പ്രധാനമന്ത്രിയായപ്പോള്‍ പ്രസവിക്കാന്‍ തുടങ്ങിയ മൂന്നാം ഭാര്യ അഞ്ചുകൊല്ലം കൊണ്ട് നാലു പ്രസവിച്ചു; അവിഹിത ബന്ധത്തിലെ കുട്ടിയടക്കം ആകെ മക്കള്‍ ഒന്‍പതായി: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും അച്ഛനാവുമ്പോള്‍
ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും അച്ഛനായി. ബോറിസ് ജോണ്‍സന്റെയും ഭാര്യ ക്യാരിയുടെയും നാലാമത്തെ കുഞ്ഞാണിത്. ഇന്നലെ (മെയ് 24) ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തങ്ങള്‍ക്ക് ഒരു മകള്‍ ജനിച്ച കാര്യം ബോറിസിന്റെ ഭാര്യ ക്യാരി തന്റെ ആരാധകരെ അറിയിച്ചത്. പോപ്പി എലിസ ജോസെഫൈന്‍ ജോണ്‍സന്‍ എന്ന് പേരിട്ട മകള്‍ മൂന്ന് ദിവസം മുന്‍പാണ് ജനിച്ചതെന്നും അവര്‍ തന്റെ വീഡിയോയില്‍ പറയുന്നുണ്ട്.
സുന്ദരിക്കുട്ടിയാണെന്നും, താന്‍ ഏറെ ഭാഗ്യവതിയാണെന്നും കാരി വീഡിയോയില്‍ പറയുന്നുണ്ട്. അവളില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നാത്തതില്‍, കുഞ്ഞ് ജനിച്ചതില്‍ പിന്നെ ഉറങ്ങിയിട്ടില്ലെന്നും കാരി പറയുന്നു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സിലെ മറ്റേണിറ്റി വിഭാഗം ജീവനക്കാര്‍ക്ക്, പ്രത്യേകിച്ചും തന്നെ പരിപാലിച്ച അസ്മയ്ക്കും പാട്രിക്കിനും അവര്‍ നന്ദി രേഖപ്പെടുത്തിയിട്ടുമുണ്ട്. തന്റെ ഗര്‍ഭകാലത്ത് മുഴുവന്‍ അവര്‍ തന്നെ നല്ല രീതിയില്‍ പരിപാലിച്ചു എന്നാണ് ക്യാരി പറയുന്നത്.
2023 ല്‍ ആയിരുന്നു ഇവര്‍ക്ക് മൂന്നാമത്തെ കുട്ടി ജനിച്ചത്. ഫ്രാങ്ക് ആല്‍ഫ്രഡ് ഒഡിസ്സിയസ് ജോണ്‍സണ്‍ എന്ന് പേരിട്ട മകന്റെ ജനനവും ക്യാരി തന്നെയാണ് ആരാധകരെ അറിയിച്ചത്. 2023 ജൂലായ് 5 ന് രാവിലെ 9.15 ന് ആയിരുന്നു താന്‍ കുട്ടിക്ക് ജന്മം നല്‍കിയതെന്ന് അവര്‍ അന്നത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഒപ്പം, നവജാത ശിശുവിന്റെ നിരവധി ചിത്രങ്ങളും അന്ന് അവര്‍ പങ്കുവച്ചിരുന്നു. നാലാമത് ഗര്‍ഭിണിയായ കാര്യവും ക്യാരി തന്നെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറം ലോകത്തെ അറിയിച്ചത്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തങ്ങളുടെ സംഘത്തില്‍ പുതിയൊരു അംഗം കൂടി വന്നു ചേരുന്നു എന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്. പുതിയ അംഗത്തെ കാണാന്‍ കൊതിയാകുന്നു എന്നും, കാത്തിരിക്കാന്‍ ആവുന്നില്ല എന്നും അന്ന് അവര്‍ കുറിച്ചിരുന്നു. ബ്രിട്ടന്‍, ഏറെ സംഭവബഹുലമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സമയത്ത് രാജ്യത്തെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റും, കോവിഡുമെല്ലാം രാജ്യത്തിന് വലിയ പരിക്കുകള്‍ ഏല്‍ക്കാതെ അദ്ദേഹം തരണം ചെയ്തിരുന്നു.
ഇക്കാലത്ത് തന്നെയായിരുന്നു ക്യാരി സിമ്മണ്ട്‌സിനെ അദ്ദേഹം വിവാഹം കഴിക്കുന്നതും ഇവരുടെ ആദ്യ രണ്ട് കുട്ടികള്‍ ജനിക്കുന്നതും. 2019 മുതല്‍ ഒരുമിച്ച് താമസിക്കുന്ന ഇവരുടെ ആദ്യ പുത്രന്‍, വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സന്‍ പിറന്നത് 2020 ല്‍ ആയിരുന്നു. അതിനു ശേഷം 2021 മെയ് മാസത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ വെച്ച് ഇവര്‍ വിവാഹിതരാകുമ്പോള്‍ ക്യാരി രണ്ടാമതും ഗര്‍ഭിണിയായിരുന്നു. ബോറിസ് ജോണ്‍സന് ആകെ ഒന്‍പത് കുട്ടികളുണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും അക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. രണ്ടാം ഭാര്യ, മറീന വീലറില്‍ അദ്ദേഹത്തിന് നാല് കുട്ടികളുണ്ട്, അതുകൂടാതെ ആര്‍ട്ട് കണ്‍സള്‍ട്ടന്റായ ഹെലെന്‍ മാസിന്റെയറില്‍ ഒരു കുട്ടിയും ഉണ്ട് എന്നാണ് പറയപ്പെടുന്നത്.