'ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിക്കുകളിലേക്ക് കൊണ്ടുപോകും'; സൈനയുടെ വിവാഹമോചന പോസ്റ്റ് വരുമ്പോള്‍ കശ്യപ് നെതര്‍ലന്‍ഡ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തില്‍; ഇരുവരുടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാക്കി ആരാധകര്‍

Update: 2025-07-14 16:03 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും ഭര്‍ത്താവ് പി. കശ്യപും വേര്‍പിരിയുന്നുവെന്ന് വാര്‍ത്ത ഇന്ത്യന്‍ കായികപ്രേമികളെ ഞെട്ടിക്കുന്നതായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പങ്കുവെച്ച് സൈനയാണ് താനും കശ്യപും വേര്‍പിരിയുകയാണെന്ന് അറിയിച്ചത്. വളരെയധികം ആലോചിച്ച ശേഷമാണ് കശ്യപും താനും വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും തങ്ങള്‍ സമാധാനം, വളര്‍ച്ച, സൗഖ്യം എന്നിവ തിരഞ്ഞെടുക്കുന്നുവെന്നും താരം കുറിച്ചിരുന്നു.

ഏഴു വര്‍ഷം നീണ്ട ദാമ്പത്യബന്ധം പരസ്പരധാരണയോടെ അവസാനിപ്പിക്കുന്നതായാണ് ഒളിംപിക് മെഡല്‍ ജേതാവു കൂടിയായ ബാഡ്മിന്റന്‍ താരം സൈന നെഹ്വാള്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഈ സമയം ഭര്‍ത്താവ് പി. കശ്യപ് സുഹൃത്തുക്കള്‍ക്കൊപ്പം നെതര്‍ലന്‍ഡ്‌സില്‍ അവധി ആഘോഷത്തിലായിരുന്നു. വിവാഹമോചിതരാകുന്ന കാര്യം പരസ്യമാക്കി സൈന നെഹ്വാള്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവയ്ക്കുമ്പോള്‍, അതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് കശ്യപ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നെതര്‍ലന്‍ഡ്‌സില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രമുള്ളത്.

''ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിക്കുകളിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞാനും കശ്യപും രണ്ടു വഴിക്ക് പിരിയാം എന്ന തീരുമാനമെടുത്തു. ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി ഈ വഴി തിരഞ്ഞെടുക്കുന്നു. ഇതുവരെ നല്‍കിയ മികച്ച ഓര്‍മകള്‍ക്ക് നന്ദി.അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസ്സിലാക്കിയതിനും നിങ്ങള്‍ക്കും നന്ദി.'' എന്നായിരുന്നു വിവാഹമോചന കാര്യം അറിയിച്ച് സൈന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

എന്നാല്‍ സൈനയുടെ പ്രഖ്യാപനത്തിന് ഏകദേശം ആറു മണിക്കൂര്‍ മുമ്പ് കശ്യപ് പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജൂലൈ 11 മുതല്‍ 13 വരെ നെതര്‍ലന്‍ഡ്സിലെ ഹില്‍വാരന്‍ബീക്കില്‍ നടന്ന അവേക്കനിങ് ഫെസ്റ്റിവലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കെടുക്കുകയായിരുന്നു കശ്യപ്. ഇവിടെ നിന്ന് ഒരുകൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഒരു ചിത്രമാണ് കശ്യപ് പങ്കുവെച്ചിരിക്കുന്നത്.

2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്. 32 വര്‍ഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായിരുന്നു അദ്ദേഹം. ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായ പ്രകാശ് പദുക്കോണ്‍, പുല്ലേല ഗോപിചന്ദ് എന്നിവരില്‍ നിന്ന് കശ്യപ് പരിശീലനം നേടിയിരുന്നു. ഒളിമ്പിക് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരം കൂടിയായിരുന്നു കശ്യപ്.

2018 ഡിസംബറിലായിരുന്നു സൈനയും കശ്യപും തമ്മിലുള്ള വിവാഹം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്. വിവാഹത്തിനു പിന്നാലെ ഇരുവരും അക്കാദമി വിട്ടിരുന്നു.

പത്തു വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ സൈന 2010, 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റന്‍ താരമാണ് പി.കശ്യപ്. 2012ല്‍ കശ്യപിനെ കേന്ദ്രസര്‍ക്കാര്‍ അര്‍ജുന പുരസ്‌കാരം നല്‍കി ആദരിച്ചു. 2014 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സില്‍ കശ്യപ് സ്വര്‍ണം നേടിയിരുന്നു.

Similar News