ആന്‍ഡീസ് പര്‍വതനിരകളിലേക്കും ആമസോണ്‍ തടത്തിലേക്കും ബന്ധിപ്പിക്കുന്ന പഴയ വ്യാപാര കേന്ദ്രം; പെറുവില്‍ 3,500 വര്‍ഷം പഴക്കമുള്ള ഒരു പുരാതന നഗരം; പുതിയ പെനിക്കോ നാഗരികത ചര്‍ച്ചകളിലേക്ക്
പെറുവില്‍ 3,500 വര്‍ഷം പഴക്കമുള്ള ഒരു പുരാതന നഗരം ഗവേഷകര്‍ കണ്ടെത്തി. ഒരു കാലത്ത് വലിയൊരു വ്യാപാര കേന്ദ്രമായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്.ഇവിടെ നിന്ന് നിരവധി ശില്‍പ്പങ്ങളും ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പെനിക്കോ എന്ന ഈ പ്രദേശം വടക്കന്‍ ബാരങ്ക പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന കാരല്‍ നാഗരികത 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിപുലമായിരുന്ന പ്രദേശത്തിന് സമീപമാണ് ഈ പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ആന്‍ഡീസ് പര്‍വതനിരകളിലേക്കും ആമസോണ്‍ തടത്തിലേക്കും ബന്ധിപ്പിക്കുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നു പെനിക്കോ എന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 600 മീറ്റര്‍ ഉയരത്തിലാണ് പെനിക്കോ സ്ഥിതി ചെയ്യുന്നത്.. ഇവിടെ ക്ഷേത്രങ്ങളും പാര്‍പ്പിട സമുച്ചയങ്ങളും നിരവധിയായി ഉണ്ടായിരുന്നു. പല കെട്ടിടങ്ങളുടേയും അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഒരുപാട് ദൂരെ നിന്ന് പോലും കേള്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ശബ്ദസംവിധാനമുള്ള ഒരു കാഹളവും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചില കെട്ടിടങ്ങളില്‍ നിന്ന് മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങളുള്ള കളിമണ്‍ ശില്‍പങ്ങള്‍ മുത്തുകള്‍, കടല്‍ ഷെല്ലുകള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച മാലകള്‍ എന്നിവയും ഗവേഷകര്‍ കണ്ടെത്തി.
അന്നത്തെ കാലത്തെ തിരക്കേറിയ നഗരമായിരുന്നു ഇതെന്നാണ് അവര്‍ കരുതുന്നത്. ബിസി 1,800 നും 1,500 നും ഇടയിലാണ് ഇവിടെ ഏറ്റവും ഉന്നതിയിലെത്തിയിരുന്നത്. കാരല്‍ സംസ്‌ക്കാരം ഈജിപ്ത്, ഇന്ത്യ, സുമേറിയന്‍, ചൈന എന്നിവിടങ്ങളിലെ നാഗരികതയുടെ അതേ കാലഘട്ടത്തിലാണ് നിലനിന്നിരുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാരല്‍ സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയായിട്ടാണ് പെനിക്കോയിലെ സംസ്‌കൃതി ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. നിരവധി പുരാവസ്തു കേന്ദ്രങ്ങളാണ് പെറുവില്‍ കണ്ടെത്തിയിട്ടുള്ളത്.
കുറേ നാള്‍ മുമ്പ് പെറുവിലെ പുരാവസ്തു സംരക്ഷണ കേന്ദ്രമായ ചാന്‍ചാനില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഒരാള്‍ ചിത്രം വരയ്ക്കാന്‍ ശ്രമിച്ചത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ലോകപൈതൃകമായി സംരക്ഷിക്കപ്പെടുന്ന ഒരു സ്ഥലത്ത് ഇത്തരത്തില്‍ ഒരാള്‍ കടന്നു കയറി ചിത്രം വരച്ചത് അക്ഷന്ത്യവമായ തെറ്റാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതിക്രമിച്ചു കടന്ന വ്യക്തി ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ പിടിക്കപ്പെട്ടാല്‍ പെറുവിയന്‍ പൈതൃക സംരക്ഷണ നിയമപ്രകാരം ആറ് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. പതിനഞ്ചാം നൂറ്റാണ്ട് വരെ ചിമു രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ചാന്‍ ചാന്‍. പെറുവിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇവിടെ ഒരു കാലത്ത്് പത്ത് കൊട്ടാരങ്ങള്‍ ഉണ്ടായിരുന്നു.