ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനെ വധിച്ച് സൈന്യം; രണ്ട് ഭീകരര്‍ കെണിയില്‍; ഡ്രോണ്‍ ആക്രമത്തില്‍ പരിക്കേറ്റ യുവതി മരിച്ചു
ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനെ വധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും നാല് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനെ വധിച്ചതായും രണ്ട് ഭീകരരെ കെണിയലകപ്പെടുത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
സിന്‍പഥേര്‍ കെല്ലര്‍ പ്രദേശത്ത് ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്. സുരക്ഷാസേനയുടെ വലയിലകപ്പെട്ട ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ആദ്യം കുല്‍ഗാമിലും പിന്നീട് ഷോപ്പിയാനിലുമായിരുന്നു ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി കരുതപ്പെടുന്ന ആദില്‍ ഹുസൈന്‍ തോക്കര്‍, അലി ഭായ്, ഹാഷിം മൂസ എന്നിവരെ പിടികൂടുന്നതിനായി സുരക്ഷാ ഏജന്‍സികള്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടല്‍. വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
പാക്ക് ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഖ് വീന്ദര്‍ കൗര്‍ എന്ന സ്ത്രീ മരിച്ചു. ഫിറോസ് പൂരിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് സുഖ് വീന്ദര്‍ കൗറിന് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇവര്‍. ലുധിയാനയില്‍ ചികിത്സലിരിക്കെ ചൊവ്വ പുലര്‍ച്ചെയായിരുന്നു മരണം. പാകിസ്ഥാന്റെ ആക്രമണത്തിന് ശേഷം കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കടുത്ത ഭാഷയിലുള്ള താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടതായി വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് സൈന്യം ഇന്ന് വിശദീകരണം നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ മണ്ണില്‍ ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും ചെറിയ തോതില്‍ ഡ്രോണ്‍ സാന്നിധ്യം മാത്രമേ ഉണ്ടായുള്ളൂ എന്നും സൈന്യം അറിയിച്ചു. അതിനിടെ പാക് അതിര്‍ത്തികളിലെ വിമാനത്താവളങ്ങളിലെ ഇന്നത്തെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി.
ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പത്തിടങ്ങളിലാണ് പാക് ഡ്രോണുകള്‍ പറന്നെത്തി എന്നാണ് പുറത്തുവന്ന വാര്‍ത്ത. അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരതക്കെതിരെ ഓപ്പറേഷന്‍ സിന്ദൂരായിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടേയുള്ളൂവെന്നും, പ്രകോപനം തുടര്‍ന്നാല്‍ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നല്‍കി. വ്യാപാരവും ചര്‍ച്ചകളും ഭീകരതക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.