ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി; വേദനകള്‍ വിശദമായി കേട്ടു; ബിടെക് ജയിച്ച മകന് സ്ഥിര ജോലി നല്‍കണമെന്ന് ആവശ്യം മന്ത്രിക്ക് മുന്നില്‍; വീടിന്റെ നഷ്ടം വിതുമ്പലോടെ കേട്ടിരുന്ന ആരോഗ്യമന്ത്രി; ഇനി അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം; ആ കുടുംബത്തിന്റെ വേദനയില്‍ തീരുമാനം വെള്ളിയാഴ്ച
തിരുവനന്തപുരം: ഈയാഴ്ചയിലെ മന്ത്രിസഭായോഗം ഓണ്‍ലൈനായി ചേരും. ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ഇരുന്നാകും പങ്കെടുക്കുക. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള സഹായം യോഗം ചര്‍ച്ച ചെയ്യും. ബിന്ദുവിന്റെ മകന്‍ ബിടെക് യോഗ്യതയുള്ള വ്യക്തിയാണ്. ഇത് പരിഗണിച്ച് സ്ഥിരം ജോലി സര്‍ക്കാര്‍ നല്‍കിയേക്കും. നഷ്ടപരിഹാരവും നല്‍കും. ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണ് ജോര്‍ജ് വേദന കേട്ടിരുന്നു. ഇത് മുഖ്യമന്ത്രിയേയും അറിയിക്കും.
പതിവു മന്ത്രിസഭായോഗം സാധാരണയായി ബുധനാഴ്ചയാണ് ചേരുന്നത്. എന്നാല്‍ അന്ന് പൊതുപണിമുടക്കായ സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരാമെന്നാണ് മന്ത്രിമാരെ അറിയിച്ചിട്ടുള്ളത്. അമേരിക്കയിലും ഇന്ത്യയിലും സമയ വ്യത്യാസമുള്ള സാഹചര്യത്തില്‍ രണ്ടിടത്തെയും സമയക്രമം കണക്കാക്കിയാകും ചേരുക. ഇന്നലെ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി ദുബായ് വഴി അമേരിക്കയിലെ മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി പോയത്. ഫയലുകളില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി തീരുമാനമെടുക്കും. മുഖ്യമന്ത്രി അമേരിക്കയില്‍ എത്തിയിട്ടുണ്ട്. ബിന്ദുവിന്റെ വീട്ടിലെത്തിയ ആരോഗ്യമന്ത്രി വിശദമായി തന്നെ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞു. മകന് സ്ഥിരം ജോലി നല്‍കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. മകളുടെ ചികില്‍സയും മന്ത്രിയുടെ മുന്നില്‍ വച്ചു. ഇതിലെല്ലാം അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി.
കുടുംബം ഉന്നയിച്ച എല്ലാ പ്രശ്‌നവും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എന്റെ കൂടി ദുഖമാണ് ഇത്. കുടുംബം ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും തീരുമാനമുണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വേണ്ട ഇടപെടല്‍ നടത്തുമെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന സിപിഎം സംസ്ഥാന സമിതി അംഗം അനില്‍കുമാറും പറഞ്ഞു. കുടുംബത്തിന്റെ സിപിഎം അനുഭാവം അടക്കം അനില്‍ കുമാര്‍ ചര്‍ച്ചയ്ക്കിടെ ഉയര്‍ത്തിക്കാട്ടി. നീതി ഉറപ്പാണെന്നും അനില്‍കുമാര്‍ വിശദീകരിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ ബിന്ദുവിന്റെ വീട് നവീകരിച്ചു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ആഭിമുഖ്യത്തിലായിരിക്കും വീട് നവീകരിക്കുക. ഇക്കാര്യം ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണില്‍ വിളിച്ചു അറിയിച്ചതായും ആര്‍ ബിന്ദു പറഞ്ഞു.
നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതര്‍ എത്രയും വേഗംതന്നെ വേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും.
പ്രവൃത്തിയുടെ പുരോഗതി നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തും. മകള്‍ നവമിയുടെ ചികിത്സയും മകന്‍ നവനീതിന്റെ തുടര്‍പഠനവും ഇതിനകം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. കുടുംബത്തിന് വിവിധ കോണുകളില്‍ നിന്ന് ഇങ്ങനെ വന്നെത്തുന്ന കൈത്താങ്ങുകള്‍ക്കൊപ്പമാണ് ഈയൊരു പ്രവൃത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം ഏറ്റെടുക്കുന്നത്. കുടുംബത്തിന്റെ തീരാവേദനയില്‍ പങ്കുചേരുന്നു. മന്ത്രി പറഞ്ഞു.