പെരുമണ്‍ ദുരന്തം നടന്ന ദിവസം ജനനം; ചെറുപ്പം മുതല്‍ പ്രത്യേക സ്വഭാവക്കാരന്‍; മകനെ ഡോക്ടറാക്കാന്‍ ഫിലിപ്പീന്‍സില്‍ അയച്ചെങ്കിലും പഠനം ഉപേക്ഷിച്ചു മടങ്ങി; ഓസ്ട്രേലിയയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് പഠനവും പാതിവഴിയില്‍ മുടങ്ങി; സ്വയം നിര്‍മ്മിച്ച വീഡിയോ ഗെയിം കാണിക്കാന്‍ വിളിച്ചുവരുത്തി കൂട്ടകൊലപാതകം; കോടിക്കണക്കിന് സ്വത്തിന്റെ ഉടമ കേഡലിന്റെ ശിഷ്ടജീവിതം ഇനി ജയിലഴിക്കുള്ളില്‍

കേഡലിന്റെ ശിഷ്ടജീവിതം ഇനി ജയിലഴിക്കുള്ളില്‍

Update: 2025-05-13 09:39 GMT

തിരുവനന്തപുരം: മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയിട്ടും തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കൂസലില്ലാതെ, പുഞ്ചിരിയോടെ നില്‍ക്കുന്ന കേഡല്‍ ജീന്‍സണ്‍ രാജയുടെ ദൃശ്യങ്ങള്‍ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. കേരളം ഞെട്ടിയ നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡലിന്റെ കൂസലില്ലാത്ത പെരുമാറ്റം കണ്ട് കണ്ടവരെല്ലാം അമ്പരന്നു. പക്ഷേ, അപ്പോഴും പുഞ്ചിരി തൂകി പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുകയായിരുന്നു കേഡല്‍. മാത്രമല്ല, സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് അനുകരിച്ച് കാണിക്കുകയുംചെയ്തു.

2017 ഏപ്രില്‍ ഒമ്പതിനാണ് തിരുവനന്തപുരം നഗരത്തില്‍ നടന്ന ആ കൂട്ടക്കൊലപാതകം കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചത്. ക്ലിഫ് ഹൗസിന് വിളിപ്പാടകലെയുള്ള 'ബെയിന്‍സ്' കോമ്പൗണ്ട് 117-ാം നമ്പര്‍ വീട്ടില്‍ വെച്ച് റിട്ട. പ്രൊഫ. രാജ തങ്കം(60), ഭാര്യയും ജനറല്‍ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജീന്‍ പത്മ(58), മകള്‍ കരോലിന(25) ഇവരുടെ ഒരു ബന്ധുവായ ലളിത(70) എന്നിങ്ങനെ നാലംഗ കുടുംബം അരംകൊലയ്ക്ക് ഇരയായി. മകന്‍ കേഡല്‍ ജിന്‍സന്‍ രാജയായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ കൊലപാതകങ്ങള്‍ക്ക് പിന്നില്‍.ഇതില്‍ ലളിതയുടെ മൃതദേഹം ഒഴികെ ബാക്കി മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ലളിതയുടെ മൃതദേഹം പോളിത്തീന്‍ കവറിലാക്കി പുതപ്പുകൊണ്ട് പൊതിഞ്ഞ നിലയിലാണ് സൂക്ഷിച്ചിരുന്നത്.

രാജ തങ്കം- ജീന്‍ പദ്മ ദമ്പതിമാരുടെ മൂത്തമകനായ കേഡല്‍ ജീന്‍സണ്‍ രാജയാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. കൃത്യം നടത്തി മൃതദേഹം കത്തിക്കുന്നതിനിടെ തീപ്പിടിത്തമുണ്ടായതോടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട് ചെന്നൈയിലേക്ക് മുങ്ങിയ പ്രതിയെ തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പോലീസ് കൈയോടെ പിടികൂടി. പക്ഷേ, കൊലപാതകത്തിന്റെ കാരണമായി തീര്‍ത്തും വിചിത്രമായ മൊഴിയാണ് കേഡല്‍ പോലീസിന് നല്‍കിയത്. 30 വയസ്സുകാരന്റെ മൊഴികേട്ട് പോലീസുകാരും ആദ്യഘട്ടത്തില്‍ അമ്പരന്നു.

ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്നായിരുന്നു കേഡല്‍ ജീന്‍സണ്‍ രാജ പോലീസിനോട് പറഞ്ഞിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി താന്‍ ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് പഠിക്കുന്നുണ്ടെന്നും ആത്മാവിനെ ശരീരത്തില്‍നിന്ന് വേര്‍പ്പെടുത്തി സ്വതന്ത്രസഞ്ചാരം സാധ്യമാക്കാനാണ് കൃത്യം നടത്തിയതെന്നും പ്രതി പറഞ്ഞിരുന്നു. എന്നാല്‍, കേഡല്‍ നടത്തിയ കൂട്ടക്കുരുതി തികച്ചും ആസൂത്രിതമാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കേഡലിന് മാനസികപ്രശ്നങ്ങളില്ലെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ മൊഴി വെറും പുകമറ മാത്രമാണെന്നും പോലീസ് അന്ന് പറഞ്ഞിരുന്നു.

പോലീസ് പിടിയിലായി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പുഞ്ചിരിച്ച് ഉല്ലാസവാനായാണ് കേഡല്‍ കൂട്ടക്കുരുതി നടന്ന ആ വീട്ടിലേക്ക് പ്രവേശിച്ചത്. മുഖം ഉയര്‍ത്തിപ്പിടിച്ച് എല്ലാവരെയും നോക്കി പ്രതി പുഞ്ചിരിച്ചു. ബന്ധുക്കളെയും അയല്‍വാസികളെയുമെല്ലാം നോക്കി. ഒന്നരമണിക്കൂറോളം നീണ്ട തെളിവെടുപ്പിനിടെയും പ്രതിക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. മഴുകൊണ്ടുള്ള കൊലപാതകം പോലീസിന് മുന്നില്‍ അനുകരിച്ച് കാണിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നാലെ നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ പ്രൊഫ. രാജ തങ്കത്തിന്റെ വീട് അനാഥമായി കിടക്കുകയാണ്.

പൂട്ടിയ നിലയില്‍ തുരുമ്പെടുത്ത് തുടങ്ങിയ ഗേറ്റ്, മെയിന്‍ ഗേറ്റില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയാകെ ഒരാള്‍പൊക്കത്തില്‍ അധികം ഉയരത്തില്‍ കാട് പിടിച്ച് കിടക്കുന്നു, റോഡില്‍ നിന്ന് നോക്കിയാല്‍ അവിടെ ഒരു വീടുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കാട് വളര്‍ന്നിരിക്കുന്നു. സമീപത്തെ വീടുകളില്‍ ആള്‍ത്താമസമുണ്ടെങ്കിലും ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീടിന് മുന്നിലെത്തിയാല്‍ ഇപ്പോഴും ഭയപ്പെടുത്തുന്ന ഏകാന്തതയാണ്. നന്ദന്‍കോട് കൂട്ടക്കൊലപാതകം നടന്ന വീടിന്റെ ഇപ്പോഴത്തെ നേര്‍ചിത്രമിതാണ്.

നന്ദന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന കോടികള്‍ വിലയുള്ള വീടും ഒപ്പം തിരുവനന്തപുരം ജില്ലയിലെ മറ്റ് ഭാഗങ്ങളിലും തമിഴ്നാട്ടിലുമായി സ്ഥിതി ചെയ്യുന്ന കോടികളുടെ സ്വത്തുക്കളും ഇന്ന് നോക്കാന്‍ ആളില്ലാതെ കിടക്കുകയാണ്. ഈ സ്വത്തിന്റെയെല്ലാം അവകാശിയായ കേഡലാകട്ടെ ഇനി ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുമോയെന്നറിയാത്ത സ്ഥിതിയിലും.

പ്രത്യേക സ്വഭാവക്കാരന്‍

പെരുമണ്‍ ദുരന്തം നടന്ന ദിവസം ജനിച്ച കേഡല്‍ ചെറുപ്പം മുതല്‍ തന്നെ പ്രത്യേക സ്വഭാവത്തിനുടമയായിരുന്നു. കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെയാണ് രാജതങ്കം മകനെ എംബിബിഎസ് പഠനത്തിനായ് ഫിലിപ്പീന്‍സിലേക്ക് അയച്ചത്. എന്നാല്‍ കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഠനം ഉപേക്ഷിച്ച് കേഡല്‍ മടങ്ങി വന്നു. പിന്നീട് കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് അയച്ചു.

