പാര്‍ട്ടി എത്രയോ വലുതാണ്, ഞാനെത്രയോ ചെറുതാണ്, ഞാന്‍ എന്തുപാര്‍ട്ടിയെ വെല്ലുവിളിക്കാനാണ്? സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് കൊണ്ട് പാര്‍ട്ടി അംഗത്വം നിഷേധിച്ചിട്ടല്ലോ, പുറത്താക്കിയിട്ടില്ലല്ലോ; കണ്ണൂരില്‍ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കെ.സുധാകരന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല; പാര്‍ട്ടിക്ക് വിധേയനാകണമെന്ന അനുനയത്തിന് വഴങ്ങി കണ്ണൂരിലെ തീപ്പൊരി നേതാവ്; കോണ്‍ഗ്രസിന് ആശ്വാസം

കെ.സുധാകരന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല;

Update: 2026-03-19 14:38 GMT

ന്യൂഡല്‍ഹി: കണ്ണൂരില്‍ സീറ്റ് നിഷേധിച്ചതോടെ കെ.സുധാകരന്‍ പൊട്ടിത്തെറിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കോണ്‍ഗ്രസ് അവസാനഘട്ട പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സുധാകരന്‍ ഡല്‍ഹിയില്‍ ഫ്‌ളാറ്റില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങവേ പ്രതികരിച്ചത്. കോണ്‍ഗ്രസ് വിടില്ലെന്നും സ്വതന്ത്രനായി മത്സരിക്കാന്‍ ഇല്ലെന്നും കോണ്‍ഗ്രസില്‍ അല്ലാതെ വേറെ എവിടെയാണ് പോകേണ്ടതെന്നും, പാര്‍ട്ടിയെ വെല്ലുവിളിക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പട്ടികയില്‍ ഇല്ലെന്ന് ബോധ്യമായതോടെ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും നാലുദിവസത്തെ അനിശ്ചിതത്വത്തിനും ഇതോടെ വിരാമമായി.

പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്ന് സുധാകരന്‍ വ്യക്തമാക്കി,. സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് കൊണ്ട് പാര്‍ട്ടി അംഗത്വം നിഷേധിച്ചിട്ടല്ലോ, പുറത്താക്കിയിട്ടില്ലല്ലോ എന്നുഅദ്ദേഹം പറഞ്ഞു. പാര്‍ട്ടി എത്രയോ വലുതാണ്, ഞാനെത്രയോ ചെറുതാണ്, ഞാന്‍ എന്തുപാര്‍ട്ടിയെ വെല്ലുവിളിക്കാനാണ്? താന്‍ പാര്‍ട്ടിക്ക് വിധേയനാണ്, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. എനിക്ക് എല്ലായിടത്തും ആളുകളുണ്ട്, അവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും-ഇങ്ങനെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

കെ സുധാകരനെ തഴഞ്ഞ് മുന്‍ മേയര്‍ ടി.ഒ. മോഹനനെയാണ് കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തോട് 'ഗുഡ് ബൈ' പറഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന കടുത്ത നിലപാടിലേക്ക് സുധാകരന്‍ നീങ്ങിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, നാലുദിവസം നീണ്ട അനിശ്ചിതത്വം സുധാകരന്റെ പ്രതികരണത്തോടെ നീങ്ങിയിരിക്കുകയാണ്.

നാടകീയ നീക്കങ്ങള്‍ ഇങ്ങനെ:

കണ്ണൂര്‍ സീറ്റ് നിഷേധിച്ചാല്‍ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരന്‍ കെ.സി. വേണുഗോപാലിനെ നേരിട്ട് അറിയിച്ചു. രാവിലെ പൊട്ടിത്തെറിച്ച സുധാകരനെ ശാന്തനാക്കാന്‍ എ.കെ. ആന്റണിക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. സുധാകരന് വഴങ്ങുകയാണെങ്കില്‍ തനിക്കും സീറ്റ് വേണമെന്ന ആവശ്യവുമായി അടൂര്‍ പ്രകാശും രംഗത്തെത്തിയിരുന്നു. കോന്നിയില്‍ പാര്‍ട്ടി തീരുമാനത്തിന് വഴങ്ങുന്നു എന്ന പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചാണ് അടൂര്‍ പ്രകാശ് തന്റെ പ്രതിഷേധം അറിയിച്ചത്.

അഞ്ചിലേറെ സീറ്റുകളില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക അനിശ്ചിതത്വത്തിലായത്. പത്രിക നല്‍കാന്‍ നാലുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തര്‍ക്കം തുടര്‍ന്നത്.

ഇന്ന് വൈകിട്ട് മടങ്ങേണ്ടിയിരുന്ന കെ.സുധാകരന്‍ യാത്ര നാളത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍, പട്ടികയില്‍ പേരില്ലെന്ന് വ്യക്തമായതോടെ രാത്രി തന്നെ ഡല്‍ഹിയില്‍ നിന്ന് മടങ്ങി.

Tags:    

Similar News