ഇന്ത്യന്‍ സമ്പന്നര്‍ക്കിടയില്‍ ട്രെന്‍ഡിങ്ങായ തുര്‍ക്കി കല്യാണങ്ങള്‍ നിലയ്ക്കുന്നു; ഇതുവഴിമാത്രം 'യൂറോപ്പിലെ രോഗിക്ക്' നഷ്ടം 1200 കോടി; 60 ശതമാനം ഫ്ളൈറ്റ് ബുക്കിങും ക്യാന്‍സല്‍; തുര്‍ക്കി ആപ്പിളുകള്‍ എടുക്കാതെ വ്യാപാരികള്‍; പാക്കിസ്ഥാനെ സഹായിച്ച തുര്‍ക്കിക്ക് ഇന്ത്യാക്കാര്‍ പണി കൊടുക്കുന്നതിങ്ങനെ!
തുര്‍ക്കിക്ക് ഇന്ത്യാക്കാര്‍ പണി കൊടുക്കുന്നതിങ്ങനെ!
ഇന്ത്യയിലെ സമ്പന്നര്‍ക്കിടയില്‍ അടുത്തകാലത്ത് ട്രെന്‍ഡിങ്ങായ ഒന്നായിരുന്നു തുര്‍ക്കി വെഡ്ഡിങ്. അതായത് തുര്‍ക്കിയില്‍ പോയി ലക്ഷങ്ങള്‍ പൊടിച്ച് വിവാഹമോ അല്ലെങ്കില്‍ സേവ് ദ ഡേറ്റോ നടത്തുക. കേരളത്തില്‍ നിന്നടക്കം, തൂര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ പോയി ഇങ്ങനെ വിവാഹം കഴിച്ചവര്‍ ഉണ്ട്. 1100 കോടിരൂപയുടെ വരുമാനമാണ്, ഇന്ത്യയില്‍നിന്നുള്ള വധൂവരന്‍മാരെകൊണ്ട്, 'യൂറോപ്പിലെ രോഗിക്ക്' ഉണ്ടാവുന്നത് എന്നാണ് കണക്ക്. എന്നാല്‍ തുര്‍ക്കി ആയുധമടക്കം നല്‍കി പാക്കിസ്ഥാന് പരസ്യ പിന്തുണ കൊടുക്കുകയും, ഓപ്പറേഷന്‍ സിന്ദൂറിനെയടക്കം അപലപിക്കുകയും ചെയ്തതോടെ കടുത്ത തുര്‍ക്കി വിരുദ്ധ വികാരമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഇതോടെ ഇന്ത്യയില്‍നിന്നുള്ള പ്രണയിനികള്‍ മാത്രമല്ല, ടൂറിസ്റ്റുകള്‍ പോലും തുര്‍ക്കിയെ കൈയൊഴിയുകയാണ്.
സോഷ്യല്‍ മീഡിയിലൊക്കെ ബോയ്ക്കോട്ട് തുര്‍ക്കി കാമ്പയിനും നടക്കുന്നുണ്ട്. ഒരു പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ സ്വമേധയാ ആണ് ഇത് സംഭവിക്കുന്നത്. തുര്‍ക്കിയെപ്പോലെ പാക്കിസ്ഥാന് പിന്തുണ കൊടുത്ത അസര്‍ബൈജാനും, ഇന്ത്യാക്കാരുടെ ബഹിഷ്‌ക്കരണം നേരിടുകയാണ്. ഇതോടെ കോടികളുടെ നഷട്മാണ് ഈ രാജ്യങ്ങള്‍ക്ക് ഉണ്ടാവുന്നത്. സാമ്പത്തികമായി പാപ്പരായ പാക്കിസ്ഥാനില്‍ നിന്നാവട്ടെ ഇത് നികത്താനുള്ള ടൂറിസ്റ്റുകളെ നല്‍കാനും കഴിയില്ല.
