നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ഗതകാലസ്മരണകളുടെ കലവറ; ഡല്‍ഹി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന എ ട്രഷറി ഓഫ് ലൈഫ് ഇന്ത്യന്‍ കമ്പനി പെയിന്റിംഗ്സ് ശ്രദ്ധേയമാകുമ്പോള്‍

Update: 2025-05-26 05:55 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന എ ട്രഷറി ഓഫ് ലൈഫ് ഇന്ത്യന്‍ കമ്പനി പെയിന്റിംഗ്സ് എന് ചിത്രപ്രദര്‍ശനം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ഗതകാലസ്മരണകളുടെ കലവറ കലാസ്വാദകര്‍ക്ക് മുന്നില്‍ തുറക്കുന്നു. 1790 മുതല്‍ 1835 വരെയുള്ള പെയിന്റിംഗുകളാണ് പ്രദര്‍ശനത്തില്‍ ഉളളത്. 200 ഓളം പെയിന്റിംഗുകളാണ് ഇവിടെ അണിനിരത്തിയിരിക്കുന്നത്.

ഒരു സുവര്‍ണ കാലഘട്ടത്തിലെ ഇന്ത്യന്‍ കലയുടെ വൈവിധ്യവും അക്കാലത്തെ ഇന്ത്യന്‍ കലാകാരന്‍മാരുടെ വൈദഗ്ധ്യവും എടുത്തു കാട്ടുന്നതാണ് ഇവയിലെ ഓരോ ചിത്രവും. പേരിടാത്ത കലാകാരന്മാര്‍ വരച്ച ഈ ചിത്രങ്ങള്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ഇവ രചിച്ചിട്ടുള്ളത്. പ്രകൃതി ദൃശ്യങ്ങള്‍, സ്മാരകങ്ങളും പട്ടണങ്ങളും എല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള വാസ്തുവിദ്യ, കൂടാതെ ഇന്ത്യന്‍ ആചാരങ്ങളും മര്യാദകളും എന്നിവയാണ് ഇത്. നേരത്തേ മുഗള്‍ രാജാക്കന്‍മാരുെട കീഴില്‍ ജോലി ചെയ്തിരുന്ന കലാകാരന്‍മാരെയാണ് ബ്രിട്ടീഷ് ഈസ്റ്റിന്‍ഡ്യാ കമ്പനി പെയിന്റിംഗുകള്‍ ചെയ്യാനായി ഏര്‍പ്പാടാക്കിയിരുന്നത്. അക്കാലത്ത് ഇന്ത്യയില്‍ എത്തിയ ഭൂരിപക്ഷം യൂറോപ്യന്‍മാര്‍ക്കും ഇന്ത്യ വളരെ പ്രത്യേകതകളുള്ള ഒരു രാജ്യമായിട്ടാണ് അനുഭവപ്പെട്ടത്.

ഇവിടുത്തെ സസ്യജാലങ്ങളും ജന്തുക്കളും പുരാതന കെട്ടിട നിര്‍മ്മാണ ശൈലിയും എല്ലാം അവരെ കൂടുതല്‍ ഇന്ത്യയുടെ തനത് സംസ്‌ക്കാരത്തോട് കൂടുതല്‍ അടുപ്പിച്ചു. ഇന്ത്യയുടെ വാസ്തുവിദ്യാ പൈതൃകം യൂറോപ്യന്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഫോട്ടോഗ്രഫി വരുന്നതിന് മുമ്പ് യാത്രകള്‍ രേഖപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമായിരുന്നു പെയിന്റിംഗുകള്‍. ഐതിഹാസികമായ മുഗള്‍ സ്മാരകങ്ങളാണ് പ്രധാനമായും അക്കാലത്ത് പെയിന്റിംഗുകള്‍ക്ക് വിഷയമായിരുന്നത്. പല പ്രാദേശിക ചിത്രകാരന്‍മാര്‍ക്കും അക്കാലത്ത് മികച്ച പ്രോത്സാഹനം നല്‍കാന്‍ ഭരണാധികാരികള്‍ തയ്യാറായിരുന്നു.

താജ്മഹലിനെ കൂടാതെ ആഗ്ര കോട്ട, ജുമാ മസ്ജിദ്, ബുലന്ദ് ദര്‍വാസ, ഫത്തേപൂര്‍ സിക്രിയിലെ ഷെയ്ഖ് സലിം ചിസ്തിയുടെ ശവകുടീരം ഡല്‍ഹിയിലെ കുത്തബ് മിനാര്‍, ഹുമയൂണിന്റെ ശവകുടീരം എന്നിവയാണ് പലരും പെയിന്റിംഗുകള്‍ തീര്‍ക്കാനായി തെരഞ്ഞടുത്തിരുന്നത്. സീതാറാം എന്നൊരു കലാകാരന്‍ ഇവയെ ആസ്പദമാക്കി നിരവധി പെയിന്റിംഗുകള്‍ തീര്‍ത്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. 1814 മുതല്‍ 1815 വരെ ഇ്്ന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്ന ഫ്രാന്‍സിസ് റാഡണിന്റെ ഒപ്പം സീതാറാം പല സ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു.

ഈ ശേഖരത്തില്‍ ഏറ്റവുമധികം ഉള്ളത് സസ്യജാലങ്ങളുടെ ചിത്രങ്ങളാണ്. ഇവ ഇന്നത്തെ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലോ മൈദാപൂരിലോ ഉള്ള സസ്യജാലങ്ങളെ ആസ്പദമാക്കിയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ രണ്ട് സ്ഥലങ്ങളിലും ബ്രിട്ടീഷ് സര്‍ക്കാരിന്റെ പല സുപ്രധാന സ്ഥാപനങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു. ലൂയിസ പാള്‍ബി എന്ന ബ്രിട്ടീഷ് വനിതയാണ് ഈ ചിത്രങ്ങള്‍ അക്കാലത്ത് ശേഖരിച്ചിരുന്നത്. ചിത്രങ്ങളില്‍ പ്രതിനിധീകരിക്കുന്ന സസ്യങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മുര്‍ഷിദാബാദ് പ്രദേശത്തെ പൂന്തോട്ടങ്ങളിലും വഴിയോരങ്ങളിലും വളര്‍ന്നിരുന്നതാണ് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

ശേഖരത്തിലെ മറ്റൊരു ചിത്രം, ബ്രാഹ്‌മണരും മറ്റും ചേര്‍ന്ന് ഒരു ശിവപ്രതിമ വഹിച്ചു കൊണ്ടുള്ള ഒരു ക്ഷേത്ര ഘോഷയാത്രയാണ്. ദക്ഷിണേന്ത്യയിലെ കാരയ്ക്കലിലെ തിരുനെല്ലാര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ഒരു ആചാരത്തെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. തഞ്ചാവൂരിലെ കലാകാരന്‍മാര്‍ തീര്‍ത്ത പെയിന്റിംഗുകളും ഇവയില്‍ ഏറെ ആകര്‍ഷകമാണ്. അതേ സമയം തെക്കേ ഇന്ത്യയില്‍ ഫ്രഞ്ചുകാരും ഇത്തരത്തില്‍ പ്രാദേശിക കലാകാരന്‍മാരെ കൊണ്ട് പെയിന്റിംഗുകള്‍ വരപ്പിച്ചിരുന്നു.

Similar News