കിഷ്ത്വാറില്‍ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരുണ്ടെന്ന രഹസ്യവിവരം; തിരച്ചിലിനിടെ അപ്രതീക്ഷിത വെടിവെപ്പ്; ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു; 'ഓപ് ത്രാഷി' ഓപ്പറേഷന്‍ തുടരുന്നു

ജമ്മു-കശ്മീരില്‍ സൈനികന് വീരമൃത്യു

Update: 2025-05-22 12:24 GMT
കിഷ്ത്വാറില്‍ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരുണ്ടെന്ന രഹസ്യവിവരം; തിരച്ചിലിനിടെ അപ്രതീക്ഷിത വെടിവെപ്പ്;  ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു;  ഓപ് ത്രാഷി ഓപ്പറേഷന്‍ തുടരുന്നു
  • whatsapp icon

ജമ്മു: ജമ്മു കശ്മീരില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ മുതല്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.

കിഷ്ത്വാറില്‍ ജെയ്ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടം വളഞ്ഞത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു-കശ്മീര്‍ പോലീസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. പിന്നാലെ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു.

സ്ഥലത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നും തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സൈനികന്‍ വീരമൃത്യു വരിച്ചതായും വൈറ്റ് നൈറ്റ് കോപ്സ് എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. 'ഓപ് ത്രാഷി' എന്ന് പേരിട്ട ഓപ്പറേഷന്‍ തുടരുകയാണെന്നും ഭീകരരെ ഇല്ലായ്മ ചെയ്യുന്നതിനായി സംയുക്ത പരിശ്രമം തുടരുകയാണെന്നും എക്സ് പോസ്റ്റില്‍ സേന പറയുന്നു

തെക്കന്‍ കശ്മീരിലെ ഭീകരവിരുദ്ധ ഓപറേഷനുകളില്‍ ആറ് ഭീകരരെ വധിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് കിഷ്ത്വാറിലെ ഏറ്റുമുട്ടല്‍. ഏപ്രില്‍ 22-ന് പുല്‍വാമയില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുശേഷം മേഖലയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

കിഷ്ത്വാറില്‍ മേഖലയില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടയില്‍ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ ആണിത്. നേരത്തെ സോപ്പിയാന്‍, ത്രാല്‍ അടക്കമുള്ള മേഖലകളില്‍ നിന്ന് 6 ഭീകരരെ സൈന്യം വധിച്ചിരുന്നു.

പഹല്‍ഗാം ഭീകരാക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താന്‍ ആയിട്ടില്ല. അതിനിടെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യന്വേഷണ വിഭാഗം തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് നേപ്പാള്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ പരിശീലനം ലഭിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഐഎസ്‌ഐ നിര്‍ദേശപ്രകാരം ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ അടക്കം ഇവര്‍ ശേഖരിച്ചിരുന്നു എന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

Similar News