പയ്യന്നൂരില്‍ ആരും കൂട്ടില്ലാതെ സുരേഷ് ഗോപി 'തനിച്ചായി'! പുലര്‍ച്ചെ 1.44-ന് സ്റ്റേഷനില്‍ വിജനമായ പ്ലാറ്റ് ഫോം; സ്വീകരിക്കാന്‍ അണികളില്ല; കട്ട കലിപ്പില്‍ മന്ത്രി; വന്ദേഭാരതും അമൃത് ഭാരതും പണി കൊടുത്തപ്പോള്‍ ആകെ ഗുലുമാല്‍; 'അമൃത് ഭാരതില്‍' ബിജെപി-കോണ്‍ഗ്രസ് ക്രെഡിറ്റ് തര്‍ക്കത്തിനിടെ നാടകീയ രംഗങ്ങള്‍

പയ്യന്നൂരില്‍ ആരും കൂട്ടില്ലാതെ സുരേഷ് ഗോപി 'തനിച്ചായി'!

Update: 2026-03-19 11:54 GMT

കണ്ണൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അമൃത് ഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതിന്റെ ആദ്യ ആഘോഷം പാളി. പുലര്‍ച്ചെ 1.44-ന് ട്രെയിന്‍ പയ്യന്നൂരിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ പ്ലാറ്റ്ഫോമില്‍ ബിജെപി പ്രവര്‍ത്തകര്‍ ആരും ഉണ്ടായിരുന്നില്ല.

മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റിനെ ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പോര് മുറുകുന്നതിനിടയിലാണ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി നേരിട്ടെത്തിയത്. എന്നാല്‍ ആറ് മിനിറ്റോളം വിജനമായ പ്ലാറ്റ്ഫോമില്‍ ചെലവഴിച്ച മന്ത്രി, തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് കാഞ്ഞങ്ങാട്ടേക്ക് യാത്ര തുടര്‍ന്നത്.

തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര തിരിച്ച് കണ്ണൂരില്‍ ഇറങ്ങി അവിടെനിന്ന് അമൃത് ഭാരതില്‍ കയറി പയ്യന്നൂരിലും കാഞ്ഞങ്ങാട്ടും സ്വീകരണം ഏറ്റുവാങ്ങാനായിരുന്നു മന്ത്രിയുടെ പദ്ധതി. എന്നാല്‍ ചൊവ്വാഴ്ച വന്ദേഭാരത് എക്‌സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയത് പ്ലാനുകളെല്ലാം തകിടം മറിച്ചു. മന്ത്രിക്ക് അമൃത് ഭാരതില്‍ കയറാന്‍ വേണ്ടി ആ ട്രെയിന്‍ തലശ്ശേരിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടുകയും ചെയ്തു. ട്രെയിനുകള്‍ വൈകിയതോടെ മന്ത്രിയുടെ യാത്രയെക്കുറിച്ച് അണികള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്.

റെയില്‍വേ അധികൃതരില്‍ നിന്നോ പാര്‍ട്ടി നേതാക്കളില്‍ നിന്നോ മന്ത്രിയുടെ കൃത്യമായ യാത്രാ വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് അര്‍ധരാത്രി വരെ കാത്തുനിന്ന ബിജെപി പ്രവര്‍ത്തകര്‍ നിരാശരായി മടങ്ങിപ്പോവുകയായിരുന്നു. വന്ദേഭാരത് വൈകിയതോടെ മന്ത്രി എത്തുമോ എന്ന കാര്യത്തില്‍ അണികള്‍ക്ക് സംശയമായി. ഒടുവില്‍ കണ്ണൂരില്‍ നിന്ന് മന്ത്രി അമൃത് ഭാരതില്‍ കയറി പയ്യന്നൂരിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ആരും ഇല്ലാതെ പോയത് വലിയ തിരിച്ചടിയായി. പയ്യന്നൂരിലെ സ്റ്റോപ്പിനായി തന്റെ ഇടപെടല്‍ ഉണ്ടായെന്ന് അവകാശപ്പെട്ട മന്ത്രിക്ക് അണികളുടെ ഈ 'അഭാവം' വലിയ പ്രഹരമായി മാറി.

Tags:    

Similar News