എന്‍ഐഎ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ കേട്ടശേഷം മാത്രമേ പ്രത്യേക ജഡ്ജിക്ക് വിധി പറയാന്‍ സാധിക്കൂ; അതോടൊപ്പം പ്രഥമദൃഷ്ട്യാ ഈ കേസ് നിലനില്‍ക്കുന്നില്ല എന്നു തോന്നുന്നതായി ജഡ്ജി രേഖപ്പെടുത്തണം; കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാന്‍ വെല്ലുവിളികള്‍ ഏറെ; നിര്‍ണ്ണായകം ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിലപാട്; പ്രതിഷേധം തുടര്‍ന്ന് സഭ

Update: 2025-07-31 00:58 GMT

കൊച്ചി: സര്‍ക്കാര്‍ സേവനം എത്തപ്പെടാത്ത മേഖലയില്‍പ്പോലും സേവനം ചെയ്യുന്ന കന്യാസ്ത്രീകളെ മനുഷ്യക്കടത്തുകാരായി ചിത്രീകരിക്കുന്നത് നിയമവിരുദ്ധവും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗവുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. അതിനിടെ കന്യാസ്ത്രീകളുടെ മോചനത്തിനായി എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ഇതില്‍ അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. ബിജെപി പ്രതിനിധി സംഘം അനുകൂല തീരുമാനം ഉണ്ടാക്കുമെന്നും പ്രതീക്ഷയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലും പ്രതീക്ഷിക്കുന്നു. ഇതിനിടെയിലും പ്രതിഷേധം കടുപ്പിക്കുകയാണ് കത്തോലിക്കാ സഭ. കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കും.

ഛത്തീസ്ഗഡ് ഭരിക്കുന്ന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടിയും സമാധാനം പറയണമെന്നും സംഘടന ആവശ്യപ്പെട്ടു. നീതി ലഭിക്കുംവരെ സമരം ശക്തമാക്കാനും തീരുമാനിച്ചു. ജോലിക്കായി ആളുകളെ കൊണ്ടുപോകുന്നത് മനുഷ്യക്കടത്ത് അല്ലെന്നു കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സമാന കേസില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൂടെ ഒരാളെ കൊണ്ടുനടന്നാല്‍ പോലും മനുഷ്യക്കടത്തിനു കേസെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. തീവ്ര ഗ്രൂപ്പുകളെ സര്‍ക്കാര്‍ നിയന്ത്രിക്കാത്തത് നിയമലംഘനമാണെന്നും നിയമവിരുദ്ധമായി തടവിലാക്കപ്പെട്ട സിസ്റ്റേഴ്സിന് ജാമ്യം ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുര്‍ഗില്‍ കഴിഞ്ഞ ആറു ദിവസമായി ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 143 പ്രകാരമുള്ള കുറ്റം പരിഗണിക്കാന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതിയുടെ നടപടി. കേസില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ഇതോടെ കന്യാസ്ത്രീകള്‍ ഇന്നലെ ജാമ്യത്തിലിറങ്ങുമെന്നു പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കന്യാസ്ത്രീകള്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നതിനടക്കമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കേസിലെ പരാതിക്കാരന്‍ രവി നിഗം കോടതിയില്‍ പറഞ്ഞു. മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ എന്‍ഐഎ കോടതികളാണു പരിഗണിക്കേണ്ടതെന്ന 2020ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ കോടതിയിലേക്കു മാറ്റിയത്. എന്‍ഐഎ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ കേട്ടശേഷം മാത്രമേ പ്രത്യേക ജഡ്ജിക്ക് വിധി പറയാന്‍ സാധിക്കൂ.

അതോടൊപ്പം പ്രഥമദൃഷ്ട്യാ ഈ കേസ് നിലനില്‍ക്കുന്നില്ല എന്നു തോന്നുന്നതായി ജഡ്ജി രേഖപ്പെടുത്തുകയും ചെയ്യണം. അങ്ങനെയെങ്കില്‍ മാത്രമേ കന്യാസ്ത്രീകള്‍ക്കു ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കൂ. ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതി സമാന കാര്യം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല. എഫ്‌ഐആറില്‍ ചുമത്തിയ മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെയും നടപടി. എന്‍ഐഎയുടെ പരിധിയില്‍ വരുന്ന കുറ്റമാണ് കന്യാസ്ത്രീമാര്‍ക്കെതിരേയുള്ള എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നതെങ്കില്‍ അനധികൃത കസ്റ്റഡിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. ബിജെപിയുടെ പിന്തുണ ഇക്കാര്യത്തില്‍ സിബിസിഐ പ്രതീക്ഷിക്കുന്നുണ്ട്.

കന്യാസ്ത്രീകള്‍ക്കു ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു ഛത്തീസ്ഗഡ് സര്‍ക്കാര്‍ സെഷന്‍സ് കോടതിയില്‍ നിലപാട് എടുത്തിരുന്നു. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീകളുടെ മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റത്തിന് സെഷന്‍സ് കോടതിക്കു ജാമ്യം അനുവദിക്കാനാകില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സെഷന്‍സ് കോടതി മുന്പാകെ വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സി നിയമം അനുസരിച്ച് എന്‍ഐഎ കോടതികള്‍ക്കു മാത്രമേ ഇത്തരം വിഷയം പരിഗണിക്കാന്‍ സാധിക്കൂവെന്നും ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. ഇതോടെ വിഷയം എന്‍ഐഎ കോടതിക്കു കൈമാറാന്‍ സെഷന്‍സ് ജഡ്ജി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത് സാങ്കേതിക എതിര്‍പ്പ മാത്രമാണ്. അതുകൊണ്ട് എന്‍ഐഎ കോടതിയില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അനുകൂലമാകാനും സാധ്യതയുണ്ട്.

ബജരംഗ്ദളിനുവേണ്ടി അഞ്ച് അഭിഭാഷകരാണ് ജാമ്യത്തെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ ഹാജരായത്. മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള പ്രവൃത്തികളാണ് കന്യാസ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പെണ്‍കുട്ടികളെ മതം മാറ്റുന്നതിനായി കടത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണുണ്ടായതെന്നും ബജരംഗ്ദളിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു.

Tags:    

Similar News