സിസാ തോമസിനെ തെറുപ്പിക്കാന്‍ ഏതറ്റം വരേയും പോകാന്‍ പിണറായി സര്‍ക്കാര്‍; ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍കാലിക വിസിയെ സംരക്ഷിക്കാന്‍ രാജ്ഭവനും; ആ ഓര്‍ഡിനന്‍സിനെ അത്ര പെട്ടെന്ന് ഗവര്‍ണര്‍ വിളംബരം ചെയ്യില്ല; രാജ്ഭവനും സര്‍ക്കാരും തമ്മിലെ ഭിന്നത വീണ്ടും കൂടാന്‍ സാധ്യത

Update: 2025-08-07 04:14 GMT

തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാല വി.സി സ്ഥാനത്തുനിന്ന് ഡോ.സിസ തോമസിനെ എത്രയും പെട്ടെന്ന് ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോ സ്ഥിരം വി.സി നിയമനത്തിനായി സര്‍വകലാശാല നിയമം ഭേദഗതി ചെയ്യുന്നത് സിസാ തോമസിനെ മാറ്റാനാണ്. ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ സര്‍വകലാശാല നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് ഇതിന് വേണ്ടിയാണ്. ഈ ഭേദഗതി ഓര്‍ഡിനന്‍സ് രാജ്ഭവനെ ചൊടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണ്ണറുമായി സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് ഓര്‍ഡിനന്‍സ് വരുന്നത്. പരമാവധി നിയമ പരിശോധനകള്‍ നടത്തിയാകും ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുക. ആദ്യം തന്റെ മുമ്പില്‍ വരുന്ന ഈ ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കാനും ഗവര്‍ണര്‍ തയ്യാറായേക്കും. വീണ്ടും ഒരിക്കല്‍ കൂടി നല്‍കിയാല്‍ അത് അംഗീകരിക്കേണ്ട നിയമപരമായ ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. സിസാ തോമസിനെ വിസി പദവിയില്‍ പരമാവധി കാലം തുടരാന്‍ രാജ് ഭവന്‍ വേണ്ടത് ചെയ്യുമെന്നാണ് സൂചന.

11-ാം വകുപ്പിന്റെ (3), (4), (6) ഉപവകുപ്പുകള്‍ 2018 ലെ യുജിസി ചട്ടങ്ങള്‍ക്കും സമീപകാലത്തുണ്ടായ കോടതി ഉത്തരവുകള്‍ക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സാണ് അംഗീകരിച്ചത്. സെര്‍ച്ച് കമ്മിറ്റി ഘടനയിലും മാറ്റം കൊണ്ടുവരും. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നതാണ് ഇനി നിര്‍ണായകമാകുക. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് ഡോ.സിസ തോമസിനെ നിയമിച്ചത്. ആറു മാസത്തേക്കാണ് നിയമനം. സ്ഥിരം വി.സിയെ ഉടന്‍ തന്നെ നിയമിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല നിയമം ഉള്‍പ്പെടെ ഭേദഗതി ചെയ്ത് കരട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കേരള ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ കേരള ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സര്‍വ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്തുന്നതിന് ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു. പക്ഷേ ഇത് എന്നുണ്ടാകുമെന്നതാണ് ഉയരുന്ന ചോദ്യം. സര്‍വകലാശാലയുടെ നിലവിലെ നിയമപ്രകാരം അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത്. സെര്‍ച്ച് കമ്മിറ്റിയുടെ കണ്‍വീനര്‍ ചീഫ് സെക്രട്ടറിയും. യുജിസി റെഗുലേഷനും സുപ്രീം കോടതിയുടെ സമീപകാല വിധികളും കണക്കിലെടുത്ത് ചീഫ് സെക്രട്ടറി കണ്‍വീനര്‍ എന്നത് ഭേദഗതി ചെയ്യുന്നതാണ് പ്രധാന ഭേദഗതി. സെലക്ട് കമ്മിറ്റിയില്‍ മൂന്നു മുതല്‍ അഞ്ചംഗങ്ങളെയാണ് യുജിസി നിഷ്‌കര്‍ഷിക്കുന്നത്.

