വിവാഹ ദിവസം വധു ഛര്‍ദ്ദിച്ചു; ഗര്‍ഭമെന്ന് തമാശയായി വരന്റെ സുഹൃത്തുക്കള്‍; വിവാഹ രാത്രിയില്‍ ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിച്ച് പരിശോധിക്കണമെന്ന് യുവതിയോട് വരന്‍; റാംപൂരിലെ 'നടന്ന സംഭവം'

റാംപൂരിലെ 'നടന്ന സംഭവം'

Update: 2025-07-14 17:08 GMT

ലക്‌നൗ: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ വിവാഹ രാത്രിയില്‍ വരന്റെ അസ്വഭാവികമായ ആവശ്യം കേട്ട് ഞെട്ടി വധുവും വീട്ടുകാരും. കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു വിവാഹത്തിന്റെ ആഘോഷങ്ങള്‍ പൂര്‍ത്തിയാകും മുമ്പാണ് ഇരു കുടുംബങ്ങള്‍ തമ്മില്‍ വലിയ വഴക്കിന് ഇടയാക്കിയേക്കാവുന്ന ആവശ്യം വരന്‍ ഉന്നയിച്ചത്. വിവാഹ രാത്രിയില്‍ വരന്‍, വധുവിനോട് ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതാണ് ഇരുവീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലെത്തിച്ചത്. ഒടുവില്‍ വരന് പരസ്യമായി മാപ്പ് പറഞ്ഞ് വധുവിന്റെ വീട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹ സംഘം വരന്റെ വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ വധു ഛര്‍ദ്ദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ക്ഷീണവും, ചൂടും കാരണം തലകറക്കം അനുഭവപ്പെട്ട വധു പിന്നാലെ ഛര്‍ദ്ദിക്കുകയായിരുന്നു. വിവാഹ ദിവസം തന്നെ വധു ഛര്‍ദ്ദിച്ചത് വരന്റെ സുഹൃത്തുക്കള്‍ ഒരു സംസാര വിഷയമാക്കുകയായിരുന്നു. ഇതോടെ വരന്റെ സുഹൃത്തുക്കള്‍ വധുവിന് ഗര്‍ഭമാണെന്ന് തമാശയ്ക്ക് പറഞ്ഞു. ഇത് വരനെ അസ്വസ്ഥമാക്കിയെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെയാണ് രാത്രിയില്‍ വരന്‍ വധുവിനോട് ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടത്.

ഇതിനായി രാത്രിയില്‍ തന്നെ വരന്‍ അടുത്തുള്ള ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഒരു ഗര്‍ഭ പരിശോധന കിറ്റ് വാങ്ങി. വരന്റെ അപ്രതീക്ഷിത ആവശ്യം കേട്ട വധു തന്റെ വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാത്രിയോടെ വരന്റെ വീട്ടിലെത്തിയ വധുവിന്റെ വീട്ടുകാരും വരനും തമ്മില്‍ വാക്ക് തര്‍ക്കമായി. ഒടുവില്‍ ഗ്രാമവാസികള്‍ ഇടപെട്ട് രാത്രി തന്നെ പഞ്ചായത്ത് വിളിച്ച് ചേര്‍ത്തു. ഏതാണ്ട് രണ്ട് മണിക്കൂറോളം സമയം പഞ്ചായത്ത് നടന്നു. ഒടുവില്‍ വരന്‍ പരസ്യമായി തന്റെ തെറ്റ് സമ്മതിക്കുകയും വധുവിനോടും കുടുംബത്തോടും തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമാപണം നടത്തുകയും ചെയ്തു. ഇനിയൊരിക്കലും ഇത്തരത്തില്‍ പെരുമാറില്ലെന്ന് വരന്‍ പഞ്ചായത്തിന് വാക്ക് കൊടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar News