യുക്രെയിനെതിരായ യുദ്ധത്തിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ ഇന്ധനം പകരുന്നു; തീരുവ വീണ്ടും കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി; കര്‍ഷക ദ്രോഹമുള്ള വ്യാപാര കരാറില്‍ മോദി സര്‍ക്കാര്‍ ഒപ്പിടാത്തതിനുള്ള പ്രതികാരം; വല്യേട്ടന്റെ നിലപാട് പാക്കിസ്ഥാന് പുതിയ പ്രതീക്ഷയോ? വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥന്‍ ലംഘിച്ചെന്ന വാര്‍ത്ത തള്ളി കരസേന; ഇന്ത്യ ജാഗ്രതയിലേക്ക്

Update: 2025-08-05 16:02 GMT

വാഷിങ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയര്‍ത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി വീണ്ടും. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രഖ്യാപനം. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന തന്റെ വാദവും ട്രംപ് ആവര്‍ത്തിച്ചു. പാക്കിസ്ഥാനുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ വീണ്ടും ട്രംപ് ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത്. ട്രംപിന്റെ ഭീഷണികള്‍ ഗൗരവത്തില്‍ എടുക്കില്ലെന്ന് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം, അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ ഞാന്‍ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്താന്‍ പോകുകയാണ്. അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് (റഷ്യ-യുക്രൈന്‍ യുദ്ധം)ഇന്ധനം പകരുകയുമാണ്. അവര്‍ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഞാന്‍ സന്തോഷവാനായിരിക്കില്ല, ട്രംപ് പറഞ്ഞു. അതിനിടെ ട്രംപില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട എത്തി. പൂഞ്ചിലെ കെജി സെക്ടറിലായിരുന്നു ആക്രമണം എന്നായിരുന്നു ദേശീയ മാധ്യമ വാര്‍ത്ത. എന്നാല്‍ ഇത് തെറ്റാണെന്ന് കരസേന അറിയിച്ചു.

യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യയോട് അനുകൂല നിലപാട് ഇന്ത്യ എടുത്തിട്ടില്ല. പരസ്യമായി തന്നെ തള്ളി പറയുകയും ചെയ്തു. സമാധാന ശ്രമത്തിന് പലവട്ടം ശ്രമിച്ചു. ഈ സാഹചര്യത്തിലും ഇന്ത്യയെ യുദ്ധത്തിന് ഊര്‍ജ്ജം പകരുന്ന രാജ്യമെന്ന് ട്രംപ് വിളിക്കുന്നത് പാക്കിസ്ഥാന് വേണ്ടിയാണെന്ന് സൂചനകളുണ്ട്. ഇതിന്റെ ആവേശത്തിലാണ് പാക്കിസ്ഥാന്റെ വെടിയുതിര്‍ക്കല്‍. പാക്കിസ്ഥാന്‍ സൈനിക മേധാവിയുമായി അമേരിക്കന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തിയിരുന്നു. ഉച്ച ഭക്ഷണവും കൊടുത്തു. അന്ന് തന്നെ ഇന്ത്യയെ അമേരിക്ക തള്ളുമെന്ന വിലയിരുത്തല്‍ അന്താരാഷ്ട്ര തലത്തില്‍ നിറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള വ്യാപര ചര്‍ച്ച അട്ടിമറിച്ച് പാക്കിസ്ഥാനില്‍ ചില ഇടപാടുകളുണ്ടാക്കാനാണ് അമേരിക്കന്‍ ശ്രമമെന്നാണ് വിലയിരുത്തല്‍.

കര്‍ഷക ദ്രോഹ നയങ്ങളുള്ളതു കൊണ്ടാണ് അമേരിക്കയുടെ വ്യാപാര കരാറിനെ ഇന്ത്യ പൂര്‍ണ്ണമായും അനുകൂലിക്കാത്തത്. ഇതിന്റെ പ്രതികാരം കൂടിയാണ് തീരുവ ചുമത്തല്‍. ഇതിനിടെയാണ് പാക്കിസ്ഥാന്റെ പ്രകോപനം ഉണ്ടായെന്ന വാര്‍ത്ത വന്നത്. ഇത് കരസേന അതിവേഗം നിഷേധിക്കുകയും ചെയ്തു. പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദുറിലൂടെ മറുപടി നല്‍കി. ഇന്ത്യയുടെ കാലു പിടിച്ചാണ് പാക്കിസ്ഥാന്‍ തിരിച്ചടി ഒഴിവാക്കിയത്. പാക്കിസ്ഥാന്റെ വ്യോമ സൈനിക സംവിധാനങ്ങളില്‍ മിക്കതും ഇന്ത്യ തകര്‍ത്തു. ആ പാക്കിസ്ഥാന്‍ അമേരിക്കയിലൂടെ പുതിയ പങ്കാളിയെ കാണുന്നത് ഇന്ത്യയെ വെല്ലുവിളിക്കാന്‍ വേണ്ടി കൂടിയാണ് എന്ന വിലയിരുത്തല്‍ സജീവമാണ്. ഇതിനിടെയാണ് ട്രംപ് പുതിയ ഭീഷണി ഉയര്‍ത്തുന്നത്. അതിനിടെ അതിര്‍ത്തിയില്‍ ഇന്ത്യ ജാഗ്രത കൂട്ടുകയും ചെയ്തു.

ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു.

യുക്രൈനില്‍ എത്രയാളുകള്‍ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. അതിനാല്‍ ഇന്ത്യ, യുഎസ്എയ്ക്ക് നല്‍കേണ്ടുന്ന തീരുവ ഞാന്‍ ഉയര്‍ത്തും, എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടുപിറ്റേന്ന് തീരുവ അടുത്ത 24 മണിക്കൂറിനകം ഉയര്‍ത്തുമെന്ന യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്.

റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയില്‍നിന്ന് ഇന്ത്യ വലിയതോതില്‍ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Tags:    

Similar News