മൂന്നുമാസത്തിനുള്ളില്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ആളെ കണ്ടെത്താന്‍ പറ്റിയില്ലെങ്കില്‍ സെലക്ഷന്‍ കമ്മിറ്റിയംഗങ്ങള്‍ക്ക് ഓരോ പേര് നിര്‍ദേശിക്കാമെന്നുമാണ് നിലവിലെ നിയമത്തിലെ 11 (4) ഉപവകുപ്പില്‍ പറയുന്നത്. 11 (6) ഉപവകുപ്പ് പ്രകാരം 61 വയസില്‍ കൂടുതലുള്ളവരെ നിയമിക്കരുതെന്നും നിയമനത്തിനുശേഷം ഉപാധികളോടെ നാല് വര്‍ഷത്തേക്കോ 65 വയസുവരെയോ ചുമതല നിര്‍വഹിക്കണമെന്നും പറയുന്നു. യുജിസി റെഗുലേഷന്‍ പ്രകാരം 70 വയസുവരെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് തുടരാം. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍കാലിക വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ അതൃപ്തരാണ്. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. വി.സിമാരുടെ നിയമനം നിയമപ്രകാരമല്ല നടത്തിയത്. സുപ്രീംകോടതി വിധിയുടെ അന്തസത്തക്കെതിരായ നടപടിയാണ് ഗവര്‍ണറില്‍ നിന്ന് ഉണ്ടായത്. നിയമനനടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഗവര്‍ണര്‍ അംഗീകരിച്ചില്ല.

ചാന്‍സലര്‍ സര്‍ക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധി. വി.സിയായി നിയമിച്ചവര്‍ സര്‍ക്കാര്‍ പാനലില്‍ ഉള്ളവരല്ലെന്നും ഗവര്‍ണ്ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ, പുതിയ വി.സിമാരെ നിയമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തത്തില്‍ ചാന്‍സലര്‍ സര്‍ക്കാരുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിരുന്നു. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് പുതിയ വി.സിമാരെ നിയമിക്കുന്നത് വരെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാര്‍ക്ക് തുടരാന്‍ അനുമതി നല്‍കിയായിരുന്നുവെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്.

ആരാണ് അധികാരം പ്രയോഗിക്കേണ്ടത് എന്നതല്ല പ്രശ്നമെന്നും വിദ്യാര്‍ഥികളുടെ താല്‍പര്യം മനസ്സില്‍ ഉള്‍ക്കൊണ്ട് വൈസ്ചാന്‍സലറുമാരുടെ നിയമനത്തിനായി കേരള ഗവര്‍ണറും സര്‍ക്കാറും പരസ്പരം പ്രവര്‍ത്തിക്കണമെന്നും ജസ്റ്റിസ് ജെ.ബി. പര്‍ദീവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിലവിലുള്ള താല്‍കാലിക വി.സിമാരെ അവരുടെ തസ്തികകളില്‍ തുടരുന്നതിനുള്ള വിഞ്ജാപനം പുറപ്പെടുവിക്കുന്നതിനോ അല്ലെങ്കില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ പുതിയ ആളെ നിയമിക്കുന്നതിനോ ചാന്‍സലറായ ഗവര്‍ണര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രണ്ട് സര്‍വകലാശാലകളിലും സ്ഥിരം വി.സിമാരെ നിയമിക്കുന്നതിനുള്ള നടപടികളാരംഭിക്കുക എന്നതായിരിക്കണം ആദ്യപടിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിഷയങ്ങള്‍ കോടതിയിലെത്തരുതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശയില്ലാതെ സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും താല്‍കാലിക വൈസ് ചാന്‍സലര്‍ നിയമിച്ചത് റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്ത് ചാന്‍സലറായ ഗവര്‍ണറാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    

Similar News