ഇനി പൊന്നമ്മാ ബാബുവും മാലാ പാര്‍വ്വതിയും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുമോ? എല്ലാം അതിരുവിട്ടപ്പോള്‍ ഇടപെടലുമായി വരണാധികാരികള്‍; അമ്മയിലെ അംഗങ്ങള്‍ക്ക് വിവാദങ്ങളില്‍ പരസ്യ പ്രതികരണ വിലക്ക്; മോഹന്‍ലാലും മമ്മൂട്ടിയും തീര്‍ത്തും അതൃപ്തിയില്‍; വോട്ടെടുപ്പ് ദിനത്തിലേക്ക് എല്ലാ കണ്ണും

Update: 2025-08-09 06:07 GMT

കൊച്ചി: പൊന്നമ്മ ബാബുവും മാലാ പാര്‍വ്വതിയും തമ്മിലെ പോര് അതിരു വിടുമ്പോള്‍ ഇടപെടലുമായി അമ്മയും. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് 15 വരെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികള്‍ അറിയിച്ചു. മുതിര്‍ന്ന നടന്മാരുടെ കൂടി നിര്‍ദ്ദേശ പ്രകാരമാണ് ഇതെന്നാണ് സൂചന. മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം തീര്‍ത്തും നിരാശരാണെന്നാണ് സൂചന. വോട്ടെടുപ്പും വോട്ടണ്ണെലും ഓഗസ്റ്റ് 15നാണ്. അന്ന് എന്തും സംഭവിക്കാമെന്ന വിലയിരുത്തല്‍ ഇവര്‍ക്കുണ്ട്.

അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നമ്മ ബാബു പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് നടി മാലാ പാര്‍വതി ആരോപിച്ചിരുന്നു. ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ അമ്മയുടെ അക്കൗണ്ടില്‍ രണ്ട് കോടിയായിരുന്നില്ല ഉണ്ടായിരുന്നത് എന്നും അഞ്ച് കോടിക്ക് മുകളില്‍ ഉണ്ടായിരുന്നു എന്നും മാലാ പാര്‍വതി പറഞ്ഞു. ഇത് സംബന്ധിച്ച പൊന്നമ്മ ബാബുവിന്റെ വാദം തെറ്റാണ് എന്നും മാലാ പാര്‍വതി പറഞ്ഞു. ശ്വേതാ മേനോനെതിരെ, ലോകത്താരും ഇത് വരെ കേട്ടിട്ടില്ലാത്ത വിചിത്ര വാദവുമായി കെട്ടി പൊക്കിയ കേസിനെ ഹൈക്കോടതി തന്നെ തള്ളുമെന്നാണ് സൂചന. അതോടെ മെമ്മറി കാര്‍ഡ് വിവാദവും, വോയിസ് നോട്ടുമെല്ലാം ഇലക്ഷന് വേണ്ടി മെനഞ്ഞ കുതന്ത്രങ്ങളാണ് എന്ന് സമൂഹത്തിന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഇതിനിടെയാണ് വാക് പോര് ശക്തമായത്. പുതിയ സാഹചര്യത്തില്‍ ഇത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് വരണാധികാരികള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പിന്മാറിയവരെല്ലാം സന്തോഷത്തിലാണ്. ഇല്ലാത്ത പക്ഷം ഈ വിഴുപ്പലക്കലുകളിലേക്ക് തങ്ങളും വരുമായിരുന്നുവെന്ന നിലപാടിലാണ് അവര്‍.

ഓഗസ്റ്റ് 15നാണ് അമ്മ തെരഞ്ഞെടുപ്പ്. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടക്കത്തില്‍ പത്രിക നല്‍കിയിരുന്നത്. ബാബുരാജടക്കം 12 പേരും മത്സരത്തില്‍നിന്ന് പിന്‍വാങ്ങി. ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും മാത്രമായി. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രംഗത്തുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും വിധി തേടുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിലാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. ഇതിനിടെയാണ് പൊന്നമ്മ ബാബുവും മാലാ പാര്‍വ്വതിയും നേര്‍ക്കു നേര്‍ വന്നത്. പൊന്നമ്മ ബാബുവിനോടൊപ്പമുള്ള ഒരു ടെലിയില്‍ അവര്‍ എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുന്നു.

ശ്വേതാ മേനോനെയും കുക്കു പരമേശ്വരനെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ സജീവമായത് കോടതിലും കേസുമായി നില്‍ക്കുകയാണ്. ഇതിനിടെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരന്‍. മെമ്മറി കാര്‍ഡുമായി എനിക്ക് ഒരു ബന്ധവുമില്ലെന്നും അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കുന്നു, കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയുമാണ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമം എന്നും കുക്കു ആരോപിക്കുന്നത്. പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അമ്മയിലെ അംഗങ്ങള്‍ക്കെതിരെയാണ് പരാതി. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നിരുന്നു. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കയ്യിലാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ കുക്കു പരമേശ്വരന്‍ അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാര്‍വതി പറയുന്നത്.

മാലാ പാര്‍വ്വതിയുടെ വിശദീകരണം ഇങ്ങനെ

മാധ്യമ ശ്രദ്ധ ലഭിക്കാനാണ് എന്നതാണ് ഒന്നാമത്തെ ആരോപണം. രണ്ടാമത്തത് മറ്റാരുടെയോ കൈയ്യില്‍ നിന്ന് പണം പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത് എന്നും. പണം വാങ്ങി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് ഈ സാധ്യതകള്‍ മനസ്സിലാകുന്നത്. അവരുടെ ഈ രണ്ട് അഭിപ്രായങ്ങള്‍ക്കും ഒരു മറുപടി പോലും, ഞാന്‍ നല്‍കുന്നില്ല. അത് അര്‍ഹിക്കുന്നുമില്ല, എന്നതിനാല്‍ ഞാന്‍ അതിന് മുതിരുന്നില്ല. ഈ കുറിപ്പിടാനുള്ള കാരണം അവര് പറഞ്ഞ ഒരു കാര്യത്തോട് പ്രതികരിക്കാനാണ്. അവര്‍ ബാബുരാജിന്റെ ടീം ആണെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത് എന്നും, അത് തെറ്റാണെന്നും അവര്‍ പറയുന്നു. ഞാന്‍ അങ്ങനെ സംശയിക്കുന്നുണ്ട്. അതിന് പിന്നിലുള്ള പല കാരണങ്ങളില്‍ ചിലത് ഇവിടെ വിശദീകരിക്കാം. ആഗസ്റ്റ് 1 ന് ശ്രീമതി പൊന്നമ്മ ബാബു നടത്തിയ ഒരു പ്രെസ്സ് മീറ്റില്‍, വാസ്തവ വിരുദ്ധമായ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. അമ്മയിലെ വരുമാനവുമായി ബന്ധപ്പെട്ട പരാമര്‍ശത്തെയാണ് സൂചിപ്പിക്കുന്നത്.

ഇടവേള ബാബു, ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചപോള്‍ നീക്കി ഇരുപ്പ് രണ്ട് കോടി മാത്രമേ ഉണ്ടായിരുന്നോള്ളു എന്നും, ഇപ്പോള്‍ നിലവിലുള്ള ഏഴര കോടി രൂപ ബാബുരാജിന്റെ നേതൃത്ത്വത്തിലുള്ള കമ്മിറ്റി ഉണ്ടാക്കിയതാണെന്നും. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണോ എന്ന് ഞാന്‍ സംശയിക്കുന്നു. കാരണം ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുമ്പോള്‍, അഞ്ച് കോടിയ്ക്ക്് മേല്‍ ഉണ്ടായിരുന്നു. അമ്മ ആസ്ഥാനത്തിന്റെ തൊട്ടടുത്തുള്ള, പാര്‍ക്കിംഗ് സ്ഥലം വാങ്ങിയ കുടിശ്ശിക പണം അടച്ച് തീര്‍ത്തതിന് ശേഷവും അഞ്ച് കോടിയില്‍ അധികം ബാങ്കില്‍ ഉണ്ടായിരുന്നു പിന്നീട് വന്ന് ചേര്‍ന്ന പണം പ്രൊഡ്യൂസര്‍ അസോസിയേഷനും അമ്മയും ചേര്‍ന്ന്, നടത്തിയ മഴവില്‍ മനോരമ എന്റര്‍ടെയന്‍മെന്റ് അവാര്‍ഡ്സില്‍ നിന്ന് ലഭിച്ച ബാക്കി തുകയും അക്കൗണ്ടില്‍ വന്ന് ചേരുകയും ചെയ്തിരുന്നു. അപ്പോള്‍ അഞ്ചര കോടിക്ക് പുറമേയും ഒരു വലിയ തുക വന്നിട്ടുണ്ട്. കുടുംബ സംഗമത്തില്‍ ഒരു കോടി രൂപ വരവ് പറയുമ്പോള്‍, അതിന് വേണ്ടി 65 ലക്ഷത്തോളം ചിലവും കാണിച്ചിട്ടുണ്ട്. അപ്പോള്‍ അഞ്ചരകോടി വരുമാനം ഉണ്ടാക്കി എന്ന പൊന്നമ്മ ബാബുവിന്റെ വാദം തെറ്റാണ്. അഡ്ഹോക് കമ്മിറ്റിക്ക് ഇതൊന്നും നടത്താന്‍ അവകാശമില്ലാഞ്ഞിട്ടും ഈ പരിപാടികള്‍ നടത്തി. പുറമേ മെമ്പര്‍ഷിപ്പുകളും കൊടുത്തു.

