അര്‍ജന്റീനയ്ക്കും നമുക്കും കളി നടത്തണമെന്നാണ് ആഗ്രഹം; സ്പോണ്‍സര്‍ പണമടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്; അര്‍ജന്റീന ടീമുമായി താനും ബന്ധപ്പെട്ടു; എന്തെങ്കിലും പ്രശ്‌നമുള്ളതായി അവര്‍ പറഞ്ഞിട്ടില്ല; വരവ് ഉപേക്ഷിച്ചിട്ടുമില്ല; പേമെന്റ് അവിടെയെത്തിയാല്‍ മറ്റ് തടസങ്ങളൊന്നുമില്ല: മെസി എത്തുമെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍

Update: 2025-05-18 07:19 GMT

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുന്നത് സംബന്ധിച്ച ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജന്റീനയ്ക്കും നമുക്കും കളി നടത്തണമെന്നാണ് ആഗ്രഹം. സ്പോണ്‍സര്‍ പണമടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അര്‍ജന്റീന ടീമുമായി താനും ബന്ധപ്പെട്ടു. എന്തെങ്കിലും പ്രശ്‌നമുള്ളതായി അവര്‍ പറഞ്ഞിട്ടില്ല, വരവ് ഉപേക്ഷിച്ചിട്ടുമില്ല. പേമെന്റ് അവിടെയെത്തിയാല്‍ മറ്റ് തടസങ്ങളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. അതായത് പണമില്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് മന്ത്രി പറയുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും മറ്റും അംഗീകാരമടക്കം വേണ്ട കാര്യങ്ങളാണിവ. അര്‍ജന്റീന ടീം മാനേജ്മെന്റ് ഇവിടെ വന്ന് വിവരങ്ങള്‍ കൃത്യമായി അറിയിക്കും. അടുത്തയാഴ്ച കൂടുതല്‍ വിവരങ്ങള്‍ പറയാം. എന്നാണ് കളിയെന്നത് അടക്കമുള്ള കാര്യങ്ങളറിയിക്കാന്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. ഒക്ടോബറിലാണ് അവരുടെ ഇന്റര്‍നാഷനല്‍ ബ്രേക്ക്. ആ സമയത്ത് കളി നടക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലോ കൊച്ചിയിലോ മത്സരം നടത്താം. സ്റ്റേഡിയങ്ങളെക്കുറിച്ചും ആശങ്കയില്ല- മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ അനുസരിച്ചാണെങ്കില്‍ മെസി എത്തുമെന്ന് വേണം കരുതാന്‍.

മെസിയും അര്‍ജന്റീനയും ഈവര്‍ഷം കേരളത്തിലെത്താനുള്ള സാധ്യതകള്‍ അടയുന്നുവെന്ന റിപ്പോര്‍ട്ടാണ് മന്ത്രി തള്ളുന്നത്. ഒക്ടോബറില്‍ ചൈനയിലും നവംബറില്‍ അംഗോളയിലും ഖത്തറിലുമായിരിക്കും ടീം കളിക്കുകയെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നാണ് വിവരം. അപ്പോഴും മെസിവരുമെന്ന് ആവര്‍ത്തിക്കുകയാണ് കായിക മന്ത്രി. ആറ് മാസം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2024 നവംബര്‍ 20നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രഖ്യാപനം. ഒന്നര മാസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധകളുടെ സന്ദര്‍ശനം ഇതുവരെ ഉണ്ടായില്ല.

ഇന്ത്യയില്‍ കളിക്കുന്നതിനെ കുറിച്ച് ക മ എന്നൊരക്ഷരം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മിണ്ടിയിട്ടില്ല. അപ്പോഴും മന്ത്രി പല തവണ പല സ്ഥലങ്ങളില്‍ ഒക്ടോബറില്‍ മെസിയെത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ ആദ്യത്തെ സ്‌പോണ്‍സര്‍ മാറി. പുതിയ സ്‌പോണ്‍സറായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് വന്നു. അങ്ങനെയിരിക്കെയാണ് അര്‍ജന്റീനയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ചാനല്‍ ടിവൈസി സ്‌പോര്‍ട്‌സിലെ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുലിന്റെ എക്‌സ് പോസ്റ്റ് വരുന്നത്.

ഒക്ടോബറില്‍ അര്‍ജന്റീന രണ്ട് സൗഹൃദ മത്സരം കളിക്കും. രണ്ടും ചൈനയിലായിരിക്കും. കുറച്ച് ദിവസങ്ങള്‍ക്കകം മറ്റൊരു പോസ്റ്റ്. നവംബറില്‍ അര്‍ജന്റീന രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ഒന്ന് അംഗോളയില്‍, മറ്റൊന്ന് ഖത്തറില്‍. അര്‍ജന്റീന ഫുട്‌ബോളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ലോകമെമ്പാടുമുള്ള ആരാധാകര്‍ ആശ്രയിക്കുന്ന ടയര്‍ വണ്‍ മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍ എഡുല്‍.

എങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മെസി വരുമെന്ന് ഇപ്പോഴും കായിക മന്ത്രിയും സ്‌പോണ്‍സറും പറയുന്നത്. പക്ഷെ എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല. അപ്പിയറന്‍സ് ഫീസായി എണ്‍പത് കോടിയോളം രൂപ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് നല്‍കണമെന്നാണ് വിവരം.

Tags:    

Similar News