ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പഴക്കമുള്ള തലയണകള്‍ അടിയന്തരമായി മാറ്റുന്നതാണ് നല്ലത്; ഉറങ്ങുന്ന മുറിയില്‍ സിന്തറ്റിക്ക് എയര്‍ ഫ്രഷനറുകള്‍ ഒരിക്കലും ഉപയോഗിക്കരുത്; നിങ്ങളുടെ ജീവിതം സുഖകരമാകാന്‍ കിടപ്പുമുറിയില്‍ നിന്ന് ഈ മൂന്ന് ടോക്സിക്ക് സാധനങ്ങള്‍ ഒഴിവാക്കാം

Update: 2025-08-02 07:49 GMT

നിങ്ങളുടെ ജീവിതം സുഖകരമാകാന്‍ കിടപ്പുമുറിയില്‍ നിന്ന് ഈ മൂന്ന് ടോക്സിക്ക് സാധനങ്ങള്‍ ഒഴിവാക്കണം എന്ന് നിര്‍ദ്ദേശം. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു ഡോക്ടര്‍ പറയുന്നത് അവ എത്രയും വേഗം നീക്കം ചെയ്യണം എന്നാണ്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥിയുടെ അഭിപ്രായത്തില്‍ പഴയ തലയണകള്‍, സിന്തറ്റിക് എയര്‍ ഫ്രെഷനറുകള്‍, പഴയതാണെങ്കില്‍ നിങ്ങളുടെ മെത്ത എന്നിവയാണ് അടിയന്തരമായി നീക്കം ചെയ്യേണ്ടത്. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. 21 ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്.

ഈ വസ്തുക്കള്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ചാല്‍ എന്തൊക്കെ പ്രശ്നങ്ങളായിരിക്കും ഉണ്ടാകുന്നത് എന്നാണ് സൗരഭ് സേഥി വിശദീകരിക്കുന്നത്. പഴയ തലയണകളില്‍ കാലക്രമത്തില്‍ പൊടിപടലങ്ങള്‍, വിയര്‍പ്പ്, അലര്‍ജികള്‍ എന്നിവ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം വിശദീകരിച്ചത്. തലയണകളില്‍ വളരുന്ന ആറ് കാലുകളുള്ള ചെറുജീവികള്‍ ആസ്ത്മക്ക് കാരണമാകും എന്നാണ് കരുതപ്പെടുന്നത്. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പഴക്കമുള്ള തലയണകള്‍ അടിയന്തരമായി മാറ്റുന്നതാണ് നല്ലത്. ഉറങ്ങുന്ന മുറിയില്‍ സിന്തറ്റിക്ക് എയര്‍ ഫ്രഷനറുകള്‍ ഒരിക്കലും ഉപയോഗിക്കരുതെന്നതാണ് അടുത്ത നിര്‍ദ്ദേശം.

ഇവ ശ്വസന പ്രശ്നങ്ങളും ഹോര്‍മോണ്‍ തകരാറുകളും ഉണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്. ഇവയില്‍ നിന്ന് പുറത്തേക്ക് തള്ളുന്ന രാസവസ്തുക്കള്‍ വളരെ പെട്ടെന്ന് തന്നെ ശ്വാസകോശത്തിലേക്ക് എത്തും. ഹ്രസ്വകാലത്തേക്ക്, അവ തലച്ചോറിലേക്ക് സഞ്ചരിച്ച് തലകറക്കം, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, കാഴ്ച വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇവ ഉപയോഗിച്ചാല്‍ ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍, പ്രത്യുല്‍പാദന പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, കാന്‍സര്‍ എന്നിവക്ക് കാരണമാകും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 86 ശതമാനം എയര്‍ ഫ്രെഷനറുകളിലും ആസ്ത്മയ്ക്കും പ്രത്യുല്‍പാദന വൈകല്യത്തിനും കാരണമാകുന്ന രാസവസ്തുക്കളായ ഫ്താലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അടുത്തതായി ഏഴ് മുതല്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മെത്തകള്‍ ഉപേക്ഷിക്കണം എന്നാണ് സൗരഭ് സേഥി ആവശ്യപ്പെടുന്നത്.

കാരണം ഇത് ഉറക്കത്തെ ദോഷകരമായി ബാധിക്കുമെന്നും വിട്ടുമാറാത്ത നടുവേദനക്ക് കാരണമാകും എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച വീഡിയോ കണ്ട പലരും തങ്ങളുടെ തലയണകള്‍ പഴയതാണെന്ന കാര്യം വെളിപ്പെടുത്തി. മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഡോക്ടറോട് നന്ദി പറഞ്ഞു.

Similar News