അടുപ്പം സ്ഥാപിച്ച് വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി; കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയോട് ആവശ്യപ്പെട്ടത് മുപ്പത് കോടി; അന്‍പതിനായിരം നല്‍കിയിട്ടും ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണി; 20 കോടിയുടെ ചെക്ക് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പിടിയില്‍; ഹണിട്രാപ്പില്‍ പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരിയും ഭര്‍ത്താവും അറസ്റ്റില്‍

ഹണിട്രാപ്പില്‍ പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരിയും ഭര്‍ത്താവും അറസ്റ്റില്‍

Update: 2025-07-29 16:07 GMT

tകൊച്ചി: കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി 20 കോടി രൂപ തട്ടിയ പ്രൈവറ്റ് സെക്രട്ടറിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. തൃശൂര്‍ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. വ്യവസായിയില്‍ നിന്ന് ഇരുപത് കോടിയുടെ ചെക്ക് വാങ്ങി വാങ്ങി മടങ്ങവേയാണ് ഇരുവരും പിടിയിലായത്.

വ്യവസായിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ 20 കോടിയുടെ ചെക്കും ഇവരില്‍ നിന്ന് കണ്ടെത്തി. വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയില്‍ നിന്ന് 30 കോടി രൂപയാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്.

രഹസ്യമായി നടത്തിയ ചാറ്റുകളടക്കം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഐടി വ്യവസായിയില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തിയത്. 30 കോടി രൂപയാണ് പ്രതികള്‍ വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറി. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകള്‍ വീതം നല്‍കി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും പറഞ്ഞു.

അന്‍പതിനായിരം വ്യവസായി നല്‍കിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ദമ്പതികള്‍ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് വ്യവസായി സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കി. ഇന്ന് പണം വാങ്ങാനെത്തിയ ദമ്പതികള്‍ ചെക്ക് വാങ്ങി പുറത്തിറങ്ങിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. ദമ്പതികള്‍ സമാനമായ തട്ടിപ്പുകള്‍ മുന്‍പും നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Similar News