മലയാളി പെണ്‍കുട്ടിയെ കുഴിച്ചിട്ട സ്ഥലത്ത് ഇപ്പോള്‍ പാറകള്‍ നിറഞ്ഞിരിക്കുന്നു; 13-ാം പോയന്റില്‍ മാത്രം എഴുപതിലധികം മൃതദേഹം കുഴിച്ചിട്ടു; വെളിപ്പെടുത്തല്‍ തുടര്‍ന്ന് ശുചീകരണ തൊഴിലാളി; എല്ലാം നിര്‍ത്താന്‍ കര്‍ണ്ണാടക പോലീസും; നടക്കുന്നത് നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമോ? ഡികെയും നിലപാട് പറഞ്ഞു; ധര്‍മ്മസ്ഥലയില്‍ അന്വേഷണം തീര്‍ന്നേക്കും
ബെംഗളൂരു: ധര്‍മസ്ഥലയില്‍ അന്വേഷണം അവസാനിപ്പിക്കുമെന്ന് സൂചനകള്‍. ധര്‍മ്മസ്ഥലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തുന്ന തിരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന സജീവമാണ്. തിരച്ചിലിനെ സംബന്ധിച്ച് തിങ്കളാഴ്ച നിയമസഭയില്‍ പ്രസ്താവന നടത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍നിന്ന് പിന്‍മാറാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. വെളിപ്പെടുത്തലിന്റെപേരില്‍ എസ്ഐടി രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനെതിരേ കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജനാര്‍ദന പൂജാരി കഴിഞ്ഞദിവസം ഇതിന്റെ പേരില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും അന്വേഷണത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.
ധര്‍മസ്ഥലയില്‍ നടക്കുന്ന പരിശോധനയില്‍ എതിര്‍പ്പുമായി ബിജെപി രംഗത്തെത്തിയിരുന്നു. ധര്‍മസ്ഥലയെ ദുഷിപ്പിക്കാന്‍ സംഘടിതമായി ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആരോപിച്ചു. ബിജെപി എംഎല്‍എമാരും നേതാക്കളും ഞായറാഴ്ച ധര്‍മസ്ഥല സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ധര്‍മസ്ഥല ക്ഷേത്രഭക്തരും പ്രതിഷേധവുമായിറങ്ങി. ചിക്കമഗളൂരു, കൊപ്പാള്‍, യാദ്ഗിര്‍, മൈസൂരു, കലബുറഗി എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. ഇതോടെ, സര്‍ക്കാര്‍ സമ്മര്‍ദത്തിലായി എന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ ധര്‍മസ്ഥലയില്‍ മലയാളി യുവതിയുടെ മൃതദേഹവും താന്‍ കുഴിച്ചിട്ടതായി ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചകളിലുണ്ട്. ബാഹുബലിക്കുന്നിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശുചീകരണത്തൊഴിലാളി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം മണ്ണുനീക്കി പരിശോധന നടത്തുന്നതിനിടെയാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നത്. അതേ സമയം അയല്‍വാസിക്കൊപ്പം ധര്‍മസ്ഥല ക്ഷേത്രദര്‍ശനത്തിന് പോയ സഹോദരിയെ കാണാതായതായി രണ്ടുപേര്‍ പ്രത്യേക അന്വേഷണസംഘത്തിന് പരാതി നല്‍കുകയും ചെയ്തു. ബണ്ട്വാള്‍ കവല്‍മുഡൂര്‍ സ്വദേശി നിതിന്‍, നിതേഷ് എന്നിവരാണ് പരാതി നല്‍കിയത്. 2015-ല്‍ ഇവരുടെ സഹോദരി ഹേമവതി (17) അയല്‍വാസിയായ സ്ത്രീക്കൊപ്പം ധര്‍മസ്ഥല ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ അവിടെവെച്ച് കാണാതായി എന്നാണ് പരാതി. പരാതി സ്വീകരിക്കാന്‍ ധര്‍മസ്ഥല പോലീസ് തയ്യാറായില്ലെന്നും സഹോദരങ്ങള്‍ പറഞ്ഞു. ഇതിനിടെയാണ് പരിശോധന അടക്കം നിര്‍ത്താനുള്ള തീരുമാനം.