60 ശതമാനം ഫ്ളൈറ്റ് ബുക്കിങ് ക്യാന്‍സല്‍
ഇന്ന് സൈനിക സഹായമടക്കം നല്‍കി പാക്കിസ്ഥാന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് യൂറോപ്പിലെ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ തുര്‍ക്കിയാണ്. പാക്കിസ്ഥാന്‍ പഞ്ചാബിലേക്ക് അയച്ചത് തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പാകിസ്ഥാന് പരസ്യ പിന്തുണയുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും രംഗത്തെത്തിയിരുന്നു. അസര്‍ബൈജാനും പാകിസ്ഥാന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പാക്കിസ്ഥാന്‍ ആവശ്യമുന്നയിച്ചപ്പോള്‍ അതിനെ പിന്തുണച്ച രാജ്യങ്ങളായിരുന്നു ഇരുവരും. പാക്കിസഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ നടന്ന ആക്രമണത്തെയും അവര്‍ അപലപിച്ചു. മാത്രമല്ല, പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഇരുവരും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് ഇന്ത്യയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധത്തെ സങ്കീര്‍ണമാക്കുന്നത്.
ഇന്ത്യക്കാരുടെ ബഹിഷ്‌ക്കരണം കനത്തതോടെ വിനോദസഞ്ചാരമേഖലയില്‍ കനത്ത തിരിച്ചടിയാണ് തുര്‍ക്കിക്കും അസര്‍ബൈജാനും നേരിടേണ്ടി വരുന്നത്. ഇരുരാജ്യങ്ങളിലേക്കുമുള്ള 60 ശതമാനത്തോളം ഇന്ത്യന്‍ ബുക്കിംഗുകള്‍ ക്യാന്‍സലായെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ക്യാന്‍സലേഷന്‍ നിരക്കും 250 ശതമാനമായി വര്‍ദ്ധിച്ചു. പാകിസ്ഥാനെ തുര്‍ക്കിയും അസര്‍ബൈജാനും സഹായിക്കുന്നെന്ന വാര്‍ത്തകള്‍ വന്നതോടെ പല ട്രാവല്‍ ആപ്പുകളും ഈ രാജ്യങ്ങളിലേക്കുള്ള ബുക്കിംഗുകള്‍ നിര്‍ത്തലാക്കിയിരുന്നു. പ്രമോഷന്‍ ഉള്‍പ്പെടെ നിര്‍ത്തിയും ഇരുരാജ്യങ്ങളിലേക്കും യാത്രകള്‍ ഒഴിവാക്കണമെന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുമാണ് ആപ്പുകള്‍ ഈ വാര്‍ത്തയോട് ശക്തമായി പ്രതികരിച്ചത്. തങ്ങളുടെ പാക്കേജുകളില്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം പോലും ഉപയോഗിക്കില്ലെന്ന പ്രഖ്യാപനം നടത്തിയും ഇന്ത്യന്‍ ട്രാവല്‍ കമ്പനികള്‍ രംഗത്തെത്തിയിരുന്നു.
മുമ്പ് ഇന്ത്യയുമായി തര്‍ക്കത്തിലായ മാലിദ്വീപിനും സമാന സ്ഥിതി വന്നിരുന്നു. ഇന്ത്യന്‍ സഞ്ചാരികളുടെ കുറവ് മൂലം മാലിദ്വീപ് ടൂറിസം കനത്ത പ്രതിസന്ധി നേരിട്ടിരുന്നു. ഒടുവില്‍ ഇന്ത്യയുമായി രമ്യതയിലെത്താന്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു നിര്‍ബന്ധിതനാവുകയായിരുന്നു.
