മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ രക്ഷാപ്രവര്‍ത്തന് ഇറങ്ങിയ യുവാവ് അല്‍പ സമയത്തിനു ശേഷം മറ്റൊരു അപകടത്തില്‍ മരിച്ചു; ബാലരാമപുരത്തിന് വേദനയായി രണ്ട് അപകടങ്ങള്‍; നാലു മരണവും; വീട്ടിലേക്ക് സാധനം വാങ്ങാനുള്ള യാത്രയില്‍ മനോജിന് അപകട മരണം
തിരുവനന്തപുരം: ബാലരാമപുരത്തെ വേദനയിലാക്കി നാലു മരണങ്ങള്‍. മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ യുവാവ് അല്‍പസമയത്തിനു ശേഷം മറ്റൊരു അപകടത്തില്‍ മരിച്ചതും സമാനതകളില്ലാ ദുരന്തമായി. ബാലരാമപുരത്തിനു സമീപമാണ് ഒന്നേകാല്‍ മണിക്കൂറിനിടെ രണ്ട് സ്‌കൂട്ടര്‍ അപകടങ്ങളിലായി നാലു പേര്‍ മരിച്ചത്.
കരമന കളിയിക്കാവിള പാതയില്‍ മുടവൂര്‍പാറയ്ക്കു സമീപമാണ് ബുധനാഴ്ച രാത്രി 11.30ന് ആദ്യ അപകടമുണ്ടായത്. നിര്‍ത്തിയിട്ട തമിഴ്‌നാട് റജിസ്‌ട്രേഷന്‍ ലോറിക്കു പിന്നിലേക്ക് മൂന്നു പേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചതായിരുന്നു ആദ്യ അപകടം. പെരുമ്പഴുതൂര്‍ കളത്തുവിള ബി.ആര്‍.നിലയത്തില്‍ രാജന്‍-ബീന ദമ്പതികളുടെ മകന്‍ അഖില്‍ (19), കളത്തുവിള പൂവന്‍വിള വീട്ടില്‍ തങ്കരാജ്-ശ്രീജ ദമ്പതികളുടെ മകന്‍ സാമുവല്‍ (22) എന്നിവര്‍ സംഭവസ്ഥലത്തും റസല്‍പുരം തേവരക്കോട് കിഴക്കിന്‍കര പുത്തന്‍ വീട്ടില്‍ ഷൈജു-സീമ ദമ്പതികളുടെ മകന്‍ അഭിന്‍(19) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടുമാണ് മരിച്ചത്. ഇവരെല്ലാം ബാലരാമപുരം നെയ്യാറ്റിന്‍കര മേഖയിലുള്ളവരാണ്.
ഈ അപകടത്തില്‍പെട്ടവരെ ആംബുലന്‍സില്‍ കയറ്റുന്നതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ചശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് മനോജിന്റെ അപകടം. മനോജ് സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുടവൂര്‍പാറ ചാത്തലമ്പാട്ടുകോണം സന്തോഷ് ഭവനില്‍ സന്തോഷ് ഉഷ ദമ്പതികളുടെ മകനാണ് ഇരുപത്തിയാറുകാരനായ മനോജ്. രാത്രി 12.45ന് ആണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ബാലരാമപുരത്തേക്കു പോയി മടങ്ങുകയായിരുന്നു ഇലക്ട്രീഷ്യനായ മനോജ്. സഹോദരന്‍: ശിവന്‍.
അഖിലും സാമുവലും അഭിനും ഭക്ഷണം കഴിക്കാന്‍ ബാലരാമപുരത്ത് എത്തിയതായിരുന്നു. ഐടിഐ പഠനം പൂര്‍ത്തിയാക്കി പിഎസ്സി പരിശീലനം നടത്തുകയായിരുന്നു അഖില്‍. സഹോദരി: അഖില. പന്തല്‍ നിര്‍മാണ തൊഴിലാളിയാണ് സാമുവല്‍. സനിത, സബിത എന്നിവര്‍ സഹോദരിമാരാണ്. അഭിന്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. സഹോദരി: അഭിയ.