വിസി നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ടുധ്രുവങ്ങളില്‍; പ്രശ്‌നം പരിഹരിക്കാന്‍ കൈകൂപ്പി അപേക്ഷിക്കുന്നെന്ന് സുപ്രീം കോടതി; സേര്‍ച്ച് കമ്മിറ്റി തങ്ങള്‍ നിയമിക്കാമെന്നും പേരുകള്‍ തരാനും കോടതി നിര്‍ദ്ദേശം; താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയല്ലെന്ന് വിമര്‍ശനം; പ്രതിസന്ധി വഷളാകാതിരിക്കാന്‍ ഇനി ഊന്നല്‍ സ്ഥിരം വിസി നിയമനത്തില്‍
വിസി നിയമനത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ കൈകൂപ്പി അപേക്ഷിക്കുന്നെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സിമാരെ കണ്ടെത്താനുള്ള സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കത്തില്‍ അസാധാരണ ഇടപെടലുമായി സുപ്രീംകോടതി. വിസി നിയമനത്തില്‍ ഇരുപക്ഷവും രണ്ടുധ്രുവങ്ങളില്‍ തുടര്‍ന്നതോടെയാണ് കോടതി ഇടപെട്ടത്. പ്രശ്‌നം പരിഹരിക്കാന്‍ കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.
തങ്ങള്‍ നിയോഗിക്കുന്ന സേര്‍ച്ച് കമ്മിറ്റിയിലേക്ക് അഞ്ച് പേരെ നിര്‍ദ്ദേശിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും യുജിസിക്കും പേരുകള്‍ നല്‍കാം. നാളെ പേരുകള്‍ നിര്‍ദേശിക്കണം. സേര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍നിന്ന് ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് നടത്തണം.
സേര്‍ച്ച് കമ്മറ്റിയുടെ കാര്യത്തില്‍ എന്തിനാണ് സ്തംഭാനാവസ്ഥ സൃഷ്ടിക്കുന്നത് എന്ന് കോടതി ഗവര്‍ണറോട് ചോദിച്ചു. താല്‍കാലിക വിസിമാര്‍ക്കെതിരായ തര്‍ക്കം മുന്നോട്ട് കൊണ്ടുപോകരുതെന്ന് സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസിമാരുടെ പുനര്‍നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.
യുജിസി ചട്ടമനുസരിച്ചുമാത്രമേ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. സെര്‍ച്ച് കമ്മിറ്റിയുടെ കാര്യത്തില്‍ എന്തിനാണ് തര്‍ക്കമെന്നും കോടതി ചോദിച്ചു. തര്‍ക്കം ഒഴിവാക്കിയില്ലെങ്കില്‍ അഞ്ചംഗ കമ്മിറ്റിയെ കോടതി നിയോഗിക്കുമെന്ന് ജസ്റ്റിസ് പര്‍ദ്ദിവാല വ്യക്തമാക്കി.നാളെ കേസ് വീണ്ടും പരിഗണിക്കും.
ഗവര്‍ണര്‍ ഏകപക്ഷീയമായാണ് താല്‍ക്കാലിക വിസിമാരെ നിയമിച്ചതെന്നും ഇത് ചട്ടവിരുദ്ധമായതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നുമാണ് കേരളം നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിന് വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ആര്‍ക്കാണ് അധികാരമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിനാണ് അധികാരമെന്ന് സര്‍ക്കാര്‍ വാദിച്ചു. അങ്ങനെയാണ് ചട്ടങ്ങളില്‍ കാണുന്നതെന്ന് കോടതിയും പറഞ്ഞു. തുടര്‍ന്നാണ്, തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ തങ്ങള്‍ നിയമിക്കാമെന്ന് കോടതി പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയല്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. താത്കാലിക വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് സാങ്കേതിക സര്‍വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും ഡിജിറ്റര്‍ സര്‍വകലാശാല ആക്ടിന്റെ 11 (10) പ്രകാരവുമാണെന്നാണ് തങ്ങളുടെ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, നിലവില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി വഷളാക്കരുതെന്ന് സുപ്രീംകോടതി അഭ്യര്‍ഥിച്ചു
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാര്‍ വാദിച്ചു.കേരള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ നേരത്തെ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അന്ന് സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.