യുകെയിലെ ഏഷ്യക്കാരുടെ പുതിയ തലമുറയെ മാതാപിതാക്കള്‍ പീഡിപ്പിക്കുന്നത് എങ്ങനെ? ആലോചിച്ച് ഉറപ്പിച്ച വിവാഹവും വിവാഹാനന്തര പീഠങ്ങളും അതിജീവിച്ച നീനയുടെ കഥ മാധ്യമങ്ങളില്‍ നിറയുന്നു; ചര്‍ച്ചയാവുന്നത് രണ്ടു സംസ്‌കാരങ്ങളുടെ ഭിന്നത
ലണ്ടന്‍: ചോര ഒഴുകിപ്പടര്‍ന്ന നിലത്ത്, മരണത്തിനായി വിട്ടുകൊടുത്ത 21 കാരി ഉയര്‍ത്തെഴുന്നേറ്റത് മറ്റുള്ളവര്‍ക്ക് കരുത്തു പകരാനായി. യു കെയിലെ ഏഷ്യന്‍ വംശജര്‍ക്കിടയില്‍ തലമുറകള്‍ തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചു വരുന്നു എന്ന യാഥാര്‍ത്ഥ്യം തെളിയിക്കുന്നതാണ് ദുരഭിമാന കൊലപാതക ശ്രമത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട നിന ഔല്‍ക്ക് എന്ന ഇന്ത്യന്‍ വംശജയുടെ കഥ. എന്‍ഡ് ഓണര്‍ കില്ലിംഗ്‌സ് എന്ന ചാരിറ്റി സംഘടന സ്ഥാപിച്ച് പോലീസിന്റെ സഹായത്തോടെ നിര്‍ബന്ധിത വിവാഹങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ യുവതികളെ സഹായിക്കുന്ന നിനയായി മാറിയതിനു പിന്നില്‍ താന്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ വിവരിക്കുകയായിരുന്നു അവര്‍.
ദുരഭിമാനക്കൊലയ്ക്ക് ഇരയായവരെയും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായവരെയും ഓര്‍മ്മിക്കുന്ന ദേശീയ ദിനമായ ജൂലായ് 14 ന് മുന്നോടിയായി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് നിന തന്റെ മനസ്സ് തുറന്നത്. ബ്രിട്ടനില്‍ താമസിക്കുന്ന ഒരു പഞ്ചാബി കുടുംബത്തില്‍ ജനിച്ച നിനക്ക് ആറ് വയസ്സുമുതല്‍ തന്നെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നുവത്രെ. സ്വന്തം വീട്ടില്‍ അവര്‍ ഒരു അടിമയായിട്ടാണ് വളര്‍ന്നത്. പെണ്‍കുട്ടികള്‍ അനാവശ്യമായി കരുതുന്ന ഒരു കുടുംബ പശ്ചാത്തലമായിരുന്നു തന്റേതെന്ന് അവര്‍ പറയുന്നു. പതിന്നാലാം വയസ്സില്‍ സ്വന്തം പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട നിനയെ പിന്നീട് അയാള്‍ തന്നെ മറ്റ് പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്തത്രെ.
അതിക്രൂരമായ പീഢനമായിരുന്നു കൗമാരകാലത്ത് സഹിക്കേണ്ടി വന്നത്. പിന്നീട് ഒരു യുവാവുമായുള്ള വിവാഹമെന്ന വ്യാജേന, ആ യുവാവിന്റെ പിതാവിന് നിനയെ വില്‍ക്കുകയും ചെയ്തു. ഇതെല്ലാം നടന്നത് ഇന്ത്യയിലെ ഏതെങ്കിലും കുഗ്രാമത്തിലല്ല, ആധുനികത വാഴുന്ന ബ്രിട്ടനിലായിരുന്നു എന്നോര്‍ക്കണം. ഭര്‍തൃഗൃഹത്തിലും നിനക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ പീഢനങ്ങളായിരുന്നു. വാതിലുകള്‍ ഇല്ലാത്ത ഒരു തുറന്ന മുറിയായിരുന്നു അവര്‍ക്ക് താമസിക്കാന്‍ നല്‍കിയത്. വീട്ടിലെ മറ്റുള്ളവര്‍ കാണ്‍കെ തന്നെ ഭര്‍തൃപിതാവ് ആ മുറിയില്‍ വെച്ച് അവരെ ബലാത്സംഗം ചെയ്യുമായിരുന്നത്രെ.
