2009 ല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഇന്ത്യയിലെത്തി; നാല് വര്‍ഷമായി രാജ്യമില്ലാതെ കഴിയുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്ടര്‍; ഇന്ത്യന്‍ പൗരത്വത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത് 50 കാരനായ നാനിക്രാസ് ഖനൂമല്‍ മുഖി
നാല് വര്‍ഷമായി രാജ്യമില്ലാതെ കഴിയുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്ടര്‍ ഇന്ത്യന്‍ പൗരത്വത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 50 കാരനായ നാനിക്രാസ് ഖനൂമല്‍ മുഖി 2009 ല്‍ തന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനുമായിട്ടാണ് ഇന്ത്യയിലേക്ക് വന്നത്. മുഖിയുടെ പല ബന്ധുക്കളും അഹമ്മദാബാദില്‍ സ്ഥിരതാമസമാക്കിയത് കാരണം അദ്ദേഹവും ഇവിടെ താമസമാക്കുകയായിരുന്നു. 2016 ല്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിരുന്നു എങ്കിലും സര്‍ക്കാര്‍ അക്കാര്യം നിരസിക്കുകയായിരുന്നു.
നേരത്തേ പാക്കിസ്ഥാനിലെ ഹൈദരാബാദില്‍ സോണോഗ്രാഫി ക്ലിനിക്ക് നടത്തുകയായിരുന്നു ഡോ.നാനിക്രാസ് ഖനൂമല്‍ മുഖി. 2021 ല്‍ അഹമ്മദാബാദ് കളക്ടറുടെ ഓഫീസില്‍ നിന്ന് അപേക്ഷ പ്രോസസ്സ് ചെയ്തതായും ഉടന്‍ തന്നെ പൗരത്വം ലഭിക്കുമെന്നും അറിയിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു കത്ത് ലഭിച്ചു. എന്നാല്‍ ശരിക്കും ഡോ. മുഖിയുടെ പ്രശ്നങ്ങള്‍ ആരംഭിച്ചത് അപ്പോഴാണ്. കത്ത് ലഭിച്ചയുടനെ അദ്ദേഹം ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ പോയി തന്റെ പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കി. അങ്ങനെ അദ്ദേഹം പാക്കിസ്ഥാന്‍ പൗരത്വം ഉപേക്ഷിച്ചു. എന്നാല്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഒരിക്കലും ലഭിച്ചതുമില്ല.
കഴിഞ്ഞ നാല് വര്‍ഷമായി താന്‍ രാജ്യമില്ലാത്ത ഒരു വ്യക്തിയെപ്പോലെയാണ് ജീവിക്കുന്നത് എന്നാണ് മുഖി പറയുന്നത്. തുറന്ന ജയിലില്‍ കഴിയുന്നത് പോലെയാണ് ഇതെന്നും തനിക്ക് ഒരു രാജ്യത്തും പൗരത്വമില്ലാത്ത അവസ്ഥയാണെന്നും ഡോ. മുഖി മാധ്യമങ്ങളോട് പറഞ്ഞു. പലതവണ കത്തുകള്‍ എഴുതുകയും അഹമ്മദാബാദ് കളക്ടറുടെ ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്തതിന് ശേഷം കഴിഞ്ഞ ഏപ്രില്‍ 30 ന് ഡോ. മുഖി ഇന്ത്യന്‍ യൂണിയനും ഗുജറാത്ത് സംസ്ഥാനത്തിനും എതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മറുപടി ഫയല്‍ ചെയ്തിട്ടില്ല. കേസ് വീണ്ടും വീണ്ടും മാറ്റിവയ്ക്കുകയുമാണ്. ഇത് കടുത്ത അനീതിയാണ് എന്നും ഇവിടെ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പാകിസ്ഥാന്‍ വിട്ടത് എന്നുമാണ് മുഖി പറയുന്നത്. മകളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളെ നിര്‍ബന്ധിതമായി മതം മാറ്റുന്ന നിരവധി കേസുകള്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അടുത്ത മാസം ആറിനാണ് കേസില്‍ കോടതി ഇനി വാദം കേള്‍ക്കുന്നത്.
ഡോ. മുഖിയുടെ ഭാര്യക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 2019 ലെ പൗരത്വ ഭേദഗതി നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്തതിന് ശേഷം അദ്ദേഹത്തിന്റെ മൂന്ന് കുട്ടികളും പൗരത്വം നേടി. ഇത് 2024 മാര്‍ച്ച് 11 മുതല്‍ പ്രാബല്യത്തില്‍ വന്നു. പൗരത്വം കേന്ദ്ര പട്ടികയ്ക്ക് കീഴിലുള്ള ഒരു വിഷയമാണ്. ആഭ്യന്തര മന്ത്രാലയമാണ് ഇത് തീരുമാനിക്കുന്നത്. എന്നാല്‍ 1955 ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള നിയമപരമായ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന് ഒമ്പത് സംസ്ഥാനങ്ങളിലെ 31 ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കോ കളക്ടര്‍മാര്‍ക്കോ മന്ത്രാലയം അധികാരം നല്‍കിയിട്ടുണ്ട്. 2024 ല്‍ സി.എ.എ പ്രകാരം താന്‍ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും അപേക്ഷ ഇപ്പോഴും പരിഗണനയിലാണെന്നാണ് ഡോ.മുഖി പറയുന്നത്.