അവിടെയും പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരികെയെത്തി. പിന്നീട് വീട്ടിലെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലായി കേഡലിന്റെ ജീവിതം.ആസ്ട്രല്‍ പ്രൊജക്ഷന്‍ ചാത്തന്‍ സേവ തുടങ്ങിയവയില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്ന കേഡല്‍ വീഡിയോ ഗെയിം നിര്‍മ്മിക്കുകയായിരുന്നു മുറിയിലെ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍. എല്ലാ വീഡിയോ ഗെയിമുകളിലും യുദ്ധവും കൊലപാതകവും ചോരയും നിറഞ്ഞ് നില്‍ക്കുന്നവയായിരുന്നു. താന്‍ നിര്‍മ്മിച്ച ഒരു വീഡിയോ ഗെയിം കാണിക്കാനെന്ന് പറഞ്ഞ് താഴത്തെ നിലയില്‍ നിന്ന് അമ്മയെ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി കമ്പ്യൂട്ടറിന് മുന്നിലിരുത്തിയ ശേഷം പിന്നില്‍ നിന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

ഇതിന് ശേഷം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ മഴു ഉപയോഗിച്ച് വെട്ടി നുറുക്കി ശുചിമുറിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ താഴേക്ക് വന്ന കേഡല്‍ അച്ഛനും സഹോദരിക്കും ഒപ്പം ഒന്നും സംഭവിക്കാത്തത് പോലെയിരുന്ന ഭക്ഷണം കഴിച്ചു. അമ്മ എവിടേയെന്ന് തിരക്കിയപ്പോള്‍ താന്‍ നിര്‍മിച്ച ഗെയിം കാണുന്നുവെന്നാണ് കേഡല്‍ പറഞ്ഞത്. പിന്നീട് ഇതേ രീതിയില്‍ അച്ഛനേയും സഹോദരിയേയും മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊലപതാക വിവരം ബന്ധുവായ ലളിത മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരേയും കൊലപ്പെടുത്തി.പിന്നീട് മുകളിലത്തെ നിലയിലെ ശൗചാലയത്തില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ കത്തിക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ വീടിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട സമീപവാസികള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. അപകടം മനസ്സിലാക്കിയ കേഡല്‍ ഉടനെ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി.

അന്ന് വീടിന് പുക പിടിക്കുമ്പോള്‍ കേഡല്‍ സമീപത്തെ വീടിന് മുന്നിലൂടെ ഓടി മറയുന്നത് കണ്ടതിന് ദൃക്സാക്ഷികളുമുണ്ട്. കൊല നടത്തിയ ശേഷം ഇയാള്‍ ചെന്നൈയിലേക്കാണ് രക്ഷപ്പെട്ടത്. പിന്നീട് തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസിന്റെ പിടിയിലായി.തുടര്‍ന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലുമാണ് കൊലയ്ക്ക് പിന്നില്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ ആണെന്നു പൊലീസ് കണ്ടെത്തിയത്. ശരീരത്തില്‍നിന്ന് ആത്മാവു വേര്‍പെട്ടുപോകുന്നതു കാണുന്ന ആസ്ട്രല്‍ പ്രൊജക്ഷനാണ് താന്‍ നടത്തിയതെന്ന് കേഡല്‍ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.സ്‌കീസോ ഫ്രീനിയ എന്ന മാനസികരോഗത്തിന് കേഡല്‍ ജിന്‍സണ്‍ രാജ ചികിത്സയിലായിരുന്നെന്ന് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ കെ.ജെ.നെല്‍സണ്‍ നേരത്തേ കോടതിയില്‍ മൊഴിനല്‍കിയിരുന്നു.