ധര്‍മസ്ഥലയില്‍ നൂറോളം സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രതികരിച്ചിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തെ കളങ്കപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. മതവിശ്വാസത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു മതവികാരവും വ്രണപ്പെടുത്താന്‍ പാടില്ലെന്നും അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ശിവകുമാര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ ക്ഷേത്രത്തെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് വെളിപ്പെടുത്തലിന് പിന്നിലുള്ളത്. മുഖം മറച്ചുകൊണ്ട് ഒരാള്‍ കോടതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ നടത്തിയ പരിശോധനകളില്‍ കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ല. ധര്‍മസ്ഥലയടക്കം ഒരു തീര്‍ഥാടനകേന്ദ്രത്തിന്റെയും ശ്രേഷ്ഠതയെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെയാണ് മലയാളി പെണ്‍കുട്ടിയുടെ മൃതദേഹവും താന്‍ മറവ് ചെയ്തതായി ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണതൊഴിലാളി വെളിപ്പെടുത്തിയത്. എഴുന്നൂറിലധികം മൃതദേഹം മറവുചെയ്തതായും അതിലൊന്ന് 15 വയസ്സുള്ള മലയാളി പെണ്‍കുട്ടിയാണെന്നും വെളിപ്പെടുത്തിയത്. മലയാളി പെണ്‍കുട്ടിയെ കുഴിച്ചിട്ട സ്ഥലത്ത് ഇപ്പോള്‍ പാറകള്‍ നിറഞ്ഞിരിക്കുകയാണ്. നാലടി ഉയരത്തില്‍ കല്ലും മണ്ണുമിട്ട് പൊക്കി. ഭൂപ്രകൃതിയില്‍ വലിയ മാറ്റം വരുത്തി. അതിനിടയില്‍ കുന്നിടിഞ്ഞു, വലിയ മഴയും വെള്ളപ്പൊക്കവുമുണ്ടായി. താന്‍ അന്വേഷക സംഘത്തിന് കാട്ടിക്കൊടുത്ത 13ാം പോയന്റില്‍ മാത്രം എഴുപതിലധികം മൃതദേഹം കുഴിച്ചിട്ടു. ഇപ്പോള്‍ അവിടെ കാടുമൂടി മനസ്സിലാകാത്ത അവസ്ഥയാണ്. ചത്ത നായയെ കുഴിച്ചിടുന്നതു പോലെയായിരുന്നു മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. കുഴിയെടുക്കാന്‍ കഴിയുന്ന എവിടേയും മൃതദേഹം മറവുചെയ്തു. താന്‍ അവിടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടവരുണ്ടെന്നും അയാള്‍ പറയുന്നു.
അവരില്‍നിന്ന് താന്‍ വെള്ളം വാങ്ങിക്കുടിച്ചതായി അവര്‍ തന്നെ എസ്ഐടിയില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. തന്റെ തുറന്നുപറച്ചിലിനെ വിമര്‍ശിക്കുന്നവര്‍ അല്‍പംകൂടി കാത്തിരിക്കണം. കൂടുതല്‍ മനുഷ്യ അസ്ഥികള്‍ ലഭിക്കുമെന്ന് ഉറപ്പുണ്ട്. മൃതദേഹം കുഴിച്ചിടാന്‍ പറഞ്ഞത്, പഞ്ചായത്ത് അധികൃതരല്ല. തനിക്ക് ശമ്പളം തന്നത് ധര്‍മസ്ഥല ക്ഷേത്രം അധികൃതരാണ്. പട്ടിക ജാതി വിഭാഗക്കാരനായ താന്‍ 1998ലാണ് ധര്‍മസ്ഥലയില്‍ ജ്യേഷ്ഠനൊപ്പം തൂപ്പുജോലിക്ക് ചേര്‍ന്നത് എന്നും ഇയാള്‍ വെളിപ്പെടുത്തി. കോടതിയില്‍ ഇയാള്‍ നല്‍കിയ രഹസ്യമൊഴിക്ക് സമാനമായ പ്രതികരണമാണ് ഇപ്പോള്‍ നല്‍കിയതും.