ഇന്റര്‍ണല്‍ ഓഡിറ്റഡ് റിപ്പോര്‍ട്ട് ജനറല്‍ ബോഡിയില്‍ വച്ചതുമില്ല. അഡ് ഹോക്ക് കമ്മിറ്റിയുടെ വീഴ്ചയായി ചിലര്‍ ഇത് ചൂണ്ടി കാണിക്കുന്നു.റീ ഓഡിറ്റിംഗ് ആവശ്യപ്പെട്ട് അംഗങ്ങള്‍, സംസാരിക്കുന്ന സാഹചര്യമാണ് അമ്മയില്‍ നിലവിലുള്ളത്.

വാസ്തവം ഇങ്ങനെ ഇരിക്കെ ബാബുരാജാണ് അഞ്ചരകോടി രൂപ കൂട്ടി ചേര്‍ത്തത് എന്ന് പറഞ്ഞത് കൊണ്ടാണ്, ഇവര്‍ ബാബുരാജ് പക്ഷമണെന്ന സംശയം ദൃഢപ്പെട്ടത്. അമ്മയില്‍ ഒദ്യോഗിക വാട്ട് സപ്പ് ചാനല്‍ തുടങ്ങാന്‍ ,അഡ്ഹോക്ക് കമ്മിറ്റി പിരിച്ച് വിട്ട സാഹചര്യത്തില്‍ ആര് അനുവാദം നല്‍കി എന്ന ചോദ്യത്തിന് ഇത് വരെ മറുപടി കിട്ടിയിട്ടില്ല. ബാബുരാജിന്റെ വോയിസ് നോട്ട് അടക്കം ഗ്രൂപ്പിലിട്ട് ,ഇവര്‍ പറഞ്ഞ വിഷയങ്ങള്‍ എല്ലാം ,അമ്മ സംഘടനയുടെ ഔദ്യോഗിക മാധ്യമ പാര്‍ട്ട് നര്‍ എന്ന നിലയ്ക്ക് വാര്‍ത്ത കൊടുക്കുന്ന യൂ ട്യൂബര്‍ കൊടുക്കുന്ന അതേ കാര്യങ്ങളാണ്.

വാചകങ്ങളും ,വാക്കുകളും പോലും ഒന്നാകുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഇവര്‍, ആഗസ്റ്റ് 7, ഏഷ്യാനെറ്റില്‍ വന്ന ടെലിയില്‍, ശ്വേതയ്ക്കെതിരെ ഉള്ള കേസില്‍ ഗൂഢാലോചന സംശയിക്കുന്നില്ല. മെമ്മറി കാര്‍ഡ് വിഷയത്തില്‍, അവര് പോലീസിനെ സമീപിക്കാനും തയ്യാറാകുന്നില്ല. യൂ ട്യൂബര്‍ ഉന്നയിച്ച വിഷയങ്ങളെ, എല്ലാം ആവര്‍ത്തിക്കുന്ന മറ്റൊരു പ്രശസ്ത സിനിമാ ലേഖകന്‍ ,ശ്വേത മേനോന്‍ മാറി നില്‍ക്കണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നു.ആര്‍ക്ക് വേണ്ടി? എന്തിന് വേണ്ടി? ആരാണ് ഈ യൂ ട്യൂബര്‍മാര്‍ക്ക് പിന്നില്‍? മെമ്മറി കാര്‍ഡ് വിഷയം ഉന്നയിക്കുന്ന മൂവര്‍ സംഘം, ശ്വേത വിഷയത്തില്‍ പ്രതികരിക്കാത്തതെന്ത്? ഞാന്‍ എന്തിന് ഇതില്‍ ഇടപെടുന്നു? അവര്‍ കളത്തില്‍ ഇല്ല എന്ന് അവര്‍ പറയുന്നു' ശരിയാണ്. സ്വാഭാവികമായും ഞാന്‍ കണ്ണിലെ കരടാകും. ഞാന്‍ സംസാരിച്ചില്ലെങ്കില്‍ ,അവരുടെ വാദം മാത്രം നിലനില്‍ക്കും. സത്യം മനസ്സിലാക്കാതെ ,അമ്മ സംഘടന കൂടുതല്‍ പ്രതിസന്ധിയിലുമാകും.

ഈ വിഷയങ്ങള്‍, പൊതുജന സമക്ഷം പൊന്നമ്മാ ബാബു അടങ്ങുന്ന മൂവര്‍ സംഘം ഉന്നയിച്ചതിനാല്‍, ഈ വിഷയത്തെ സംബന്ധിച്ച് ആധികാരിക തീര്‍പ്പിന് വേണ്ടി ,നിയമപാലകരെ സമീപിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ശ്വേതയും കുക്കുവും ആരോപണ വിധേയരല്ല.അവര്‍ ഇലക്ഷന്‍ കുതന്ത്രങ്ങളുടെ ഭാഗമായുള്ള ചെളി വാരി എറിയാണിത്. ഇലക്ഷന്‍ വിഷയമല്ലായിരുന്നെങ്കില്‍, ഇവര്‍ ഇത് അമ്മയില്‍ അവതരിപ്പിച്ചേനെ,' മാലാ പാര്‍വതി പറഞ്ഞു.

Tags:    

Similar News