പ്രതി കേഡല്‍ ജിന്‍സന്‍ രാജയ്ക്ക് കൊലപാതകത്തിനു മുന്‍പ് മാനസിക പ്രശ്നമുണ്ടായിരുന്നോയെന്നു അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കേസ് പരിഗണിക്കുമ്പോഴായിരുന്നു ഇത്. അന്വേഷണ ഉദ്യോഗസ്ഥരോടാണ് അനുബന്ധ റിപ്പോര്‍ടായി ഇക്കാര്യം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള കേഡലിനെ കാണാന്‍ ഒരേയൊരു സന്ദര്‍ശകന്‍ മാത്രമാണ് ആദ്യ ആറ് വര്‍ഷത്തിനുള്ളില്‍ ജയിലില്‍ എത്തിയത്.

അമ്മ ജീന്‍ പത്മയുടെ സഹോദരന്‍ ജോസ് ആയിരുന്നു ആ സന്ദര്‍ശകന്‍. എന്നാല്‍ പിന്നീട് കുറച്ച് കാലമായി ഇയാളും എത്താറില്ല. മാനസിക രോഗം കാരണമാണ് കൊലപാതകം ചെയ്തതെന്നും ചികിത്സയ്ക്ക് പോകുന്നതിനായി ജാമ്യം അനുവദിക്കണമെന്നും കേഡല്‍ ആവശ്യപ്പെട്ടെങ്കിലും ഈ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേഡലിന് നിലവില്‍ നല്‍കി വരുന്ന ചികിത്സ തുടര്‍ന്നും ലഭ്യമാക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നാണ് ജാമ്യാപേക്ഷ നിഷേധിച്ച കോടതി നിര്‍ദേശിച്ചത്.

ജയിലിലും വിചിത്രമായ പെരുമാറ്റം

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ച കേഡലിന്റെ ജയിലിലെ പെരുമാറ്റവും അടിമുടി വിചിത്രമായിരുന്നു. ജയില്‍വാസത്തിനിടെ കേഡല്‍ സഹതടവുകാരനെ ആക്രമിച്ച സംഭവവുമുണ്ടായി. ഇതോടെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കായിരുന്നു കേഡലിന്റെ വാസം. ഇതിനിടെ, വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതോടെ കൂട്ടക്കൊലക്കേസിലെ വിചാരണ ആരംഭിക്കാനും ഏറെനാള്‍ വൈകിയിരുന്നു.

ജയിലില്‍ കളിയും ചിരിയുമായി കഴിഞ്ഞിരുന്ന കേഡല്‍ ആദ്യനാളുകളില്‍ ജയില്‍ ജീവനക്കാര്‍ക്കും അത്ഭുതമായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ ചെലുത്താറില്ലെന്നതൊഴിച്ച് മറ്റു പ്രശ്നങ്ങളൊന്നും ജയിലില്‍ ഉണ്ടാക്കിയിരുന്നില്ല. ഇതിനിടെ ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി കേഡല്‍ ഗുരുതരാവസ്ഥയിലായി. ഏറെദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്.

ജയിലില്‍വെച്ച് താന്‍ മാതാപിതാക്കളുമായി സംസാരിക്കാറുണ്ടെന്നായിരുന്നു കേഡലിന്റെ അവകാശവാദം. പത്തുവര്‍ഷത്തിലേറെ ആസ്ട്രല്‍ പ്രൊജക്ഷനും സാത്താന്‍സേവയും പരിശീലിച്ച തനിക്ക് ആത്മാക്കളുമായി സംസാരിക്കാന്‍ കഴിയുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പലപ്പോഴും കേഡലിന്റെ വിചിത്രമായ അവകാശവാദങ്ങളും പെരുമാറ്റവും ജയില്‍ജീവനക്കാരെ അമ്പരപ്പിച്ചു.

പ്രതി മാനസികാരോഗ്യം വീണ്ടെടുത്തതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതോടെ കഴിഞ്ഞ നവംബറിലാണ് നന്തന്‍കോട് കൂട്ടക്കൊല കേസില്‍ വിചാരണ ആരംഭിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കേഡല്‍ കുറ്റം നിഷേധിച്ചിരുന്നു. തനിക്ക് മാനസികപ്രശ്നമുണ്ടെന്നായിരുന്നു ഇയാള്‍ കോടതിയിലും വാദിച്ചത്.നന്തന്‍കോട് കൂട്ടക്കൊല, കുടുംബാംഗങ്ങള്‍, കേഡല്‍ ജീന്‍സണ്‍ രാജ

Tags:    

Similar News