വിവാഹ വാഗ്ദാനമുണ്ടായിരുന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്; പിന്നെ എങ്ങനെ ബലാത്സംഗമാകും? 15വയസ്സുകാരി 18വയസിന് ശേഷം നല്‍കിയ പരാതിയില്‍ ഫോറന്‍സിക് തെളിവുമില്ല; പോക്‌സോ കേസിലെ സുപ്രീംകോടതി നിരീക്ഷണം നിര്‍ണ്ണായകം; 'പരസ്പര സമ്മതം' വീണ്ടും ചര്‍ച്ചകളില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ 'വേടന്‍' കേസ് അട്ക്കം ചര്‍ച്ചയാകുമ്പോള്‍ വീണ്ടും സുപ്രീംകോടതിയുടെ നിര്‍ണ്ണായ നിരീക്ഷണം. വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരസമ്മതത്തോടെ നടന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. പശ്ചിമബംഗാളിലെ യുവാവിന്റെപേരിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും ബലാത്സംഗം നടന്നതായി ഫൊറന്‍സിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് പെണ്‍കുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരികബന്ധമുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയായശേഷമാണ് വിവാഹവാഗ്ദാനത്തില്‍നിന്ന് യുവാവ് പിന്മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി ബലാത്സംഗക്കേസ് നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലെ വിധി പോക്‌സോ കേസുകളില്‍ അടക്കം നിര്‍ണ്ണായകമാകും. പ്രായപൂര്‍ത്തിയാകാത്തവരെ ഏത് സാഹചര്യത്തില്‍ ലൈംഗീക ചൂഷണം ചെയ്യുന്നതും കുറ്റകൃത്യമാണെന്നാണ് വിലയിരുത്തിയിരുന്നത്. പരസ്പര സമ്മതത്തിന്റെ വിഷയം അവിടെ ഉയരുമായിരുന്നില്ല. അതാണ് ഈ വിധിയെ നിര്‍ണ്ണായകമാക്കുന്നത്.
വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ കുട്ടിയെ സമ്മതത്തോടെ ശാരീരിക ബന്ധത്തിന് വിധേയമാക്കുന്നതിനെ ഇവിടെ സുപ്രീംകോടതി അനുകൂലിക്കുന്നില്ല. എന്നാല്‍ ബലാത്സംഗം നടന്നതായി ഫൊറന്‍സിക് തെളിവുകളില്ലെന്ന നിരീക്ഷണം നിര്‍ണ്ണായകമാകും. ഒരു പാടു കാലം കഴിഞ്ഞ് ചര്‍ച്ചയാകുന്ന പോക്‌സോ കേസുകളെ ഈ വിധി സ്വാധീനിച്ചേക്കും. കേരളത്തില്‍ വേടന്‍ കേസ് അടക്കം ചര്‍ച്ചയാകുമ്പോഴാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
വിവേഹാതര ബന്ധത്തില്‍ പരസ്പരസമ്മതത്തോടെ നടത്തിയ ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വര്‍ഷങ്ങളോളം തുടര്‍ന്ന ബന്ധം വഷളായ ശേഷം ബലാത്സംഗം ആരോപിച്ച് നിയമ നടപടി സ്വീകരിക്കുന്ന പ്രവണത വര്‍ധിച്ചുവരുകയാണെന്നും കോടതി നിരീക്ഷിച്ചു. 2024ലായിരുന്നു ഈ വിധി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ആരോപണം ഇത്തരം കേസുകളില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അന്ന് റദ്ദാക്കുകയും ചെയ്തു. മുംബൈയിലെ ഖാര്‍ഘര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഭര്‍ത്താവ് മരിച്ച സ്ത്രീ നല്‍കിയ പരാതിയില്‍ വിവാഹിതനായ പുരുഷനായിരുന്നു പ്രതി. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നു പരാതിയുണ്ടെങ്കില്‍ കാലതാമസമില്ലാതെ പരാതി നല്‍കണമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും എന്‍. കോടീശ്വര്‍ സിങ്ങും ഉള്‍പ്പെട്ട ബെഞ്ച് മുമ്പ് വ്യക്തമാക്കിയിരുന്നു.
2008ല്‍ ആരംഭിച്ച ബന്ധത്തിന്റെ പേരിലാണ് 2017ല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് പ്രതിയുടെ ഭാര്യ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ബലാത്സംഗ കേസ് വരുന്നത്. കുറ്റാരോപിതനുമായി പരാതിക്കാരി ഇത്രയും വര്‍ഷം ശാരീരികബന്ധം തുടര്‍ന്നത് വിവാഹ വാഗ്ദാനം മാത്രം വിശ്വസിച്ചാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും പരമോന്നത കോടതിയുടെ നിരീക്ഷണം.
ദീര്‍ഘകാലം പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികബന്ധം പുലര്‍ത്തിയ ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതി ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്ന് പല ഹൈക്കോടതികളും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന നിരീക്ഷണം ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകും വിവാഹ വാഗ്ദാനം നല്‍കി കൂടെ കഴിയുകയും പലവട്ടം ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാള്‍ക്കെതിരെ ഡല്‍ഹി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലെ ഡല്‍ഹി കോടതിയുടെ നിരീക്ഷണവും നേരത്തെ ചര്‍ച്ചയായിരുന്നു. ചില സാഹചര്യങ്ങളില്‍, വിവാഹ വാഗ്ദാനം ഒരു കക്ഷിയെ ലൈംഗിക ബന്ധം സ്ഥാപിക്കാന്‍ സമ്മതിക്കാന്‍ പ്രേരിപ്പിച്ചേക്കാം. മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിരിയുന്നവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാകുകയാണ്. ഇത് നിയമം ദുരുപയോഗം ചെയ്യലാണെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.