക്കുന്നവരെയും വെറുതെ വിടില്ല. പാക്കിസ്ഥാന്‍ ഭരണകൂടം പിന്തുണയ്ക്കുന്ന ഭീകരവാദികള്‍ക്കെതിരെ നടപടി തുടരും.
ധീരരായ സേനാംഗങ്ങളെയും, ഇന്റലിജന്‍സ് ഏജന്‍സികളെയും ശാസ്ത്രജ്ഞരെയും സല്യൂട്ട് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി അഭിസംബോധന തുടങ്ങിയത്. ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ പങ്കിനെയാണ് മോദി വിലമതിച്ചത്. സേനകളുടെ ധീരതയെ താന്‍ രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും, പെണ്‍മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു.
ഭീകരരെ തുടച്ചുനീക്കുന്നതിനായി ഞങ്ങള്‍ സേനകള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു. ഇന്ന് നമ്മുടെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും സിന്ദൂരം മായ്ച്ചതിന്റെ ഫലം എല്ലാ ഭീകരക്യാമ്പുകള്‍ക്കും മനസ്സിലായിട്ടുണ്ടാകും.
ഓപ്പറേഷന്‍ സിന്ദൂര്‍ പുരോഗമിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ലോകത്തിന്റെ സഹായം തേടി. സംഘര്‍ഷം പെരുകിയതോടെ നിവൃത്തിയില്ലാതെ പാക് ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയെ ബന്ധപ്പെട്ടുവെന്നും മോദി പറഞ്ഞു. രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്നും അദ്ദേഹം സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് വലിയ സന്ദേശം നല്‍കി.
ഭീകരതയ്ക്ക് എതിരെയുള്ള ഇന്ത്യയുടെ നയമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. അത് വെറുമൊരു ഓപ്പറേഷന്‍ മാത്രമല്ല, ഭീകരതയ്ക്ക് എതിരെയുള്ള നയംമാറ്റമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല. അത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എതിരെയുള്ള ഭീകരാക്രമണങ്ങളെ കൈകാര്യം ചെയ്യാനുള്ള തുടര്‍നടപടിയായിരിക്കും. നമ്മുടെ പൗരന്മാരെ ആക്രമിച്ചാല്‍ ഇന്ത്യ ആ ഭീകരതയുടെ ഹൃദയം തകര്‍ക്കും. ഇതാണ് ന്യൂ നോര്‍മല്‍. അതാണ് സംയുക്ത സേന കഴിഞ്ഞ രണ്ടുദിവസമായി ആവര്‍ത്തിച്ചുപറഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ സൈന്യവും, സര്‍ക്കാരും ഭീകരത വളര്‍ത്തുകയാണ്. അത് അവരെ തന്നെ മുച്ചൂടും തകര്‍ക്കും. പാക്കിസ്ഥാന്‍ രക്ഷപ്പെടണമെങ്കില്‍ അവരുടെ ഭീകരകേന്ദ്രങ്ങളെ തകര്‍ക്കണമെന്നും ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് പോവില്ലെന്നും മോദി പറഞ്ഞു.