'അവര്‍ എത്തിയത് രണ്ടു വാഹനങ്ങളില്‍; മുഖം മൂടിയിരുന്നു; ആദ്യം ശ്രമിച്ചത് ഉപ്പയെ തട്ടിക്കൊണ്ടുപോകാന്‍; പിന്നില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം'; മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന്‍ കൊടുക്കാനുള്ളത് ലക്ഷങ്ങളെന്നും അമ്മ ജമീല; കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് അമ്മ ജമീല
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ആയുധങ്ങളുമായി എത്തിയ സംഘം യുവാവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടി കൊണ്ടുപോയത്. അനൂസ് വിദ്യാര്‍ത്ഥിയാണ്. വൈകിട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് അനൂസിന്റെ അമ്മ ജമീല വെളിപ്പെടുത്തി.
സംഘം വീട്ടിലെത്തിയത് രണ്ടു വാഹനങ്ങളിലായാണ്. ഇവര്‍ മുഖം മൂടിയിരുന്നു. ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും അത് തടയാന്‍ എത്തിയപ്പോഴാണ് അനൂസിന് നേരെ തിരിഞ്ഞതെന്നും ജമീല പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന്‍ കൊടുക്കാനുള്ളത് ലക്ഷങ്ങളാണെന്നും ഒരാള്‍ക്ക് മാത്രം 35 ലക്ഷം കൊടുക്കാനുണ്ടെന്നും അമ്മ ജമീല പറഞ്ഞു.
കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ന് വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ കയ്യില്‍ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്. KL 65 L8306 നമ്പര്‍ കാറിലാണ് സംഘം എത്തിയത്. ഇവര്‍ കടന്നുകളയുന്നതിന്റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം.
സംഘം വൈകുന്നേരം വീട്ടിലെത്തി ബെല്ലടിച്ചു. ആ സമയത്ത് അനൂസിന്റെ പിതാവ് പുറത്തേക്ക് വന്നു. സംഘത്തിലെ രണ്ട് പേര്‍ മുന്‍പും വീട്ടില്‍ വന്നിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. പൈസ തരാം സാവകാശം തരണം എന്നു പറഞ്ഞെങ്കിലും അനൂസിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നും അമ്മ ജമീല പ്രതികരിച്ചു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.
പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്. സംഘത്തിലുള്ള ഒരാളെ കണ്ട് പരിചയമുണ്ടെന്നും അയാള്‍ രണ്ട് തവണ വീട്ടില്‍ വന്നിട്ടുള്ളതാണെന്നും ഉമ്മ ജമീല പറയുന്നു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകാനുള്ള കാരണമെന്ന് ജമീല പറയുന്നു. പണം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. സാവകാശം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.