അമ്പൂരിയിൽ നടന്നത് അപൂർവങ്ങളിൽ അപൂർവം; പുലിയെ നേരിൽ കണ്ടതിന്റെ നടുക്കം മാറാതെ നാട്ടുകാർ; കെണിയിൽ കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞത് മണിക്കൂറുകൾ; വാരിയെല്ലുകൾ സഹിതം ഒടിഞ്ഞുമാറി; ആ സംഭവത്തിൽ വനംവകുപ്പ് കേസെടുക്കുമ്പോൾ
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി രണ്ടു വാച്ചർമാരെയും നിയോഗിച്ചിരുന്നു. അതുപോലെ അമ്പൂരിയിൽ നടന്നത് അപൂർവങ്ങളിൽ അപൂർവമായ സംഭവമായിരുന്നു. ഇപ്പോൾ പുലിയെ നേരിൽ കണ്ടതിന്റെ നടുക്കം മാറാതെയാണ് നാട്ടുകാർ ഉള്ളത്. ഇതോടെ അമ്പൂരി വാസികൾക്ക് പുലി ആശങ്കയും ഉയർന്നിരിക്കുകയാണ്.
ഇപ്പോഴിതാ, കാട്ടുപന്നിക്ക് വച്ച കെണിയിൽ കുടുങ്ങി പുലി ചത്ത സംഭവത്തിൽ വനംവകുപ്പ് കേസെടുത്തിരിക്കുകയാണ്. കെണി വച്ചതിനാണ് നെയ്യാർ അസിസ്‌റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ വന കുറ്റകൃത്യം ചുമത്തി കേസെടുത്തത്. ഇത് പ്രാഥമിക നടപടിയാണെന്നും ആരെയും പ്രതിചേർത്തിട്ടില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെണിവെയ്ക്കാനുള്ള സാഹചര്യം ഉൾപ്പടെ പരിശോധിക്കും. പുലിയെ കണ്ടെത്തിയ കൃഷിയിടത്തിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്. അമ്പൂരി തൊടുമല കാരിക്കുഴി കോഴിക്കണ്ടം മലയുടെ അടിവാരത്ത് ടി ഷൈജുവിന്‍റെ പുരയിടത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൂന്നര വയസുള്ള പെൺ പുലിയെ കണ്ടത്.
മയക്കുവെടി വച്ച ശേഷം നെയ്യാർ ലയൺ സഫാരി പാർക്കിൽ നിരീക്ഷണത്തിൽ കഴിയുകയും പിറ്റേന്ന് രാവിലെ ചത്തു. പതിനെട്ട് മണിക്കൂറിലേറെ പുലി കെണിയിൽ കുരുങ്ങിക്കിടന്നെന്നാണ് നിഗമനം. രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞ് കമ്പി തറച്ച നിലയിലായിരുന്നു പുലിയെ കണ്ടത്. വൃക്ക, കരൾ എന്നിവയ്ക്ക് സാരമായ മുറിവേറ്റിരുന്നു. ഉദര ഭാഗത്തായിരുന്നു കൂടുതൽ പരുക്ക്. പുലിയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനാ ലാബിലേക്ക് മാറ്റാനായിരുന്നു തീരുമാനം എടുത്തത്.
അതേസമയം, ജില്ലയിൽ പിടികൂടുന്ന വന്യമൃഗങ്ങൾ നിരീക്ഷണത്തിലിരിക്കെ ചാവുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിതുര മാങ്കാലയിലെ റബർ തോട്ടത്തിൽ കിണറ്റിൽ വീണ കാട്ടുപോത്ത് ചികിത്സ നൽകുന്നതിനിടെ ചത്തത്. 2023 ഏപ്രിലിൽ വെള്ളനാട് കണ്ണംമ്പള്ളി കുറിഞ്ചിലക്കോടി കിണറ്റിൽ വീണ കരടിയെ മയക്കുവെടി വച്ച് വലയിൽ കെട്ടി കയറ്റവെ താഴെ വീണ് കരടി മുങ്ങിച്ചത്തു. 2017 ൽ ബോണക്കാട് കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞിരുന്നു. പുലി ചത്തതിന് പിന്നാലെയാണ് വിശദമായ അന്വേഷണത്തിനാണ് വനംവകുപ്പ് തീരുമാനം എടുത്തത്.