പാക്കിസ്ഥാന്‍ ജീവിക്കുന്നത് 'ലാ ലാ ലാന്‍ഡില്‍'; കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ പാക്കിസ്താന് ചുട്ടമറുപടി നല്‍കി ഇന്ത്യ; പാക്കിസ്താന്‍ ഐഎംഎഫില്‍നിന്ന് തേടിയ സാമ്പത്തിക സഹായ പാക്കേജിന്റെ ഇരട്ടിയിലധികമാണ് ജമ്മുകശ്മീരിന്റെ ബജറ്റ് എന്നത് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തതാകാമെന്നും പരിഹസിച്ചു ഇന്ത്യന്‍ പ്രതിനിധി

പാക്കിസ്ഥാന്‍ ജീവിക്കുന്നത് 'ലാ ലാ ലാന്‍ഡില്‍

Update: 2026-02-26 09:00 GMT

ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാനെ പഞ്ഞിക്കിട്ട് ഇന്ത്യ! പാകിസ്താന്റെ കശ്മീര്‍ വിഷയത്തിലെ വാദത്തിന് കൃത്യമായ മറുപടി നല്‍കി ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി അനുപമ സിങ് നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. പതിവുപോലെ ഇന്ത്യയ്‌ക്കെതിരെ നുണക്കഥകള്‍ മെനഞ്ഞ പാകിസ്താനും അവരുടെ 'എക്കോ ചേമ്പറായി' പ്രവര്‍ത്തിക്കുന്ന ഒഐസിക്കും ചുട്ടമറുപടിയാണ് ഇന്ത്യ നല്‍കിയത്.

യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പാകിസ്താന്‍ പ്രചരിപ്പിക്കുന്നതെന്നും പാകിസ്താന്‍ 'ലാ ലാ ലാന്‍ഡിലാണ് (സ്വപ്നലോകം) ജീവിക്കുന്നതെന്നും ഇന്ത്യ തുറന്നടിച്ചു. ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ അനുപമ സിങ് ആണ് കശ്മീര്‍ വിഷയത്തില്‍ പാകിസ്താനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനും(ഒഐസി) കൃത്യമായ മറുപടി നല്‍കിയത്.

ഇക്കാര്യത്തില്‍ മറുപടി പറയാനുള്ള അവകാശം വിനിയോഗിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായിരിക്കുന്നുവെന്ന് പറഞ്ഞാണ് അനുപമ സിങ് യോഗത്തില്‍ സംസാരിച്ചുതുടങ്ങിയത്. ഈ ആരോപണങ്ങളെല്ലാം തങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. ഒഐസി പാകിസ്താന്റെ പ്രചാരണങ്ങളെല്ലാം വെറുതെ ആവര്‍ത്തിക്കുകയാണ്. ആ രാജ്യത്തിന്റെ 'എക്കോ ചേമ്പറായി' മാറി ഒഐസി സ്വയം തരംതാഴ്ന്നിരിക്കുകയാണെന്നും അനുപമ സിങ് പറഞ്ഞു.

പാകിസ്താന്റെ ആഖ്യാനങ്ങളില്‍ അവരുടെ അസൂയയാണ് നിഴലിക്കുന്നത്. ഇന്ത്യന്‍ പ്രദേശം പാകിസ്താന്‍ അനധികൃതമായി കൈവശപ്പെടുത്തിയതാണ് മേഖലയില്‍ പരിഹരിക്കപ്പെടാത്ത ഒരേയൊരു പ്രശ്നം. ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ ഒഴിയണമെന്ന് പാകിസ്താനോട് ആവശ്യപ്പെടുകയാണെന്നും അനുപമ സിങ് വ്യക്തമാക്കി.

ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പുകളിലെ റെക്കോഡ് വോട്ടിങ് ശതമാനം പാകിസ്താന്‍ പ്രചരിപ്പിക്കുന്ന ഭീകരതയുടെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് തെളിയിക്കുന്നതാണ്. കഴിഞ്ഞവര്‍ഷം കശ്മീരില്‍ ഉദ്ഘാടനംചെയ്ത ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലമായ ചെനാബ് റെയില്‍പാലം വ്യാജമാണെന്നാണ് പാകിസ്താന്‍ കരുതുന്നതെങ്കില്‍, അവര്‍ ലാ ലാ ലാന്‍ഡില്‍ ആയിരിക്കണം ജീവിക്കുന്നതെന്നും അനുപമ സിങ് തുറന്നടിച്ചു.

മേഖലയിലെ വികസനത്തിനായി ഇന്ത്യ ചെലവാക്കുന്ന തുകയെക്കുറിച്ച് പാകിസ്താന് അവിശ്വാസമുണ്ടെങ്കില്‍ അത് അവരുടെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതാകാം. അല്ലെങ്കില്‍ പാകിസ്താന്‍ അടുത്തിടെ ഐഎംഎഫില്‍നിന്ന് തേടിയ സാമ്പത്തിക സഹായ പാക്കേജിന്റെ ഇരട്ടിയിലധികമാണ് ജമ്മുകശ്മീരിന്റെ ബജറ്റ് എന്നത് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തതാകാമെന്നും ഇന്ത്യന്‍ പ്രതിനിധി പരിഹസിച്ചു.

ചുരുക്കത്തില്‍, അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ താറടിച്ചു കാണിക്കാന്‍ നോക്കിയ പാകിസ്താന് സ്വന്തം സാമ്പത്തിക പാപ്പരത്തവും രാഷ്ട്രീയ പരാജയവും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്ത്യ നല്‍കിയ ഈ മറുപടി നയതന്ത്ര തലത്തില്‍ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News