പഴയ കുന്തങ്ങളും റേസര്‍ ബ്ലേഡുകളും ഉപയോഗിച്ച് കണ്ണില്‍ പൊന്നീച്ച പറപ്പിക്കും; പുരുഷന്മാരുടെ ലിംഗാഗ്രചര്‍മ്മം നീക്കുന്ന ചേലാ കര്‍മ്മം ചെയ്തില്ലെങ്കില്‍ ഗോത്രകൂട്ടായ്മയില്‍ പങ്കെടുക്കാനോ കല്യാണം കഴിക്കാനോ സമ്മതിക്കില്ല; ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷം അശാസ്ത്രീയ ചേലാകര്‍മ്മത്തിനിടെ മരിച്ചത് 39 ആണ്‍കുട്ടികള്‍
ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷം അശാസ്ത്രീയ ചേലാകര്‍മ്മത്തിനിടെ മരിച്ചത് 39 ആണ്‍കുട്ടികള്‍
കേപ്ടൗണ്‍: ചേലാകര്‍മ്മം ലോകത്തെ ഏറ്റവും പഴക്കമുള്ള ശസ്ത്രക്രിയയാണെന്ന് പറയാം. ലിംഗാഗ്രചര്‍മ്മം ചെറുശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന പ്രവൃത്തിയെയാണ് ചേലാകര്‍മ്മം എന്നു വിളിക്കുന്നത്. ആധുനിക കാലത്ത് ശാസ്ത്രീയ രീതികള്‍ ലഭ്യമെങ്കിലും ചില രാജ്യങ്ങളിലെ ഗോത്ര വിഭാഗക്കാര്‍ക്കിടയില്‍ പ്രാകൃത രീതികളാണ് പിന്തുടരുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷം ഗോത്രവര്‍ഗ്ഗ വിഭാഗക്കാര്‍ക്കിടയില്‍ നടന്ന ചേലാകര്‍മ്മ ആചാരങ്ങളില്‍ 39 കൗമാരക്കാരായ ആണ്‍കുട്ടികള്‍ മരിച്ചു.
ഈ വര്‍ഷം മരണസംഖ്യ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത് ചെറിയ തോതില്‍ ഫലം കണ്ടുവെന്ന് പറയാം. കഴിഞ്ഞ വര്‍ഷം 93 പേരാണ് മരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 361 ആണ്‍കുട്ടികളും. 2024 ല്‍ ചേലാകര്‍മ്മത്തിലെ പിഴവ് കാരണം 11 പേരുടെ ലിംഗം ഛേദിക്കേണ്ടി വന്നു. പഴയ കുന്തങ്ങളും റേസര്‍ ബ്ലേഡുകളും ഉപയോഗിച്ചാണ് കണ്ണില്‍ പൊന്നീച്ച പറപ്പിക്കുന്ന 'പാരമ്പര്യ സര്‍ജന്‍മാരുടെ' ശസ്ത്രക്രിയ
2020 ന്് ശേഷം ആയിരങ്ങളാണ് ആശുപത്രിയിലായത്. കൗമാരത്തില്‍ നിന്ന് പുരുഷത്വത്തിലേക്ക് കടക്കുന്നതിന്റെ ആചാരമായി ഹോസ ഗോത്രവിഭാഗക്കാരാണ് ഉല്‍വാലുകോ എന്ന ചേലാകര്‍മ്മ ചടങ്ങ് നടത്താറുളളത്. നൂറ്റാണ്ടുകള്‍ പഴക്കമുളള ആചാരം 16 നും 26 നും പ്രായമുള്ള ആണ്‍കുട്ടികള്‍ക്കാണ് നടത്താറുള്ളത്.
ഈ ചടങ്ങ് നടത്താതെ ഗോത്രയോഗങ്ങളില്‍ പങ്കെടുക്കാനോ, കല്യാണം കഴിക്കാനോ സമ്മതിക്കില്ല. ഗ്രാമങ്ങൡ നിന്നകലെ രഹസ്യമായി കെട്ടിയുയര്‍ത്തിയ കുടിലുകളിലാണ് ചേലാകര്‍മ്മ ചടങ്ങ് നടക്കുക. ഗോത്രമൂപ്പന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും മാത്രമാണ് പ്രവേശനം.
അനധികൃത ചേലാകര്‍മ കേന്ദ്രങ്ങളെയാണ് സര്‍ക്കാര്‍ പഴിക്കുന്നത്. 16 വയസിന് താഴെയുളളവര്‍ ഇത് ചെയ്യാന്‍ പാടില്ലെന്ന നിയമം പാലിക്കാതെ വരുമ്പോഴാണ് പലപ്പോഴും മരണങ്ങള്‍ സംഭവിക്കുന്നത്. ഗാന്‍ഗ്രീന്‍, സെപ്‌സിസ്, നിര്‍ജ്ജലീകരണം എന്നിവയാണ് പലപ്പോഴും മരണകാരണം. ചേലാകര്‍മ്മം നിരോധിക്കണമെന്ന വശ്യം ഉയരുന്നുണ്ടെങ്കിലും ഇത് ഹോസ ഗോത്രവിഭാഗക്കാരുടെ ജീവിതത്തിലെ സുപ്രധാന ഘടകമെന്നാണ് എതിര്‍വാദം.