ഡിയോഗൊ ജോട്ടയുടെ മൃതദേഹം പോര്‍ച്ചുഗല്‍ ഏറ്റുവാങ്ങിയത് കണ്ണീര്‍ക്കടലിനെ സാക്ഷിയാക്കി; സ്പെയിനില്‍ അപകടത്തില്‍ മരിച്ച ലിവര്‍പൂള്‍ താരത്തിനും സഹോദരനും ആദരഞ്ജലികള്‍ അര്‍പ്പിച്ച് ഫുട്‌ബോള്‍ ലോകം; എല്ലാം തകര്‍ന്ന് കഴിഞ്ഞയാഴ്ച്ച വിവാഹം ചെയ്ത ഭാര്യ
ഫുട്‌ബോള്‍ ലോകത്തിന് തീരാവേദന സമ്മാനിച്ചുകൊണ്ട് വിടപറഞ്ഞ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയുടെയും സഹോദരന്‍ ആന്‍ഡ്രിയുടെയും മൃതദേഹം പോര്‍ച്ചുഗലില്‍ എത്തിയപ്പോള്‍ കാണാനായത് ഹൃദയഭേദകമായ ദൃശ്യങ്ങളായിരുന്നു. സ്പെയിനില്‍ നിന്നും തന്റെ ഭര്‍ത്താവിന്റെ മൃതദേഹത്തോടൊപ്പം തിരിച്ചെത്തിയ റുട് കാര്‍ഡോസോ ഗോണ്ടോമാറിലെ സാവോ കോസ്‌മെ ചാപ്പലിലേക്ക് എത്തി. 28 കാരനായ ഫുട്‌ബോള്‍ താരത്തിന്റെ വിവാഹം കഴിഞ്ഞത് ഇക്കഴിഞ്ഞ ജൂണ്‍ 22 ന് മാത്രമായിരുന്നു.
കൗമാരപ്രായത്തില്‍ തമ്മില്‍ കണ്ടുമുട്ടിയ ജോട്ടയും കാര്‍ഡോസോയും തമ്മില്‍ ദീര്‍ഘകലമായി പ്രണയത്തിലായിരുന്നു. മൂന്ന് കുഞ്ഞു കുട്ടികള്‍ ഉള്ള അവര്‍ പക്ഷെ രണ്ടാഴ്ച മുന്‍പ് മാത്രമാണ് ഔദ്യോഗികമായി വിവാഹിതരായത്. പ്രധാന പള്ളിക്ക് പുറകിലുള്ള ചര്‍ച്ച് ഓഫ് റെസ്റ്റിലാണ് ഇപ്പോള്‍ ഡിയോഗോയുടെയും സഹോദരന്‍ ആന്‍ഡ്രി സില്‍വയുടെയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.. ഇന്നലെ ഉച്ച തിരിഞ്ഞ് ആന്‍ഫീല്‍ഡിന് പുറത്തായി ഡിയോഗോയുടെ അടുത്ത സുഹൃത്തും മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റനുമായ ജോര്‍ഡാന്‍ ഹെന്‍ഡേഴ്സണ്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു പുഷ്പ ചക്രം സമര്‍പ്പിച്ച് അദ്ദേഹം സുഹൃത്തിനെ യാത്രയാക്കിയത്.
ഡിയോഗോയുടെയും ആന്‍ഡ്രിയുടെയും അമ്മ ഇസബേല്‍, അച്ഛന്‍ ജൊവാക്വിം, അവരുടെ മുത്തച്ഛന്‍ എന്നിവര്‍ ഈ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ ചാപ്പലില്‍ എത്തിയിരുന്നു. ഹൃദയം നുറുങ്ങുന്ന വേദന അടക്കിപ്പിടിച്ച് നിന്ന ജൊവാക്വിമിനെ നിരവധി പേര്‍ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. സഹായത്തിനായി അദ്ദേഹത്തിന്റെ സഹോദരനും കൂടെയുണ്ടായിരുന്നു. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രൊ ചാപ്പലിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ ഡി സൂസ സ്ഥലത്ത് എത്തിയത്.
ദുഃഖം തളംകെട്ടിയ മൂകതയായിരുന്നു ചാപ്പലിനു ചുറ്റും ഉണ്ടായിരുന്നത്. നിരവധി പോലീസുകാരും സ്ഥലത്ത് ഉണ്ടായിരുന്നു. ചര്‍ച്ചിലേക്കുള്ള നിരത്തുകളില്‍ ഗതാഗതം കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്തിരുന്നു. ചര്‍ച്ചില്‍ നിന്നും ഏറെ മാറി, തെരുവുകള്‍ക്കപ്പുറത്തുള്ള തെരുവുകളിലെ റെസ്റ്റോറന്റുകളിലും കഫേകളിലും പോലും ശോകമൂകമായ അന്തരീക്ഷമായിരുന്നു ഊണ്ടായിരുന്നത്. പ്രിയപ്പെട്ടവന്റെ വിയോഗം പോര്‍ച്ചുഗല്‍ ജനതയെ അത്രയേറെ തകര്‍ത്തിരിക്കുന്നു., സഹോദരന്‍ ആന്‍ഡ്രി സില്‍വിയയുമായി കാറില്‍ യാത്രചെയ്യുമ്പോഴായിരുന്നു അപകടം നടന്നത്. കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്.
ശ്വാസകോശ സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഫുട്‌ബോള്‍ താരത്തിന് വിമാനയാത്ര ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് സ്പാനിഷ് നഗരമായ സാന്റാന്‍ഡറിലെത്തി, യു കെയിലേക്ക് ഫെറി മാര്‍ഗ്ഗം പോകുന്നതിനായിരുന്നു ഡിയോഗൊ സ്പെയിനില്‍ റോഡ് മാര്‍ഗ്ഗം എത്തിയത്. ലിവര്‍പൂളിന്റെ മത്സരത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം യു കെയിലെക്ക് തിരിച്ചത്.