ഇറാനില്‍ നിന്നുള്ള 110 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അര്‍മേനിയയില്‍, ആദ്യ ബാച്ചുമായി വിമാനം നാളെ ഡല്‍ഹിയിലെത്തും; പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ഇന്ത്യ; ഒമാന്‍ വ്യോമപാതയില്‍ എയര്‍ട്രാഫിക് വര്‍ധിച്ചു
പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ഇന്ത്യ

ടെഹ്റാന്‍: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ഇന്ത്യ. 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അര്‍മേനിയയില്‍ സുരക്ഷിതരായി എത്തിയെന്നാണ് വിവരം. ഇന്ത്യന്‍ പൗരന്മാരുടെ ആദ്യ ബാച്ചിനെയും വഹിച്ചുള്ള വിമാനം നാളെ ഡല്‍ഹിയിലെത്തും. ഇസ്രയേല്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഉടന്‍ ടെഹ്റാന്‍ വിടാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിര്‍ദേശമുണ്ട്. ബന്ധുത്വം ഇപ്പോള്‍ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനില്‍ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കു കര അതിര്‍ത്തികള്‍ ഉപയോഗിച്ച് അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. +989010144557, +989128109115, +989128109109 ഇതാണ് ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഹെല്‍പ് ലൈന്‍ നമ്പറുകള്‍.
അതേസമയം, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. വിവിധ വിമാനങ്ങള്‍ റദ്ദാക്കുകയും പല സര്‍വീസുകളും വൈകുകയും ചെയ്തു. ഗള്‍ഫിലേക്കുള്ള ആറോളം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്. ഇറാന്‍ വ്യോമപാത അടച്ചതോടെ പല വിമാനങ്ങളും ഒമാന്‍ വ്യോമപാത സ്വീകരിക്കുകയും ഈ പാതയില്‍ എയര്‍ട്രാഫിക് വര്‍ധിക്കുകയുമായിരുന്നു.
തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂര്‍-ഷാര്‍ജ വിമാനം, ബുധനാഴ്ച പുറപ്പെടേണ്ട ഷാര്‍ജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബായ് വിമാനം, കൊച്ചി-ഷാര്‍ജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ അറിയിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബഹ്‌റൈന്‍-കോഴിക്കോട്, കോഴിക്കോട്-ബഹ്‌റൈന്‍ സര്‍വീസും റദ്ദാക്കിയിരുന്നു.
കോഴിക്കോട്-കുവൈത്ത് സര്‍വിസ് മൂന്നു മണിക്കൂറും കണ്ണൂര്‍ സര്‍വീസ് മണിക്കൂറുകളും വൈകി. മസ്‌കറ്റ്-കണ്ണൂര്‍, മസ്‌കത്ത് കോഴിക്കോട് സര്‍വീസുകളും വൈകി. ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. യുഎഇക്കും ഇന്ത്യയ്ക്കും ഇടയില്‍ പറക്കുന്ന മറ്റ് എയര്‍ലൈനുകളും സര്‍വീസുകള്‍ റദ്ദാക്കുകയും വൈകി പുറപ്പെടുകയും ചെയ്തു. യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്നാണു നിര്‍ദേശം.