ഒളിഞ്ഞു നോട്ടം പിടിച്ചപ്പോള്‍ പക കൂടി; മലം എറിഞ്ഞത് പോലീസില്‍ പരാതി നല്‍കിയത് പ്രതികാരമായി; അച്ഛനും അമ്മയും മരിച്ച ശേഷം ഒറ്റപ്പെട്ട ജീവിതം നയിച്ച വില്യംസ്; ചാത്യാത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് രാത്രി മടങ്ങിവരുമ്പോള്‍ ക്രിസ്റ്റഫറിനേയും മേരിയേയും ആക്രമിച്ചത് അയല്‍വാസി; 'ഒന്നു നിര്‍ത്തിയേ' എന്ന് പറഞ്ഞത് കേട്ടത് ആക്രമണമായി; വടുതലയില്‍ സംഭവിച്ചത്

Update: 2025-07-19 03:38 GMT

കൊച്ചി: ചാത്യാത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് രാത്രി മടങ്ങിവരുമ്പോള്‍ ക്രിസ്റ്റഫറും ഭാര്യ മേരിയും വില്യംസിന്റെ പകയില്‍ ചെന്നു പെട്ടു. ഇത് നാട്ടുകാരേയും അമ്പരപ്പിച്ചു. ക്രിസ്റ്റഫറും മേരിയും പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. പക്ഷേ വില്യംസ് തൂങ്ങി മരിച്ചു. 'ഒന്നു നിര്‍ത്തിയേ' എന്ന് വില്യംസ് പറഞ്ഞപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി ക്രിസ്റ്റഫര്‍ നോക്കുമ്പോഴേക്കും അതിവേഗത്തില്‍ വില്യംസ് കുപ്പിയിലെ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചിരുന്നു. പിന്നാലെ ലൈറ്റര്‍ കത്തിച്ച് അവരുടെ ദേഹത്തേക്ക് എറിഞ്ഞു. തീ ആളിയപ്പോഴേക്കും നിലവിളിച്ചുകൊണ്ട് ക്രിസ്റ്റഫറും മേരിയും അടുത്തുള്ള ജൂഡ്‌സണിന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. 'വില്യംസ് ഞങ്ങളെ കത്തിച്ചു' എന്ന് നിലവിളിച്ചുകൊണ്ടായിരുന്നു ഇരുവരും വീട്ടിലേക്ക് ഓടിക്കയറിയതെന്ന് അയല്‍വാസിയായ ജൂഡ്‌സണ്‍ പറഞ്ഞു.

എറണാകുളം വടുതലയില്‍ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കുകയായിരുന്നു. ക്രിസ്റ്റഫര്‍, മേരി എന്നിവരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം വില്യംസ് എന്നയാളാണ് ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫറും മേരിയും ചികിത്സയിലാണ്. ക്രിസ്റ്റഫറും മേരിയില്‍ പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വില്യംസ് തീകൊളുത്തിയത്. ഇതിന് പിന്നാലെ വില്യംസ് വീടിന് സമീപത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇരു കുടുംബവും തമ്മില്‍ ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

വര്‍ഷങ്ങളായി തുടരുന്ന പ്രശ്നങ്ങളുടെ പകവീട്ടലായിരുന്നു. തന്റെ വീട്ടിലേക്ക് അനാവശ്യമായി ഒളിഞ്ഞു നോക്കുന്ന വില്യംസിന്റെ സ്വഭാവത്തെപ്പറ്റി ക്രിസ്റ്റഫര്‍ പരാതി പറഞ്ഞിരുന്നു. ഇതേച്ചൊല്ലി പല തവണ തര്‍ക്കവുമുണ്ടായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് വില്യംസ് ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മലം എറിഞ്ഞതായും പരാതിയുണ്ടായിരുന്നു. ഇതിനെപ്പറ്റി ക്രിസ്റ്റഫര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിനെ സമീപച്ചതില്‍ വില്യംസിന് വലിയ പകയുണ്ടായിരുന്നു. ഈ പകയാണ് തീ കത്തിക്കാന്‍ കാരണം.

സ്‌കൂട്ടറില്‍ ഇരുവരും വരുന്നത് കാത്തുനിന്നാണ് വില്യംസ് അക്രമം നടത്തിയത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ക്രിസ്റ്റഫറിന്റെ ദേഹത്ത് കഴുത്തിനും അരഭാഗത്തിനും ഇടയിലായാണ് കൂടുതല്‍ പെട്രോള്‍ വീണത്. അവിടെ തീ പടര്‍ന്നതോടെയാണ് ക്രിസ്റ്റഫറിന് ഗുരുതരമായി പൊള്ളലേറ്റത്. സ്‌കൂട്ടറില്‍ ക്രിസ്റ്റഫറിന് പിന്നിലായി ഇരുന്നിരുന്ന മേരിയുടെ ശരീരത്തില്‍ അധികം പെട്രോള്‍ വീണിരുന്നില്ല. മേരിയുടെ വസ്ത്രത്തില്‍ പടര്‍ന്ന തീ അയല്‍വാസിയായ ജൂഡ്‌സണിന്റെ വീട്ടുകാര്‍ വെള്ളം ഒഴിച്ച് കെടുത്തി. പക്ഷേ അപ്പോഴേക്കും തീ നന്നായി പടര്‍ന്ന ക്രിസ്റ്റഫറിന്റെ നില ഗരുതരമായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വില്യംസ് രക്ഷപ്പെട്ടു. വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടി കിടക്കുന്നു. പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുമ്പോള്‍ വില്യംസിനെ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടത്.

അച്ഛനും അമ്മയും മരിച്ച വില്യംസ് വര്‍ഷങ്ങളായി വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. സഹോദരങ്ങളില്‍ ചിലര്‍ സമീപത്ത് താമസിച്ചിരുന്നു. മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു വില്യംസിന്. വീട്ടിലേക്ക് വില്യംസ് അനാവശ്യമായി ഒളിഞ്ഞുനോക്കുന്നതായി ക്രിസ്റ്റഫര്‍ പല തവണ പരാതിപ്പെട്ടിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ വി.വി. പ്രവീണ്‍ പറഞ്ഞു. വില്യംസിന്റെ ശല്യം സഹിക്കാന്‍ കഴിയാതെയാണ് ക്രിസ്റ്റഫറും മേരിയും സ്വന്തംവീട്ടില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചത്. ഇതില്‍ പലപ്പോഴും വില്യംസിന്റെ ഒളിഞ്ഞു നോട്ടം പിടിച്ചു. വീടിന് തൊട്ടടുത്തുള്ള ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളിയില്‍ പെരുന്നാളിനുപോയതായിരുന്നു ക്രിസ്റ്റഫറും മേരിയും. രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് മടങ്ങവേ ഇടവഴിയില്‍ കാത്തുനിന്ന വില്യംസ് ആക്രമിക്കുകയായിരുന്നു.

Tags:    

Similar News