തുര്‍ക്കി വിവാഹങ്ങള്‍ നിലയ്ക്കുന്നു
ഇസ്താംബൂളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരം, ബോഡ്രം തീരത്തുള്ള ബുട്ടീക് ഹോട്ടലുകള്‍, ചരിത്രമുറങ്ങുന്ന ഇടങ്ങള്‍...ഇവിടെയല്ലാം പോയി ഫോട്ടോ എടുത്ത് വെഡ്ഡിങ്് ആഘോഷിക്കുന്നത്, ഇന്ത്യന്‍ സമ്പന്നര്‍ക്കിടയില്‍ ഫാഷനായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അവര്‍ എല്ലാം തുര്‍ക്കിയാത്രയില്‍നിന്ന് പിന്‍വലിഞ്ഞിരിക്കയാണ്. തുര്‍ക്കിയില്‍ പോയുള്ള വിവാഹം വേണ്ടെന്ന് ഇന്ത്യക്കാര്‍ തീരുമാനിച്ചതോടെ തുര്‍ക്കിക്ക് ഈ രംഗത്ത് 1200 കോടിയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 'സമ്പന്നരായ ഇന്ത്യക്കാരില്‍ പലരും തുര്‍ക്കിയെ നല്ലൊരു വിവാഹഡെസ്റ്റിനേഷനായി കാണുന്നവരാണ്. ഇപ്പോള്‍ അവര്‍ അവിടെപ്പോയി വിവാഹം ചെയ്യേണ്ടെന്ന് തീരുമാനിച്ചതോടെ 14 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് തുര്‍ക്കി ടൂറിസം മേഖലയ്ക്ക് ഉണ്ടാകുന്നത്.''- കെസ്റ്റോണ്‍ ഉത്സവ് എന്ന വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയുടെ സീനിയര്‍ പ്രതിനിധി നിഖില്‍ മഹാജന്‍ പറയുന്നു.
തുര്‍ക്കിയില്‍ പോയി ഇന്ത്യക്കാര്‍ വിവാഹം ചെയ്യുമ്പോള്‍ പ്രാദേശികമായി ഒട്ടേറെ ഇവന്റ് മാനേജ് മെന്റ് കമ്പനികളും അതുമായി സഹകരിക്കാറുണ്ട്. ഇവര്‍ക്ക് തൊഴില്‍ നഷ്ടവും ഉണ്ടാകും.2024-ല്‍ ഇവിടെ ഇന്ത്യയില്‍ നിന്നുള്ളവരുടെ 50 വിവാഹങ്ങള്‍ നടന്നു. ഓരോ വിവാഹത്തിനുള്ള ഏകദേശം 30 ലക്ഷം ഡോളര്‍ ആണ് ചെലവിടുന്നത്. ചില വിവാഹങ്ങള്‍ക്ക് 80 ലക്ഷം ഡോളര്‍ വരെ ചെലവിട്ടിട്ടുണ്ട്. 500 അതിഥികള്‍ക്ക് മൂന്ന് രാത്രി തങ്ങാനുള്ള പാക്കേജാണ് വിവാഹ ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ തുര്‍ക്കിയിലെ ഹോട്ടലുകള്‍ നല്‍കുന്നത്. വിമാനത്താവളത്തില്‍ നിന്നുള്ള പിക്കപും ഡ്രോപും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാണ്. 2024ല്‍ മാത്രം 15 ബില്യണ്‍ ഡോളര്‍ ആണ് വിവാഹ ഇനത്തില്‍ മാത്രം തുര്‍ക്കിക്ക് ഇന്ത്യക്കാരില്‍ നിന്ന് ലഭിച്ചത് ഇത് പൂര്‍ണ്ണമായും നഷ്ടമാവും.
മാത്രമല്ല, മാര്‍ബിള്‍, ആപ്പിള്‍, സ്വര്‍ണ്ണം പച്ചക്കറികള്‍, സിമന്റ്, നാരങ്ങ എന്നിവയാണ് തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. വലിയ തോതിലുള്ള ആപ്പിള്‍ കയറ്റുമതിയാണ് തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് നടക്കുന്നത്. തുര്‍ക്കി ആപ്പിളുകള്‍ക്ക് പൂനെയിലെ പഴക്കച്ചവടക്കാര്‍ അനൗദ്യോഗിക നിരോധനം ഏര്‍പ്പെടുത്തിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ നോട്ടപ്പുള്ളിയായതോടെ തുര്‍ക്കിയുടെ ആപ്പിളുകള്‍ക്ക് ഡിമാന്റ് കുറയുന്നതായാണ് വിവരം. ഇതിനിടെ ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലകളുമായുള്ള അക്കാദമിക് സഹകരണം അവസാനിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ സര്‍വകലാശാലകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, ശതകോടികളുടെ നഷ്ടമാണ് തുര്‍ക്കിക്ക് ഉണ്ടാവുന്നത്.