ബെവ്‌കോയ്ക്ക് സമീപം ആളെ തല്ലിക്കൊന്ന് ചാക്കിലാക്കിയെന്ന് ഫോണ്‍ കോള്‍; പോലീസും പിന്നാലെ ആംബുലന്‍സും പാഞ്ഞെത്തി: പരിശോധനയില്‍ ബോഡിക്ക് അനക്കം: ഒടുവില്‍ അടിച്ചു പൂസായി ചാക്കില്‍ കയറിയ യുവാവിനെ ഉപദേശിച്ച് പറഞ്ഞയച്ച് പോലിസ്
ആളെ തല്ലിക്കൊന്ന് ചാക്കിലാക്കിയെന്ന് ഫോണ്‍ കോള്‍; പരിശോധനയില്‍ ബോഡിക്ക് അനക്കം
പെരുമ്പാവൂര്‍: നഗരമധ്യത്തിലെ ബെവ്‌കോയ്ക്ക് സമീപം 'ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി'യെന്ന ഫോണ്‍ സന്ദേശം എത്തിയതോടെ പോലിസ് സംഭവ സ്ഥലത്തേക്ക് പാഞ്ഞ് എത്തി. കൊലപാതക വിവരം അറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തമ്പടിച്ചു. ചൊവ്വാഴ്ച വൈകീട്ട് പെരുമ്പാവൂര്‍ നഗരത്തിലെ ബെവ്കോ മദ്യവില്‍പ്പന ശാലയ്ക്കു പിന്നിലെ പാടശേഖരത്തിനു സമീപമാണ് സംഭവം.
ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരില്‍ ഒരാള്‍ പോലീസിനെ ഫോണില്‍ വിളിച്ചറിയിച്ചത്. കൊലപാതക കേസ് തലവേദനയാകാതിരിക്കാന്‍ വിവരമറിഞ്ഞ് അതിഥിത്തൊഴിലാളികള്‍ തമ്പടിക്കുന്ന ബെവ്കോയ്ക്കു സമീപത്തേക്ക് പോലീസ് പാഞ്ഞെത്തി. പോലിസിന് പിന്നാലെ ആംബുലന്‍സും സ്ഥലത്തെത്തി.
ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ 'മൃതദേഹത്തി'ന്റെ മുട്ടിനു കീഴെ കാലുകള്‍ മാത്രം പുറത്തുകാണാവുന്ന വിധത്തിലായിരുന്നു കിടപ്പ്. പോലിസ് ചാക്കു മാറ്റി പരിശോധിച്ച ശേഷം മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ 'ബോഡി'ക്ക് അനക്കം വെച്ചതുകണ്ട് പോലീസ് ആദ്യം അമ്പരന്നു. പിന്നീടാണ് കാര്യം പിടികിട്ടിയത്. ബെവ്‌കോയില്‍ നിന്നും കുപ്പി വാങ്ങിയ യുവാവ് മദ്യപിച്ച് ലക്കുകെട്ടതോടെ സമീപത്തുനിന്നുകിട്ടിയ ചാക്കുകളെല്ലാം കൂട്ടിക്കെട്ടി വെയിലേല്‍ക്കാതെ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു. ഈ രംഗമാണ് ചാക്കില്‍ കെട്ടിയ മൃതദേഹമെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിച്ചത്.
അല്ലപ്ര പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായ മുര്‍ഷിദാബാദ് സ്വദേശിയായ 30 വയസ്സുകാരനാണ് ചാക്കുകൊണ്ട് മേലാസകലം മൂടി പാടശേഖരത്തിനു സമീപം കിടന്ന് മയങ്ങിപ്പോയത്. പൊല്ലാപ്പായെങ്കിലും 'കൊലപാതകമോ അജ്ഞാത ബോഡിയോ' അല്ലെന്നുള്ള ആശ്വാസത്തില്‍ യുവാവിനെ ഉപദേശിച്ച് പറഞ്ഞുവിട്ടശേഷം പോലീസ് മടങ്ങി.