ട്രംപിന്റെ പ്രായം അദ്ദേഹത്തിന്റെ ചര്‍മ്മത്തെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കാം; കൈയ്യുടെ പിന്‍ഭാഗത്തുള്ള ഒരു പാട് മറയ്ക്കുന്ന മേക്കപ്പ് ചര്‍ച്ചകളില്‍; വൃത്താകൃതിയില്‍ ചര്‍മ്മഭാഗം മറച്ചുവെച്ച ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന് സംഭവിച്ചത് എന്ത്?

Update: 2025-07-17 06:34 GMT

വാഷിങ്ടണ്‍: ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രദ്ധ ആകര്‍ഷിച്ചത് കൈയ്യുടെ പിന്‍ഭാഗത്തുള്ള ഒരു പാട് മറയ്ക്കുന്ന മേക്കപ്പ് കൊണ്ടാണ്. വൃത്താകൃതിയിലാണ് ചര്‍മ്മഭാഗം മറച്ചുവെച്ച് ട്രംപ് എത്തിയത്. ഈ കാഴ്ച കണ്ട ജനങ്ങള്‍ അമ്പരന്നു. അമേരിക്കന്‍ പ്രസിഡന്റിനെ പോലെ എല്ലാ വിധ സംവിധാനങ്ങളും ഉള്ള ഒരു വ്യക്തിക്ക് എന്താണ് സംഭവിച്ചത് എന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കാന്‍ തുടങ്ങി. ഏതായാലും ട്രംപിന് എന്തോ മറച്ചു വെയ്ക്കാനുണ്ട് എന്ന് ഉറപ്പായതോടെ പലരും ഇതിനെ കുറിച്ചുള്ള അവരവരുടെ വിശദീകരണങ്ങളുമായി രംഗത്തെത്തി. ട്രംപിനെ നേരിട്ട് പരിശോധിച്ചിട്ടില്ലെങ്കിലും ചില ഡോക്ടര്‍മാരും പാശ്ചാത്യ മാധ്യമങ്ങളില്‍ ഇതിനെ കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങള്‍ പങ്ക് വെയ്ക്കുകയാണ്.

ട്രംപിന്റെ കൈയില്‍ ചില ചതവുകള്‍ ഉണ്ടെന്നും അത് മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോളജിസ്റ്റും പുരുഷ ലൈംഗികാരോഗ്യ വിദഗ്ധനുമായ ഡോ. ബോബാക്ക് ബെറൂഖിം പ്രമുഖ പാശ്ചാത്യ മാധ്യമമായ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. ശരീരത്തില്‍ നിന്ന് രക്തം എടുത്തതിലൂടെയോ ഒരു പ്രാണിയുടെ കടിയേറ്റതില്‍ നിന്നോ, അല്ലെങ്കില്‍ കൈയില്‍ എന്തെങ്കിലും ശക്തിയായി തട്ടിയതില്‍ നിന്നോ ആകാം ഇതുണ്ടായത് എന്നാണ്. സാധാരണയായി സിറിഞ്ച് ഉപയോഗിച്ച് രക്തമെടുക്കുമ്പോള്‍ ചെറിയ മുഴ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതേ സമയം കൂടുതല്‍ പ്രായമായ വ്യക്തികളില്‍ അത് മുറിവുണ്ടാകാന്‍ കാരണമാകും.

എന്നാല്‍ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലീന്‍ ലീവിറ്റ് പറയുന്നത് ട്രംപ് ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന വ്യക്തിയാണ് എന്നാണ്. എല്ലാവര്‍ക്കും ഹസ്തദാനം നല്‍കുന്നതും അദ്ദേഹത്തിന്റെ പതിവാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ഒരുപാട് പേര്‍ക്ക് ഹസ്തദാനം നല്‍കുന്നത് കൈയ്യില്‍ ഇത്തരത്തില്‍ ഒരു പ്രശ്നം സൃഷ്ടിക്കാന്‍ സാധ്യത കുറവാണെന്നാണ് കാലിഫോര്‍ണിയയിലെ പ്രമുഖ ഡോക്ടറായ നീല്‍ പട്ടേല്‍ പറയുന്നത്. ജനുവരിയില്‍ അധികാരമേറ്റതിനുശേഷം പലപ്പോഴും പ്രസിഡന്റിന്റെ കൈയില്‍ സമാനമായ മുഴകളും ചതവുകളും കാണാറുണ്ടായിരുന്നു. കഴിഞ്ഞ മാസവും ഈ മുറിവുകളില്‍ ഒന്ന് മറയ്ക്കാന്‍ അദ്ദേഹത്തിന്റെ കൈകളില്‍ മേക്കപ്പ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ട്രംപിന്റെ പ്രായം അദ്ദേഹത്തിന്റെ ചര്‍മ്മത്തെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കാം എന്നാണ് മറ്റ് ചില വിദഗ്ധര്‍ വാദിക്കുന്നത്. പതിവ് ശാരീരിക പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തരമൊരു കാര്യം ട്രംപിന്റെ കൈയ്യില്‍ കാണാന്‍ കഴിഞ്ഞതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം താന്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം സമയമാണ് ട്രംപിനെ ഡോക്ടര്‍മാര്‍ അന്ന് പരിശോധിച്ചത്.

Tags:    

Similar News