സാധാരണ പറക്കുന്നതിനേക്കാള്‍ 100 അടി കൂടുതല്‍ ഉയരത്തിലാണ് തങ്ങളെന്ന് ഹെലികോപ്ടര്‍ പൈലറ്റ് കരുതി; കുഴപ്പം ഉണ്ടാക്കിയത് തെറ്റായ ആള്‍ട്ടിമീറ്റര്‍ റീഡിങ്ങും ആശയവിനിമയത്തിലെ പ്രശ്‌നവും; ജനുവരിയില്‍ യാത്രാ വിമാനത്തില്‍ യുഎസ് സൈനിക ഹെലികോപ്ടര്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ജനുവരിയില്‍ യാത്രാ വിമാനത്തില്‍ യുഎസ് സൈനിക ഹെലികോപ്ടര്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Update: 2025-07-31 18:49 GMT

വാഷിങ്ടണ്‍: കഴിഞ്ഞ ജനുവരി 29 ന് അമേരിക്കയില്‍ സൈനിക ഹെലികോപ്ടര്‍ യാത്രാവിമാനത്തില്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു. വാഷിങ്ടണ്‍ ഡിസിക്ക് മുകളില്‍ വച്ചാണ് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടര്‍ യാത്രാ വിമാനവുമായി കൂട്ടിയിടിച്ചത്. കോക്പിറ്റിലെ വൈമാനികരുടെ അവസാനവാക്കുകളും ഇതോടെ പുറത്തുവന്നു.

മൂന്നുദിവസത്തെ ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിന്റെ വിചാരണയുടെ തുടക്കത്തിലാണ് സിസിടിവി ഫുട്ടേജ് പ്രദര്‍ശിപ്പിച്ചത്. 2025 ജനുവരി 29 ന് രാത്രി 8:48 നാണ് യുഎസിലെ പൊട്ടോമാക് നദിക്ക് മുകളില്‍ സൈനിക ഹെലികോപ്റ്റര്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇടിച്ചുകയറിയത്. വിമാനം റണ്‍വേയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹെലികോപ്റ്ററിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ 67 പേര്‍ മരിച്ചിരുന്നു.

313 അടി ഉയരത്തില്‍ പറക്കുന്ന വിമാനം വിര്‍ജീനിയയിലെ റൊണാള്‍ഡ് റീഗന്‍ വാഷിങ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ 33 ലേക്ക് പറന്നിറങ്ങുകയുമായിരുന്നു. ഏകദേശം 300 അടി ഉയരത്തില്‍ വെച്ച് ആകാശത്തില്‍ വച്ചാണ് വിമാനവും ഹെലികോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുന്നത്.

തെറ്റായ ആര്‍ട്ടിമീറ്റര്‍ റീഡിങ് കാരണം സാധാരണ പറക്കുന്നതിലും 100 അടി കൂടുതല്‍ ഉയരത്തിലാണ് തങ്ങളെന്ന് ഹെലികോപ്ടര്‍ പൈലറ്റ് കരുതി. കൂട്ടയിടിക്ക് മൂന്നുമിനിറ്റ് മുമ്പ് കോ പൈലറ്റ് ക്യാപ്റ്റന്‍ റേബേക്ക ലൊബാക്കിനോട് 300 അടിയില്‍ നിന്ന് 200 അടിയിലേക്ക് താഴ്ന്നുവരാന്‍ മുഖ്യ വാറണ്ട് ഓഫീസര്‍ ആന്‍ഡ്രൂ ഈവ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആന്‍ഡ്രൂ ഈവ്‌സിന്റെ നിര്‍ദ്ദേശം ക്യാപ്റ്റന്‍ റെബേക്ക ലോബാക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടു.

കൂട്ടയിടിക്ക് രണ്ടുമിനിറ്റ് മുമ്പ് യാത്രാ വിമാനത്തിന്റെ സാന്നിധ്യത്തെ കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കി. 90 സെക്കന്‍ഡിന് ശേഷം മുന്നറിയിപ്പ് ആവര്‍ത്തിച്ചു. ജെറ്റ് തങ്ങള്‍ക്ക് കാണാമെന്നായിരുന്നു മറുപടി. യാത്രാ വിമാനത്തിന്റെ പിന്നിലൂടെ കടക്കാന്‍ കണ്‍ട്രോളര്‍ ആവശ്യപ്പെട്ടെങ്കിലും ക്രൂ അത് കേട്ടില്ല. കൂട്ടയിടിക്ക് 20 സെക്കന്‍ഡ് മുമ്പ് ഈവ്‌സ് പറഞ്ഞു: ' ശരി, ഇടത്തേക്ക് തിരിയൂ മാം. അതാണ് അദ്ദേഹം ആവശ്യപ്പെടുന്നതെന്ന് കരുതുന്നു. ഉറപ്പായും എന്നാണ് ലൊബാക്കിന്റെ മറുപടി.


കൂട്ടയിടി ഉറപ്പാണെന്ന് മനസ്സിലായപ്പോള്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് കോക്പിറ്റില്‍ പൈലറ്റുമാര്‍ ചീത്ത വിളിക്കുന്നത് കേള്‍ക്കാം. സെക്കന്‍ഡുകള്‍ക്ക് മുമ്പ് വിമാനം ഉയര്‍ത്താനും ശ്രമം നടന്നു.

Tags:    

Similar News