സുരേഷ് ഗോപിയുടെ വിജയവും മുനമ്പം സമരവും ഒരുക്കിയ ക്രൈസ്തവ-ബിജെപി ഐക്യം ഇല്ലാതാക്കാന്‍ ചാടി ഇറങ്ങി ഇടത് വലത് മുന്നണികള്‍; മറ്റൊരു വിഷയത്തിലും ഇല്ലാത്ത താല്പര്യത്തോടെ എംപിമാര്‍ കൂട്ടത്തോടെ ഛത്തീസ്ഗഡില്‍ എത്തി; സര്‍ക്കാരിലും സഭയിലും ഇടപെടല്‍ നടത്തി ഇരു മുന്നണികളെയും വെട്ടി ബിജെപിയും: മാര്‍ പാംപ്ലാനി മോദിക്ക് നന്ദി പറഞ്ഞതോടെ നിരാശരായി മുന്നണികള്‍

പാംപ്ലാനി മോദിക്ക് നന്ദി പറഞ്ഞതോടെ നിരാശരായി മുന്നണികള്‍

Update: 2025-08-02 11:54 GMT

ദുര്‍ഗ്: ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്‍ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങുന്നതില്‍ നിര്‍ണായകമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഇടപെടലുകളായിരുന്നു. ജാമ്യാപേക്ഷ ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി മോദിയും അമിത് ഷായും നടത്തിയ അതിവേഗ നീക്കങ്ങളായിരുന്നു കേസില്‍ നിര്‍ണായകമായത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ഉറപ്പാക്കുന്ന രീതിയിലായിരുന്നു ഇടപെടലുകള്‍. കന്യാസ്ത്രീകള്‍ അറസ്റ്റിലായതും ആദ്യ ദിവസങ്ങളില്‍ ജാമ്യം ലഭിക്കാതെ വന്നതോടെ രാഷ്ട്രീയ നേട്ടത്തിനായി കേരളത്തിലെ ഇടത് വലത് മുന്നണികള്‍ പ്രചാരണ വിഷയമാക്കുന്ന ഘട്ടത്തിലായിരുന്നു കേന്ദ്രത്തില്‍ നിന്നുള്ള ഇടപെടല്‍. ഇതില്‍ നിര്‍ണായകമായതാകട്ടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലുകളായിരുന്നു.

സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയില്‍ സംസ്ഥാനം എതിര്‍പ്പുന്നയിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിന്മേലാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. അതേസമയം, കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു വേണ്ട എന്ന പ്രോസിക്യൂഷന്റെ മറുപടിയാണ് നിര്‍ണായകമായത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നല്‍കിയത്. സാധാരണ ഗതിയില്‍ കോടതി മുന്നോട്ടുവയ്ക്കുന്ന മൂന്ന് ഉപാധികളോടെയാണ് ബിലാസ്പുര്‍ എന്‍ ഐ എ കോടതി ജാമ്യം നല്‍കിയത്. ഇന്ത്യയ്ക്ക് പുറത്ത് പോകരുത്. രണ്ട് ആള്‍ജാമ്യം. 50000 രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. പരാതിക്കാരായ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ അഭിഭാഷകര്‍ ആരും തന്നെ കോടതിയില്‍ ഉണ്ടായിരുന്നില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കിയ ക്രൈസ്തവ പിന്തുണയും തുടര്‍ന്ന് മുനമ്പം സമരത്തില്‍ ക്രൈസ്തവ വിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ബിജെപിയുടെ ഇടപെടലും സഭയുമായുള്ള ബന്ധം ശക്തമാക്കുന്ന ഘട്ടത്തിലായിരുന്നു ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ചര്‍ച്ചയായത്. ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വത്തെ ഒരുപോലെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നുള്ള അറസ്റ്റ്. അറസ്റ്റിന് പിന്നാലെ വന്‍തോതില്‍ പ്രതിഷേധങ്ങള്‍ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ക്രൈസ്തവ സഭാ നേതൃത്വവുമായി മികച്ച ബന്ധം സ്ഥാപിച്ച് അടുത്ത നിയമസഭാ - തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന രീതിയിലായിരുന്നു ഇടത് വലതു മുന്നണി നേതാക്കളുടെ ഛത്തീസ്ഗഡ് സന്ദര്‍ശനവും പ്രചാരണങ്ങളും. പാര്‍ലമെന്റില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചകള്‍ നടക്കവെയാണ് കേരളത്തില്‍ നിന്നുള്ള ഇടത് വലത് എംപിമാര്‍ ഛത്തീസ്ഗഡില്‍ എത്തിയതും വിഷയം ആളിക്കത്തിക്കാന്‍ നീക്കം നടത്തിയതും. എന്നാല്‍ കേന്ദ്രനേതൃത്വത്തെ സാഹചര്യങ്ങള്‍ ബോധിപ്പിച്ചതിന് ഒപ്പം കേരളത്തില്‍ നിന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഛത്തീസ്ഗഡിലേക്ക് അയച്ച് അതിവേഗ നീക്കങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയത്. ഛത്തീസ്ഗഡ് സര്‍ക്കാരിനെ വിവരങ്ങള്‍ ബോധ്യപ്പെടുത്തിയതിന് ഒപ്പം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം തണുപ്പിക്കാനും ഈ നീക്കം നിര്‍ണായകമായി.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്-ഇടത് എംപിമാരും എംഎല്‍എമാരും ബിജെപി നേതാക്കളും ജയിലിന് മുമ്പില്‍ കന്യാസ്ത്രീകളെ സ്വീകരിക്കുന്നതിനായി ബന്ധുക്കള്‍ക്കും മറ്റു കന്യാസ്ത്രീകള്‍ക്കുമൊപ്പം നിലയുറപ്പിച്ചിരുന്നു. ഭരണഘടന അനുകൂല മുദ്രവാക്യം മുഴക്കിയാണ് കന്യസ്ത്രീമാരെ സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, എംപി ജോണ്‍ ബ്രിട്ടാസ് എന്നീ നേതാക്കള്‍ ജയില്‍ മോചിതരായ കന്യാസ്ത്രീകളെ കാണുകയും സംസാരിക്കുകയും ചെയ്തു. ബിജെപി ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, റോജി എം. ജോണ്‍ എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ, തുടങ്ങിയ നേതാക്കള്‍ ജയിലിന് പുറത്തെത്തി കന്യാസ്ത്രീമാരെ സ്വീകരിച്ചു.

കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കിയ ജുഡീഷ്യറിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഒമ്പതു ദിവസം കഴിഞ്ഞാണ് അവര്‍ പുറത്തിറങ്ങുന്നത്. ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. മുമ്പ് പറഞ്ഞകാര്യം തന്നെയാണ് പറയാനുള്ളത്. സഭ ഞങ്ങളോട് വിളിച്ച് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഞങ്ങള്‍ അതിനായി ഇറങ്ങി. ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി അടക്കമുള്ളവര്‍ ഇവിടെയെത്തി കാര്യങ്ങള്‍ ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇത് മൂന്നു ദിവസം മുമ്പ് തന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അന്ന് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നെങ്കില്‍ ജാമ്യം കിട്ടുമായിരുന്നു. അത് നടന്നില്ല. എങ്കിലും ഇപ്പോള്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയ നാടകത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ജാമ്യം അനുവദിച്ച ജുഡീഷ്യറിയോട് നന്ദി പറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായോടും നന്ദി പറയുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍ കണ്ട് നന്ദി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ താന്‍ ഒരു ക്രെഡിറ്റ് എടുക്കാനും ശ്രമിച്ചിട്ടില്ല. സഭ വിളിച്ചപ്പോഴാണ് വിഷയത്തില്‍ ഇടപെട്ടത്. ഇല്ലാത്ത വിവാദം ഉണ്ടാക്കരുത്. ഇന്ന് ഒരു സന്തോഷത്തിന്റെ ദിവസമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേ സമയം ബിജെപിയോട് അനുഭാവം പുലര്‍ത്തിയ ക്രൈസ്തവ സഭാ നേതൃത്വത്തെ കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയങ്ങള്‍ ഉയര്‍ത്തി പിന്തിരിപ്പിക്കാന്‍ ഇടത് വലത് മുന്നണി നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ അത്രകണ്ട് വിജയിച്ചില്ലെന്ന് വക്തമാക്കുന്നതാണ് സഭാ നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നേരിട്ട് രംഗത്ത് വന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ വാക്ക് പാലിച്ചെന്നും കാര്യമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ കൂടി സര്‍ക്കാര്‍ ചെയ്യണം. രാഷ്ട്രീയ മാനങ്ങളെ സഭ ഗൗരവമായി കാണുന്നില്ല. വിഷയത്തില്‍ രാഷ്ട്രീയം കാണുന്ന നേതാക്കള്‍ ഉണ്ടായിരിക്കും. എന്നാല്‍ സഭയെ സംബന്ധിച്ച് ഞങ്ങളുടെ സഹോദരിമാരുടെ മോചനം മാത്രമാണ് ശ്രദ്ധിക്കുന്നത്. ആ ആവശ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ തെരുവിലിറങ്ങിയത്''.

രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരു പാര്‍ട്ടിയെ നിരന്തരമായി അക്രമിച്ചുകൊണ്ട് ഇരിക്കുകയെന്നത് ഞങ്ങളുടെ നിലപാടല്ല. ആ നിലപാടുള്ളവര്‍ അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ആ നിലപാടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വിശാലമായ ചര്‍ച്ചകളും പരിഹാരങ്ങളുമാണ് വേണ്ടത്. ഏതെങ്കിലും ഭരണകക്ഷിയെയോ നേതാവിനെയോ മാത്രമല്ല. സമൂഹം ഒന്നടങ്കം ജാഗ്രത പുലര്‍ത്തേണ്ട ഒരു ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ കേന്ദ്രസര്‍ക്കാരിനും ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിനും സിബിസിഐ നന്ദി അറിയിച്ചു. ''കേന്ദ്ര സര്‍ക്കാരും ഛത്തീസ്ഗഡ് സര്‍ക്കാരും അനുകൂല നിലപാടെടുത്തതിനാലാണ് ജാമ്യം സാധ്യമായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ ഇടപെടല്‍ ജാമ്യം ലഭിക്കാന്‍ നിര്‍ണായകമായി. പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെട്ടു.കൂടെ നിന്ന മുഴുവന്‍ ആളുകള്‍ക്കും നന്ദി'' ദല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ മാത്യു കോയിക്കല്‍ പറഞ്ഞു.

അതേ സമയം കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയില്‍ പരിസരത്ത് മധുരവിതരണം നടത്തിയാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് - ഇടത് ജനപ്രതിനിധികള്‍ ആഘോഷിച്ചത്. എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ജോസ് കെ മാണി, പി. സന്തോഷ് കുമാര്‍, ജെബി മേത്തര്‍, എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, റോജി എം ജോണ്‍ തുടങ്ങിയവര്‍ ഛത്തീസ്ഗഢില്‍ എത്തിയിരുന്നു. എല്ലാവരും ഒന്നിച്ചായിരുന്നു ആഘോഷം. 'ഇത് കേരളത്തിന് വേണ്ടിയുള്ള പോരാട്ടമാണ്' എന്ന് ജോസ് കെ മാണി പറഞ്ഞു. ഇതിനിടെ ഇടയില്‍ നിന്ന് 'ഒരു ഇന്ത്യ സഖ്യം ആയി ഇവിടെ' എന്ന കമന്റും ചിരിപടര്‍ത്തി. അതേസമയം ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഢിലെത്തി. ബിജെപിക്കാര്‍ വന്നാല്‍ അവര്‍ക്കും മധുരം കൊടുക്കുമെന്നും അവര്‍ക്ക് മധുരം കൊടുക്കാത്തത് ഞങ്ങളുടെ ഇരട്ടത്താപ്പ് കാരണമല്ല, അവരുടെ ഇട്ടത്താപ്പ് കാരണമെന്ന് ജോണ്‍ ബ്രിട്ടാസ് തിരിച്ചടിച്ചു.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി. കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു പെണ്‍കുട്ടികളും ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാന്‍ എത്തിയ ഇവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. തിരിച്ചറിയല്‍ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയില്‍വേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ ആര്‍ പി എഫ് അറസ്റ്റ് ചെയ്തത്. പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ക്കതിരായ നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചില്ല.

കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലായെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.ജാമ്യപേക്ഷയില്‍ വിധി പറഞ്ഞപ്പോള്‍ ഇത് അനുകൂലമായി വരുകയും ചെയ്തു.

Similar News