കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല; ഇന്ന് വന്നു നോക്കിയപ്പോള്‍ മൃതദേഹങ്ങളാണ് കണ്ടതെന്നും ബന്ധുക്കള്‍; വക്കത്ത് അച്ഛനും അമ്മയും രണ്ടു മക്കളും ജീവനൊടുക്കിയത് കടബാധ്യത കാരണമെന്ന് പ്രാഥമിക നിഗമനം
വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയില്‍. ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ ഒന്‍പത് മണിയോടെ അയല്‍ക്കാര്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. കടയ്ക്കാവൂര്‍ പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
സിപിഎം വക്കം ലോക്കല്‍ കമ്മിറ്റി അംഗമാണ് അനില്‍കുമാര്‍.കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് അയല്‍ക്കാര്‍ ദുരന്തം നടന്ന വിവരം അറിയുന്നത്. ഇവരെ നാല് പേരെയും വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. വക്കം സഹകരണ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് അനില്‍കുമാര്‍.