മാത്രമല്ല, അതിക്രൂരമായി മര്‍ദ്ദിക്കുകയും, സ്വന്തം മൂത്രത്തില്‍ അവരുടെ മുഖമിട്ട് ഉരയ്ക്കുകയുമൊക്കെ ചെയ്തിരുന്നു എന്ന് അവര്‍ പറയുന്നു. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ ഒരു സുഹൃത്തിന്റെ ഉപദേശം അനുസരിച്ചായിരുന്നു നിന, ഭര്‍തൃ വീട്ടിലെ പൊറുതി മതിയാക്കി സ്വന്തം വീട്ടിലേക്ക് പോയത്. എന്നാല്‍, ഭര്‍തൃഗൃഹത്തില്‍ നിന്നും മകള്‍ തിരികെ വന്നത് സമൂഹത്തിനു മുന്നില്‍ തങ്ങള്‍ക്ക് അപമാനകരമാകും എന്ന് കരുതിയ പിതാവും സഹോദരന്മാരും ചേര്‍ന്ന് അവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
തങ്ങളുടെ അഭിമാനം കാക്കാന്‍ നിനയെ കൊല്ലണമെന്നും അവര്‍ പറഞ്ഞുവത്രെ. എന്നാല്‍, അത് ബ്രിട്ടനില്‍ വെച്ച് വേണ്ടെന്നും ഇന്ത്യയില്‍ കൊണ്ടുപോയി കൊല്ലാമെന്നും ഒരു സഹോദരന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്, ചോര തളം കെട്ടിക്കിടന്ന നിലത്ത് അവരെ ഉപേക്ഷിച്ച് പിന്മാറുകയായിരുന്നു പിതാവും സഹോദരന്മാരും. രക്തമൊലിപ്പിച്ച് അവശയായി കിടക്കുമ്പോഴും, തന്റെ മനസ്സില്‍ മറ്റൊരിക്കലും ഉണ്ടാകാത്തത്ര ധൈര്യം എങ്ങനെയോ വന്നതായി അവര്‍ പറയുന്നു. വേച്ചു വിറച്ച്, വീട്ടില്‍ നിന്നും പുറത്തു കടന്ന അവര്‍ ഒരു ടാക്സി ഡ്രൈവറുടെ സഹായത്താല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തി.
തന്റെ പരാതി എഴുതിയെടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍, ദുരഭിമാന കൊലപാതകം എന്ന് കേട്ടതോടെ പരാതി എഴുത്ത് നിര്‍ത്തിയതായി അവര്‍ പറയുന്നു. ഒരുപക്ഷെ തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാകാം അയാള്‍ ആ പദം വേണ്ടെന്ന് വച്ചത് എന്നും നിന പറയുന്നു. ആംബുലന്‍സ് വിളിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് നിനയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കെറ്റെറിംഗിലെ ഒരു വിമന്‍സ് ഹോസ്റ്റലിലേക്ക് താമസം മാറ്റുകയും ചെയ്തു. തുടര്‍ന്നുള്ള മൂന്ന് വര്‍ഷക്കാലം അവര്‍ താന്‍ ആരെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇരുപത്തി മൂന്ന് വയസ്സ് കഴിഞ്ഞപ്പോഴേക്കും അവര്‍ പ്രിന്റ് മെഷിനറി വ്യാപാരരംഗത്ത് ആധിപത്യമുറപ്പിക്കുകയും കോടീശ്വരിയാവുകയും ചെയ്തു.
പിന്നീടാണ് തന്റേതിനോട് സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും സഹായിക്കുന്നതിനായി എന്‍ഡ് ഓണര്‍ കില്ലിംഗ്‌സ് എന്ന ചാരിറ്റി ആരംഭിച്ചത്. യു കെയില്‍ ഓരോ വര്‍ഷവും ശരാശരി 12 ദുരഭിമാനക്കൊല നടക്കുന്നു എന്നാണ് നിന പറയുന്നത്. പോലീസുമായി സഹകരിച്ച്, നിര്‍ബന്ധിത വിവാഹങ്ങളില്‍ നിന്നും ഗാര്‍ഹിക പീഢനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെയും സ്ത്രീകളെയും രക്ഷിക്കുക എന്ന ദൗത്യമാണ് അവര്‍ ഇന്നേറ്റെടുത്തിരിക്കുന്നത്. മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ സ്ത്രീ വിരുദ്ധ ചിന്തകള്‍, മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ പുതിയ തലമുറയിലെ ആണ്‍കുട്ടികളെ പഠിപ്പിക്കണം എന്നാണ് നിന പറയുന്നത്. അതല്ലെങ്കില്‍, സ്ത്രീ പീഢനം ഒരു തുടര്‍ക്കഥയായി മാറുമെന്നും അവര്‍ പറയുന്നു.